വർ​ഗ വഞ്ചകരെ ഒറ്റുകാരെ കണ്ണൂരിന്റെ സമരപൈതൃകം അറിയാത്ത നിങ്ങൾക്ക് ചരിത്രത്തെ നിന്ദിക്കാനെന്ത് യോ​ഗ്യത

Wait 5 sec.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരചരിത്രത്തിൽ നിർണായക പങ്കുവഹിച്ച കണ്ണൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളുടെ ചരിത്രപാരമ്പര്യം സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാ​ഗേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വീണ്ടും ചർച്ചയാവുകയാണ്. തളിപ്പറമ്പ് നിയമസഭാമണ്ഡലം ഉൾപ്പെടുന്ന മോറാഴ, പാടിക്കുന്ന്, കണ്ടക്കൈ, ബക്കളം, കൊളച്ചേരി തുടങ്ങിയ പ്രദേശങ്ങൾ വെറും സ്ഥലനാമങ്ങൾ മാത്രമല്ല ശക്തമായ സമരപാരമ്പര്യത്തിന്റെ പ്രതീകങ്ങളാണ്.വടക്കേ മലബാറിലെ പട്ടിണി, ദാരിദ്ര്യം, സാമൂഹിക അസമത്വം എന്നിവക്കെതിരെ ജനങ്ങൾക്കൊപ്പം നിന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണെന്ന തിരിച്ചറിവിന് മോറാഴ സമരം വലിയ തെളിവാണ്. സ്ത്രീകളുടെ പങ്കാളിത്തം തെളിയിച്ച കണ്ടക്കൈ പുല്ലുപറിക്കൽ സമരവും ചരിത്രത്തിൽ പ്രത്യേകം സ്ഥാനം നേടിയിട്ടുണ്ട്. സമരനായികയായ കുഞ്ഞാക്കമ്മയുടെ നേതൃത്വത്തിൽ നടന്ന ഈ പോരാട്ടം ശക്തമായ പൊലീസ് നടപടികളും അതിക്രമങ്ങളും നേരിട്ടിരുന്നു. സ്ത്രീകൾ തന്നെ പ്രതിരോധം തീർത്ത കാലഘട്ടമായിരുന്നു അതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. “കുലംകുത്തികൾക്കും വർഗവഞ്ചകന്മാർക്കും ചരിത്രത്തിൽ എവിടെയാണ് സ്ഥാനമെന്ന് നമുക്കറിയാം. ഈ തിരിച്ചറിവ് നാമോരോരുത്തരും സ്വയമാർജ്ജിക്കണം” എന്ന മുന്നറിയിപ്പോടെയാണ് അദ്ദേഹത്തിന്റെ പോസ്റ്റ് അവസാനിക്കുന്നത്. മുൻ രാജ്യസഭാ​ഗം കൂടിയായ കെ കെ രാഗേഷിന്റെ പോസ്റ്റിന്റെ പൂർണ രൂപം ചുവടെ ചേർക്കുന്നു.Also read : ഈ കളിയിൽ സതീശൻ ജയിച്ചു, സുധാകരൻ തോറ്റു! സുധാകരനെ ചതിച്ച കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ ടി ഒ മോഹനനെ തോൽപ്പിക്കും എന്ന് സുധാകരപക്ഷംവർഗവഞ്ചകരും ഒറ്റുകാരും ഓർക്കാൻ...കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിൽ ഇതിഹാസസമാനമായ ഏടുകൾ എഴുതിച്ചേർത്തിട്ടുണ്ട് കണ്ണൂർ ജില്ല. ഇന്നത്തെ തളിപ്പറമ്പ് നിയമസഭാമണ്ഡലം ഉൾക്കൊള്ളുന്ന പ്രദേശം കേരളത്തെ ഇളക്കിമറിച്ച എക്കാലത്തെയും വലിയ സമരങ്ങളുടെ സാക്ഷിയാണ്. മോറാഴയും പാടിക്കുന്നും കണ്ടക്കൈയും ബക്കളവും കൊളച്ചേരിയുമൊന്നും വെറും സ്ഥലനാമങ്ങളല്ല, ഹൃദയരക്തം കൊടുത്ത് നേടിയ അഭിമാനബോധത്തിന്റെ പ്രതീകങ്ങളാണ്. ആ കരുത്ത് തന്നെയാണ് ഈ പാർട്ടിയെ ഇന്നും നയിക്കുന്നത്.വടക്കേമലബാറിലെ പട്ടിണിയെയും ദാരിദ്ര്യത്തെയും സാമൂഹികമായ അസമത്വത്തെയും നേരിടാൻ കോൺഗ്രസ്സല്ല കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് തങ്ങൾക്കൊപ്പം നിൽക്കുന്നതെന്ന ജനങ്ങളുടെ തിരിച്ചറിവിനുള്ള സാക്ഷ്യപത്രമായിരുന്നു മോറാഴ. പിണറായി പാറപ്രത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി രൂപംകൊണ്ട് എട്ടുമാസത്തിനുശേഷം നടന്ന മോറാഴ സംഭവമാണ് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ നിന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്കുള്ള മാറ്റം പൂർണ്ണമാക്കിയത്. പാർട്ടി രൂപീകരിച്ച് നീണ്ട 17 വർഷത്തിനുശേഷമാണ് ബാലറ്റിലൂടെ നാം കേരളത്തിൽ അധികാരത്തിൽ വരുന്നത് എന്ന് ഓർമയിലുണ്ടാകണം. ഒളിവിലും തെളിവിലുമായി ത്യാഗോജ്ജ്വലമായ പോരാട്ടങ്ങളുടെ നീണ്ട വർഷങ്ങൾ…ജന്മിനാടുവാഴിത്ത പീഡനങ്ങൾക്കെതിരെ കേരളത്തിലാദ്യമായി കർഷകസംഘം 1935ൽ രൂപീകരിക്കുന്നത് തളിപ്പറമ്പ് നിയമസഭാമണ്ഡലം ഉൾപ്പെടുന്ന കൊളച്ചേരിയിലാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ തന്നെ ചാലകശക്തിയായി കർഷകസംഘം പിന്നീട് മാറുകയും ഇന്നും ഇന്ത്യൻകർഷകരുടെ ഐതിഹാസിക പോരാട്ടങ്ങൾക്ക് ഊർജ്ജം പകരുകയും ചെയ്യുന്നു. കേരളത്തിലെ പ്രധാന സ്ത്രീമുന്നേറ്റങ്ങളിലൊന്നായി ഇന്നും എണ്ണപ്പെടുന്ന കണ്ടക്കൈ പുല്ലുപറിക്കൽ സമരം നമ്മുടെ ഓർമകളെ ത്രസിപ്പിക്കേണ്ടതാണ്. സമരനായിക കുഞ്ഞാക്കമ്മ നാല്പതുദിവസത്തോളമാണ് ജയിലിൽ കഴിഞ്ഞത്. ഗ്രാമങ്ങളിലാകെ പോലീസിന്റെയും കോൺഗ്രസ് ഗുണ്ടാപ്പടയുടെയും നരനായാട്ടുതന്നെ നടന്നു. പുരുഷന്മാർക്ക് വീടുകളിൽ താമസിക്കാൻ കഴിയാതിരുന്ന ഒരു കാലമുണ്ടായിരുന്നു. സ്ത്രീകൾ കൊയ്ത്തരിവാളുകൾ രാകിമൂർച്ചകൂട്ടി പ്രതിരോധം തീർത്ത ഒരു കാലം.1940കളുടെ അന്ത്യത്തിലും 50കളുടെ ആദ്യപാദത്തിലും വടക്കേമലബാറിൽ അതിരൂക്ഷമായ സമരപരമ്പരകളാണ് അരങ്ങേറിയത്. പത്തായപ്പുരകളിൽ ജന്മിമാർ പൂഴ്ത്തിവെച്ചിരുന്ന നെല്ല് പിടിച്ചെടുത്ത് പാവപ്പെട്ടവർക്ക് വിതരണം ചെയ്ത ചരിത്രപ്രസിദ്ധമായ നെല്ലെടുപ്പ് സമരങ്ങൾ നാടെമ്പാടും നടന്നു. രക്തരൂഷിതമായ സമരപരമ്പരകൾ. ഗുണ്ടാപ്പടയുടെയും പോലീസിന്റെയും മർദ്ദനവാഴ്ചകൾ. കൽത്തുറുങ്കുകളെ ഭേദിച്ച് ഉയർന്ന് വിമോചന മുദ്രാവാക്യങ്ങൾ. തുടയെല്ല്‌പൊട്ടി വീണുപോയപ്പോഴും ഇൻക്വിലാബ് വിളിച്ച രാഷ്ട്രീയബോധ്യങ്ങൾ. നിറതോക്കിന് മുമ്പിൽ പതറാത്ത രക്തസാക്ഷിക്കുന്നുകൾ…. അതെ, ചരിത്രം ഈ മണ്ണിലാണ് സ്പന്ദിക്കുന്നത്. അതറിയാത്തത് വലിയ കുറ്റമല്ല, എന്നാൽ അതിനെ നിന്ദിക്കുന്നത് ക്ഷമിച്ചുകൂടാത്ത അപരാധമാണ്.വ്യാപകമായ ഉൾപ്പാർട്ടി ജനാധിപത്യവും കർശനമായ കേന്ദ്രീകൃത നേതൃത്വവും നിലനിർത്തിക്കൊണ്ട്, പാർട്ടി മെമ്പർമാരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും അവരെക്കൊണ്ട് കടമകൾ നിറവേറ്റിക്കുകയും ചെയ്താൽ മാത്രമേ പാർട്ടിക്ക് വിശാലമായ ജനകീയൈക്യം കെട്ടിപ്പടുത്ത് ജനകീയ ജനാധിപത്യവിപ്ലവത്തിലേക്ക് മുന്നേറാൻ കഴിയൂ. കുലംകുത്തികൾക്കും വർഗവഞ്ചകന്മാർക്കും ചരിത്രത്തിൽ എവിടെയാണ് സ്ഥാനമെന്ന് നമുക്കറിയാം. ഈ തിരിച്ചറിവ് നാമോരോരുത്തരും സ്വയമാർജ്ജിക്കണം. പ്രസ്ഥാനത്തിന് കരുത്തുപകരണം.The post വർ​ഗ വഞ്ചകരെ ഒറ്റുകാരെ കണ്ണൂരിന്റെ സമരപൈതൃകം അറിയാത്ത നിങ്ങൾക്ക് ചരിത്രത്തെ നിന്ദിക്കാനെന്ത് യോ​ഗ്യത appeared first on Kairali News | Kairali News Live.