മറ്റൊരാളെ സന്തോഷിപ്പിക്കുന്നത് പാപമോചനം നേടിത്തരുമെന്നാണ് നബി(സ) പഠിപ്പിച്ചത്. വേറെയൊരു സന്ദര്‍ഭത്തില്‍, പടപ്പുകളോടുള്ള നല്ല സംസാരം പടച്ചവന്‍ പാപമോചനം നല്‍കാനുള്ള അടിസ്ഥാന കാരണങ്ങളിലൊന്നാണ് എന്നും പറയുന്നുണ്ട്. ഓര്‍ത്തു നോക്കൂ, ഇന്നലെ വരെ, കഴിഞ്ഞ ഒരു മാസത്തോളം നാം ഏറ്റവും കൂടുതല്‍ അല്ലാഹുവിനോട് ചോദിച്ചു കൊണ്ടേയിരുന്ന കാര്യമേതായിരുന്നു? നമ്മില്‍ നിന്ന് സംഭവിച്ചുപോയ വീഴ്ചകളും തെറ്റുകുറ്റങ്ങളും പടച്ചവന്‍ പൊറുത്തു തരാനായിരുന്നു. ആ പ്രാര്‍ഥനയെ എങ്ങനെ പ്രവര്‍ത്തനത്തിലേക്ക് മാറ്റാം എന്നതാണ് മേല്‍പ്പറഞ്ഞ തിരുവചനങ്ങള്‍ കാണിച്ചു തരുന്നത്. നമ്മുടെ വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തിന്റെ അടിസ്ഥാനമാകേണ്ടുന്ന രണ്ട് മൂല്യങ്ങളാണവ. മറ്റുള്ളവരെ സന്തോഷിപ്പിക്കുക, സര്‍വരോടും നല്ല രൂപത്തില്‍ സംസാരിക്കുക എന്നത്.പെരുന്നാളിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്താണ്? അത് ആനന്ദത്തെ ആഘോഷിക്കുന്നു എന്നതാണല്ലോ. എല്ലാവരും സന്തോഷിക്കുകയും പരമാവധി തന്റെ വീട്ടുകാര്‍, അകലങ്ങളിലും അടുപ്പങ്ങളിലുമുള്ള കുടുംബാദികള്‍, സുഹൃത്തുക്കള്‍ തുടങ്ങി ചുറ്റുമുള്ളവരെയെല്ലാം സന്തോഷിപ്പിക്കുകയും ചെയ്യുന്നു. ഭക്ഷണം നല്‍കിയും ഒരുമിച്ചു സമയം പങ്കിട്ടും യാത്ര ചെയ്തും പരസ്പരം സന്ദര്‍ശിച്ചുമെല്ലാം നാമെല്ലാം ഈ മഹാ സന്തോഷത്തില്‍ ഭാഗമാകുന്നു. പെരുന്നാളിന് സങ്കടം പാടില്ല. നമുക്കെന്നല്ല ആര്‍ക്കും. മുത്തുനബി(സ)ക്കും പെരുന്നാളിന് ആരെങ്കിലും സങ്കടപ്പെടുന്നത് സഹിക്കാന്‍ കഴിയില്ലായിരുന്നു. അല്ലാഹു സന്തോഷത്തിനായി ഏകിയ ദിവസങ്ങളെ നാം അത്തരത്തില്‍ തന്നെ പരിഗണിച്ചു കൊണ്ടാണ് ബഹുമാനിക്കേണ്ടത് എന്ന് പറയേണ്ടതില്ലല്ലോ.പറഞ്ഞു വരുന്നത്, ഈ സുദിനം നാം മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ കൂടി സമയം കണ്ടെത്തേണ്ടതുണ്ട് എന്നതാണ്. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഇന്ന് നമ്മുടെ നാടുകളിലൊക്കെ എല്ലാവരും ഭക്ഷണം കഴിക്കുന്നുണ്ട് എന്ന് നാം ഉറപ്പുവരുത്താറുണ്ട്. കൂടപ്പിറപ്പുകളോടുള്ള നമ്മുടെ സ്നേഹവും കരുതലുമാണിത് കാണിക്കുന്നത്. എന്നാല്‍ ഭക്ഷണം പോലെ തന്നെ, ഒരുപക്ഷേ പലപ്പോഴും അതിലുപരി ഒരു മനുഷ്യന് ആവശ്യമുള്ള കാര്യമാണ് മാനസികമായ സന്തോഷം എന്നത്. നമ്മില്‍ എത്രപേര്‍ നമുക്ക് ചുറ്റുമുള്ളവര്‍, വീടിനകത്തോ പുറത്തോ അയല്‍പ്പക്കത്തോ അപ്പുറത്തോ ആകട്ടെ, ഈ ദിവസത്തില്‍ സന്തോഷിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താറുണ്ട്. പലവിധ വേദനകളാല്‍ ഉള്ളം പിടയുന്ന ആരെങ്കിലും നമ്മുടെ കണ്‍വെട്ടത്തുണ്ടോ എന്ന് നാം നോക്കേണ്ടതില്ലേ. പല കാരണങ്ങളാല്‍ ദുഃഖിതരായിരിക്കുന്ന സുഹൃത്തുക്കളും സഹോദരങ്ങളും നമുക്ക് ചുറ്റുമുണ്ടാകാം. അവരെ സന്തോഷിപ്പിക്കാനും സമാശ്വസിപ്പിക്കാനും കൂടിയാകണം നമ്മുടെ ഈ പെരുന്നാള്‍.ഇത്തരത്തില്‍, നമ്മുടെ സഹജീവികളുടെ ഭൗതിക ആവശ്യങ്ങളില്‍ മാത്രമല്ല, മാനസികമായ ആനന്ദത്തെ കൂടി പരിഗണിക്കണം. അതിനു വേണ്ട പരിഹാരങ്ങള്‍ ചെയ്യുക എന്നത് ഒരര്‍ഥത്തില്‍ വിശുദ്ധ റമസാനിന്റെ തുടര്‍ച്ച കൂടിയാണ്. റമസാന്‍ കേവലം ഒറ്റയ്ക്കു നില്‍ക്കുന്ന ഒരു ആത്മവിശുദ്ധിക്കാലമല്ല. ഭാവിയിലേക്ക് നമ്മുടെ സ്വഭാവത്തെയും പടച്ചവനും പടപ്പുകളുമായുമുള്ള നമ്മുടെ ഇടപാടുകളെയും രൂപവത്കരിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഒരു സമയമാണത്. അഥവാ റമസാന് തുടര്‍ച്ചകളുണ്ടാകേണ്ടതുണ്ട്, അപ്പോഴാണ് നമ്മുടെ പ്രവൃത്തികള്‍ അര്‍ഥപൂര്‍ണമാകുന്നത്. പറഞ്ഞല്ലോ, കഴിഞ്ഞ ഒരു മാസം നാം ചോദിച്ച പ്രാര്‍ഥനയുടെ പ്രവൃത്തിരൂപമാണ് മറ്റുള്ളവരെ സന്തോഷിപ്പിക്കുക, അവരുടെ സങ്കടങ്ങളകറ്റുക എന്നത്. ഒരാളുടെയും പ്രയാസങ്ങളെ നിരാകരിച്ചോ നിഷേധിച്ചോ കൊണ്ടാകരുത് നമ്മുടെ സമാശ്വാസപ്പെടുത്തലുകള്‍. അത് മനുഷ്യരുടെ വേദനക്ക് ആഴം കൂട്ടുകയേയുള്ളൂ. അവരെ കേള്‍ക്കാനും അവരോട് നല്ല വാക്ക് പറയാനും കൂടെയുണ്ടെന്ന ഉറപ്പും പ്രത്യാശയും നല്‍കാനും നമുക്കാകണം. താന്‍ ഒറ്റയ്ക്കല്ലെന്ന് ഓരോരുത്തര്‍ക്കും തോന്നണം. ആളോഹരി സാമ്പത്തിക സൂചിക പോലെ ആളോഹരി ആനന്ദ സൂചിക എന്നൊരു ആശയം ഈയിടെയായി കേട്ടുവരാറുണ്ട്. എല്ലാവരും സന്തോഷിക്കേണ്ടതുണ്ട്്. പ്രയാസങ്ങളിലും മറ്റും കൂടെനില്‍ക്കാനാളുണ്ട് എന്ന് അവര്‍ക്ക് പ്രതീക്ഷയുണ്ടാകേണ്ടതുണ്ട്്. അപ്പോള്‍ മാത്രമേ കെട്ടുറപ്പുള്ള ഒരു സമൂഹമായി നമുക്ക് മാറാനാകൂ.ഉപരിസൂചിത തിരുഅധ്യാപനങ്ങളിലെ മറ്റൊരു ഭാഗം, നല്ല സംസാരമാണ്. പലപ്പോഴും നമ്മില്‍ നിന്ന് വീണുപോകുന്ന വാക്കുകളാണ് പലരുടെയും ഹൃദയം മുറിക്കുന്നത്. കേവലം ഒരു വാക്കിന് ഒരാളുടെ സന്തോഷത്തെ തടഞ്ഞുവെക്കാനാകും എന്ന് പറയേണ്ടതില്ലല്ലോ. നമ്മുടെ സംസാരവും മറ്റൊരാളുടെ സന്തോഷവും എപ്പോഴും കെട്ടുപിണഞ്ഞാണ് ഇരിക്കുന്നതെന്ന് സദാ ബോധവാന്മാരാകുക. നമ്മുടെ നാവ് മറ്റൊരാളെ മുറിപ്പെടുത്തില്ലെന്ന് തീരുമാനിക്കുകയും അത് പാലിക്കുകയും ചെയ്യുക. ഇതിലൂടെ അറിഞ്ഞോ അറിയാതെയോ നമുക്ക് ചുറ്റുമുള്ളവരെ അവര്‍ക്ക് അര്‍ഹതപ്പെട്ട ആനന്ദത്തില്‍ നിന്ന് തടയുന്നില്ലെന്ന് ഉറപ്പാക്കാനാകും. നാം തുടക്കത്തില്‍ പറഞ്ഞ രണ്ട് ഹദീസുകള്‍ ചേര്‍ത്തു വായിക്കുന്നതിലൂടെ വലിയൊരു ജീവിത തത്ത്വമാണ് അനാവരണമാകുന്നത്. അതിനെയിങ്ങനെ ചുരുക്കാം നമുക്ക്: മറ്റുള്ളവരെ സന്തോഷിപ്പിക്കുക, ഒരാളുടെയും സന്തോഷത്തെ ഹനിക്കാതിരിക്കുക. വിശ്വാസികള്‍ക്ക് ഇത് പ്രത്യേകിച്ചും വളരെ പ്രധാനമാണ്. കാരണം പാപമോചനത്തിനുള്ള കേവലമൊരു മാര്‍ഗമെന്നല്ല, അത് നേടിത്തരികയും അതിന് കാരണമാകുകയും ചെയ്യുന്നവ എന്നാണല്ലോ തിരുദൂതര്‍ ഈ മൂല്യങ്ങളെ പരിചയപ്പെടുത്തിയത്.അല്ലാഹുവിന്റെ വിവേക വൈഭവം നിങ്ങളൊന്നു നോക്കൂ. നമുക്ക് പാപങ്ങള്‍ പൊറുത്തു തരാനും അത് ചോദിച്ചുവാങ്ങാനുമായി ഒരു മാസം മുഴുക്കെ തന്നു. ശേഷം നമുക്ക് പാപമോചനം വാങ്ങിത്തരുന്ന സംഗതികളെ ആഘോഷിക്കാന്‍ ഒരു സുദിനം നല്‍കി. ആ ദിവസം നോമ്പെടുത്ത് ബുദ്ധിമുട്ടേണ്ടയെന്ന് പോലും സ്നേഹപൂര്‍വം താക്കീത് ചെയ്തു. ഇത്രയുമായിട്ടും നമുക്ക് ആ മൂല്യങ്ങളെ ജീവിതത്തില്‍ സദാ പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നില്ലെങ്കില്‍ നാം ഗൗരവമായി അതിനെ കുറിച്ച് ചിന്തിക്കേണ്ടതില്ലേ. റമസാനില്‍ നാം ഉണ്ടാക്കിയെടുത്ത ഭക്തിയും സൂക്ഷ്മതയും ആരാധനാ ശീലങ്ങളുമെല്ലാം നാം ശേഷവും തുടരേണ്ടതുണ്ട് എന്ന് തീര്‍ച്ച. അതിന്റെ പ്രാധാന്യവും നമുക്കറിയാം. കൂട്ടത്തില്‍ അതേ പ്രാധാന്യത്തോടെ, അല്ലാഹുവും റസൂലും നമ്മെ പഠിപ്പിക്കുകയും ശീലിപ്പിക്കുകയും വലിയ പ്രതിഫലങ്ങള്‍ വാഗ്ദാനം ചെയ്ത് ആകര്‍ഷിക്കുകയും ചെയ്ത ഈ മനോഹരമായ മൂല്യങ്ങളെക്കൂടി നാം കണക്കിലെടുക്കേണ്ടതുണ്ട് എന്ന്.ചുരുക്കത്തില്‍, ഈ പെരുന്നാളിനും ശേഷവുമെല്ലാം, എല്ലാവരും ഭക്ഷണം കഴിക്കുന്നുണ്ട് എന്ന് നാം ഉറപ്പുവരുത്തുന്ന പോലെത്തന്നെ എല്ലാവരും സന്തോഷിക്കുന്നുണ്ട് എന്നും ഉറപ്പുവരുത്തുക. മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തുക. വലിയൊരു ആരാധനാ കര്‍മം കൂടിയാണത്. ഭേദങ്ങളില്ലാതെ, എല്ലാവരോടും ഏത് സമയത്തും നമുക്ക് ചെയ്യാനാവുന്ന ഒരു മഹാകര്‍മം. നമുക്കെത്തിപ്പെടാനാകാത്ത മനുഷ്യരുടെ സങ്കടങ്ങളില്‍ നാം പ്രാര്‍ഥന കൊണ്ട് കണ്ണീരൊപ്പുക. പ്രത്യേകിച്ചും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിനാശകരമായ യുദ്ധങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നു. നമ്മുടെ സഹജീവികള്‍ മരിച്ചു വീഴുന്നു. നിരപരാധികള്‍ പല നാടുകളിലും ജയിലുകളില്‍ കഴിയുന്നു. അവരുടെയൊക്കെ സന്തോഷങ്ങളിലേക്ക് ഈ ആഘോഷ സുദിനത്തിലെ നമ്മുടെ സംഭാവനയെന്നത് നമ്മുടെ അകം തട്ടിയുള്ള പ്രാര്‍ഥനകളാണ്. പടച്ച തമ്പുരാന്‍ എല്ലാവര്‍ക്കും എല്ലാ വിധ പ്രയാസങ്ങളില്‍ നിന്നും വിടുതി നല്‍കട്ടെ. ഈ ദിവസത്തിന്റെ സന്തോഷം എല്ലാവരിലേക്കും വ്യാപിപ്പിക്കട്ടെ. പ്രിയ സുഹൃത്തുക്കള്‍ക്ക് സന്തോഷത്തിന്റെ പെരുന്നാള്‍ ആശംസകള്‍.