ശിക്ഷാമുറികളാകരുത് വിദ്യാലയങ്ങള്‍

Wait 5 sec.

അറിവും മൂല്യങ്ങളും നല്‍കി കുട്ടികളെ നല്ല പൗരന്മാരാക്കി വാര്‍ത്തെടുക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. സൗഹൃദപരവും ഭയരഹിതവുമായ അന്തരീക്ഷത്തിലാണ് ഇത് നടക്കേണ്ടതെന്ന് വിദ്യാഭ്യാസ വിചക്ഷണരും മനോവിദഗ്ധരും ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഈ അടിസ്ഥാന ലക്ഷ്യത്തിന് നിരക്കാത്തതാണ് സമീപ കാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റിപോര്‍ട്ട് ചെയ്യപ്പെടുന്ന സംഭവങ്ങള്‍. ക്ലാസ്സിലെത്താന്‍ രണ്ട് മിനുട്ട് വൈകിയതിന് ബെംഗളൂരു യലഹങ്കയിലെ സ്‌കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യാര്‍ഥിയെ രണ്ട് മണിക്കൂര്‍ പൊരിവെയിലത്ത് നിര്‍ത്തിയതും കണക്കിലെ ഉത്തരം തെറ്റിയതിന് മഹാരാഷ്ട്ര നാഗ്പൂര്‍ ജില്ലയിലെ കലാലയത്തില്‍ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥിനിക്ക് അധ്യാപികയുടെ ക്രൂര മര്‍ദനമേല്‍ക്കേണ്ടി വന്നതും ഈ ഗണത്തിലെ ഏറ്റവും പുതിയ ഉദാഹരണങ്ങളാണ്. ഒരാഴ്ചക്കിടെയാണ് രണ്ട് സംഭവങ്ങളും.ക്ലാസ്സില്‍ സംസാരിച്ചതിന് കുട്ടിയുടെ വായ പ്ലാസ്റ്റര്‍ വെച്ച് ഒട്ടിക്കുക, ഹോം വര്‍ക്ക് ചെയ്യാത്തതിന് മര്‍ദനം, ഉത്തരം പറയാത്തതിന് ക്ലാസ്സിന് പുറത്തു നിര്‍ത്തല്‍, പൊതുവേദിയില്‍ പരസ്യമായി അപമാനിക്കല്‍, ഉച്ചക്ക് ഭക്ഷണത്തിനെത്താന്‍ അല്‍പ്പം വൈകിയതിന് പീഡനം തുടങ്ങി സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ ഏല്‍ക്കേണ്ടി വരുന്ന കൊടിയ പീഡനങ്ങളും മര്‍ദനങ്ങളും ഇടക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റിപോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. വിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യതയെ തകര്‍ക്കുന്നതും വിദ്യാര്‍ഥിയുടെ ഭാവിയെ ഗുരുതരമായി ബാധിക്കുന്നതുമാണ് ഇത്തരം ശിക്ഷാമുറകള്‍. കുട്ടിയുടെ സര്‍ഗാത്മകതയും ആത്മവിശ്വാസവും തകരാന്‍ ഇതിടയാക്കിയേക്കും.സമൂഹം ആദരം കല്‍പ്പിക്കുന്നതാണ് അധ്യാപക പദവി. ഗുരുവെന്നാണ് അധ്യാപകനെ വിശേഷിപ്പിക്കുക. അജ്ഞതയുടെ ഇരുട്ടിനെ അകറ്റി ജ്ഞാനത്തിന്റെ വെളിച്ചം പകര്‍ന്ന്, ശിഷ്യന്റെ ജീവിതത്തില്‍ അറിവും ദിശാബോധവും നല്‍കുന്ന വ്യക്തിയെന്നാണ് ഈ വാക്കിന്റെ വിവക്ഷ. വിദ്യാര്‍ഥികളുടെ വഴികാട്ടിയും സുഹൃത്തുമാകണം അധ്യാപകന്‍. കുട്ടികള്‍ ചെയ്യുന്ന തെറ്റുകളെ സ്‌നേഹപൂര്‍വം തിരുത്തുകയും അവരുടെ സാഹചര്യം മനസ്സിലാക്കി പെരുമാറുകയുമാണ് അധ്യാപകന്‍ ചെയ്യേണ്ടത്. ഗതാഗത പ്രശ്‌നം, വീട്ടിലെ സാഹചര്യം, മാതാപിതാക്കളുടെ ജോലി തുടങ്ങി ചില കുട്ടികള്‍ ക്ലാസ്സിലെത്താന്‍ വൈകുന്നതിന്റെ കാരണങ്ങള്‍ പലതായിരിക്കാം. വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്നാണ് ഓരോ കുട്ടിയും വരുന്നത്. കുട്ടികളോട് സൗഹൃദരൂപേണ ചോദിച്ചും രക്ഷിതാക്കളുമായി ബന്ധപ്പെട്ടും കാര്യങ്ങള്‍ മനസ്സിലാക്കി അത് പരിഹരിക്കാനുള്ള ശ്രമങ്ങളാണ് അധ്യാപകന്റെ ഭാഗത്ത് നിന്നുണ്ടാകേണ്ടത്.രണ്ട് മണിക്കൂര്‍ പൊരിവെയിലത്ത് നില്‍ക്കുകയെന്നത് മുതിര്‍ന്ന വ്യക്തികള്‍ക്ക് പോലും താങ്ങാനാകുന്നതല്ല. നിര്‍ജലീകരണം, സൂര്യാഘാതം തുടങ്ങി ശാരീരിക പ്രശ്‌നങ്ങള്‍ക്കു പുറമെ ഇത് കുട്ടികളില്‍ മാനസിക ആഘാതവും ഏല്‍പ്പിക്കും. കുട്ടികളെ ഭയചകിതരാക്കിയല്ല, സ്‌നേഹത്തിന്റെ ഭാഷയിലുള്ള പഠനരീതിയാണ് കൂടുതല്‍ ഫലപ്രദമെന്ന് പഠനങ്ങള്‍ പറയുന്നു. കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കാതെ എന്തെങ്കിലും ധാരണ വെച്ചുള്ള കഠിനശിക്ഷ അധ്യാപകന്റെ ഉത്തരവാദിത്വ ബോധത്തോട് പൊരുത്തപ്പെടുന്നതല്ല. ചെറുപ്രായത്തിലുള്ള കുട്ടികളോട് കൊടിയ ക്രൂരത കാണിക്കുന്നതിലൂടെ എന്ത് ദിശാബോധമാണ് അധ്യാപകന്‍ നല്‍കുന്നത്?വിദ്യാര്‍ഥികളെ ശാരീരികമായി ശിക്ഷിക്കുന്നതിനെക്കുറിച്ച് മനശ്ശാസ്ത്രജ്ഞര്‍ക്കിടയിലും നിയമജ്ഞര്‍ക്കിടയിലും രണ്ട് അഭിപ്രായമുണ്ടെങ്കിലും ഇന്ത്യയില്‍ അത് നിയമം മുഖേന നിരോധിച്ചതാണ്. സ്‌കൂളില്‍ ശാരീരിക ശിക്ഷയും മാനസിക പീഡനവും അരുതെന്ന് 2009ല്‍ പ്രാബല്യത്തില്‍ വന്ന വിദ്യാഭ്യാസ അവകാശ നിയമത്തില്‍ വ്യക്തമായി പറയുന്നു. ഇത്തരം ശിക്ഷാമുറകള്‍ വിലക്കി ബാലാവകാശ സംരക്ഷണ കമ്മീഷനും ഉത്തരവിറക്കിയിട്ടുണ്ട്. സുപ്രീം കോടതിയുടെ പല വിധിന്യായങ്ങളിലും കുട്ടികളുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതും ശാരീരികമായും മാനസികമായും ക്ഷതമേല്‍പ്പിക്കുന്നതുമായ ശിക്ഷാമുറകള്‍ പാടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.അറിവിന്റെ കവാടങ്ങള്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുന്ന ആധുനിക യുഗത്തില്‍ നിയമപരമായ ഇത്തരം വശങ്ങളെക്കുറിച്ച് അധ്യാപകര്‍ അജ്ഞരല്ല. എങ്കിലും കടുത്ത ശിക്ഷാമുറകള്‍ പ്രയോഗിച്ചെങ്കിലേ കുട്ടികള്‍ പഠിക്കുകയും അച്ചടക്കം പാലിക്കുകയും ചെയ്യുകയുള്ളൂവെന്ന ധാരണ വെച്ചുപുലര്‍ത്തുന്നവരാണ് അധ്യാപകരില്‍ നല്ലൊരു പങ്കും. അധ്യാപകര്‍ അനുഭവിക്കുന്ന വ്യക്തിപരമായ പ്രശ്‌നങ്ങളും ജോലിഭാരത്തിന്റെ മാനസികാഘാതവും വിദ്യാര്‍ഥികളുടെ മേല്‍ പ്രയോഗിക്കുന്ന പ്രവണതയുമുണ്ട്. അധ്യാപകര്‍ക്ക് കൗണ്‍സലിംഗും സൈക്കോളജി ട്രെയിനിംഗും നല്‍കേണ്ടതിന്റെ അനിവാര്യതയിലേക്കാണ് ഇത്തരം സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. കൃത്യമായ ഇടവേളകളില്‍ ആവര്‍ത്തിക്കുകയും വേണം പരിശീലനം. കുട്ടികളുടെ മനശ്ശാസ്ത്രം മനസ്സിലാക്കിയവരായിരിക്കണം അധ്യാപക മേഖലയില്‍ പ്രവര്‍ത്തിക്കേണ്ടത്.ഭയത്തിന്റെയും ശിക്ഷയുടെയും ഇടങ്ങളാകാതെ സ്‌നേഹത്തിന്റെയും സഹാനുഭൂതിയുടെയും കേന്ദ്രങ്ങളായി മാറണം വിദ്യാലയങ്ങള്‍. കുട്ടികളുടെ അവകാശങ്ങളും മാനസിക സുരക്ഷയും ഉറപ്പ് വരുത്തേണ്ടത് അധ്യാപകരുടെ കൂടി ബാധ്യതയാണ്. ഭാവിയുടെ വാഗ്ദാനങ്ങളാണ് കുട്ടികളെന്ന് ആവര്‍ത്തിച്ചു പറയുന്ന ഭരണകര്‍ത്താക്കള്‍, വിദ്യാര്‍ഥികള്‍ അതിനനുസൃതമായി വളര്‍ന്നു വരുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കേണ്ടതുണ്ട്. ഭയത്തിനും ആശങ്കക്കും പകരം പ്രതീക്ഷയും ആത്മവിശ്വാസവും വളര്‍ന്നു വരുന്ന അന്തരീക്ഷമായിരിക്കണം ക്ലാസ്സ് മുറിയില്‍. വിദ്യാര്‍ഥികള്‍ക്കെതിരെ അതിക്രമങ്ങള്‍ നടന്നാല്‍ കുട്ടിക്കും രക്ഷിതാക്കള്‍ക്കും ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളില്‍ അതറിയിക്കാന്‍ സുരക്ഷിത സംവിധാനങ്ങളും ആവശ്യമാണ്. ഇതിന്റെ പേരില്‍ കുട്ടിയുടെ പഠനം മുടങ്ങുകയോ തടസ്സപ്പെടുകയോ ചെയ്യുന്ന സാഹചര്യമുണ്ടാകരുത്.