ഡോക്ടര്‍ വന്ദനദാസ് വധക്കേസില്‍ വിധി ഇന്ന്

Wait 5 sec.

കൊല്ലം| കൊട്ടാരക്കരയിലെ ഡോക്ടര്‍ വന്ദനദാസ് വധക്കേസില്‍ വിധി ഇന്ന്. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. കുടവട്ടൂര്‍ സ്വദേശി സന്ദീപ് ആണ് കേസിലെ ഏക പ്രതി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ വന്ദനാദാസിനെ പ്രതി സന്ദീപ് ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൂന്ന് വര്‍ഷം നീണ്ട കോടതി നടപടികള്‍ക്ക് ഒടുവിലാണ് വിധി. കേസില്‍ എഴുപതിലധികം സാക്ഷികളെ വിസ്തരിച്ചു. 22 തൊണ്ടി മുതലുകളും 207 രേഖകളും ഹാജരാക്കി.2023 മെയ് 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ സന്ദീപിനെ പൂയപ്പള്ളി പോലീസ് വൈദ്യ പരിശോധനയ്ക്കായി എത്തിച്ചത്. ഡ്രസിങ് റൂമില്‍ വെച്ച് മുറിവ് കെട്ടുന്നതിനിടെ അക്രമാസക്തനായ പ്രതി അവിടെയുണ്ടായിരുന്ന സര്‍ജിക്കല്‍ കത്രിക കൈക്കലാക്കി പോലീസുകാരെയും കൂടെ വന്നയാളെയും ആക്രമിച്ചു. മറ്റുള്ളവര്‍ ഓടി മാറിയപ്പോള്‍ ആശുപത്രിയിലെ ഹൗസ് സര്‍ജനായിരുന്ന ഡോ. വന്ദനദാസിന് രക്ഷപ്പെടാനായില്ല. പ്രതി വന്ദനയെ തടഞ്ഞ് നിര്‍ത്തി നെഞ്ചിലും മുതുകിലും കഴുത്തിലുമായി പലതവണ കുത്തി പരിക്കേല്‍പ്പിച്ചു. വൈകാതെ വന്ദനയുടെ മരണം സംഭവിച്ചു. പ്രതി സന്ദീപിന് മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് വൈദ്യ പരിശോധനയില്‍ തെളിഞ്ഞിരുന്നു. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ് ജി. പടിക്കലാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.