കണ്ണൂര്‍ | തളിപ്പറമ്പിലെ യു ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന, സി പി എം പുറത്താക്കിയ ടി കെ ഗോവിന്ദന്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരനുമായി കൂടിക്കാഴ്ച നടത്തി. കെ സുധാകരന്‍ സമുന്നതനായ നേതാവാണെന്ന് ടി കെ ഗോവിന്ദന്‍ പറഞ്ഞു.ഇന്ന് ഉച്ചയ്ക്കാണ് കെ സുധാകരനെ അദ്ദേഹത്തിന്റെ നടാലിലെ വീട്ടിലെത്തി ടി കെ ഗോവിന്ദന്‍ കണ്ടത്. അദ്ദേഹത്തിന് കെ സുധാകരന്‍ പിന്തുണ വാഗ്ദാനം ചെയ്തു. തളിപ്പറമ്പില്‍ വിജയിക്കാനായി എന്തുവേണമെങ്കിലും ചെയ്യാമെന്ന് കെ സുധാകരന്‍ അദ്ദേഹത്തിന് ഉറപ്പ് നല്‍കുകയും ചെയ്തു.തളിപ്പറമ്പില്‍ ടി കെ ഗോവിന്ദനെ പിന്തുണക്കാനുള്ള തീരുമാനത്തിനെതിരെ വിമത നീക്കം ശക്തമായ സാഹചര്യത്തിലായിരുന്നു സന്ദര്‍ശനം. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യം ഉയര്‍ത്തിയാണ് വലിയൊരു വിഭാഗം രംഗത്തിറങ്ങിയത്. നാളെ യൂത്ത് കോണ്‍ഗ്രസ് അടിയന്തിര നിയോജക മണ്ഡലം കമ്മിറ്റി ചേരുന്നുണ്ട്.തളിപ്പറമ്പില്‍ ടി കെ ഗോവിന്ദന് വേണ്ടി കെ സുധാകരന്‍ പ്രചാരണത്തിന് ഇറങ്ങും. യു ഡി എഫ് ടി കെ ഗോവിന്ദന് പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ കൂടി തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പിന്തുണ വാഗ്ദാനം ചെയ്തത്. ഇതേതുടര്‍ന്നാണ് കോണ്‍ഗ്രസ് അവിടെ സ്ഥാനാര്‍ഥിയെ നിര്‍ത്താത്തത്. മറ്റന്നാള്‍ മുതല്‍ യു ഡി എഫ് സ്ഥാനാര്‍ഥികള്‍ക്കായി കെ സുധാകരന്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങും.