കൊച്ചി| വാണിജ്യാവശ്യങ്ങള്‍ക്കുള്ള ഗ്യാസ് സിലിണ്ടറുകളുടെ വിതരണം എളുപ്പമാക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ ഇടപെടല്‍. വിതരണത്തിലെ മുന്‍ഗണനാ ക്രമം നിശ്ചയിക്കുന്നതിന് ജില്ലാ കലക്ടര്‍ ജി പ്രിയങ്കയുടെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപപ്പെടുത്തി. കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെയും ഇന്ധന കമ്പനി പ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം. പാചകവാതക വിതരണത്തിലെ ക്രമക്കേട് തടയാന്‍ കര്‍ശന നടപടികളാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്.കേരള എല്‍പിജി സപ്ലൈ ട്രാക്കര്‍ സിലിണ്ടര്‍ വിതരണം നിരീക്ഷിക്കുന്നതിന് ‘കേരള എല്‍പിജി സപ്ലൈ ട്രാക്കര്‍’ എന്ന പേരില്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സജ്ജമാക്കി. ഈ പോര്‍ട്ടലിലൂടെ ഇന്ധനകമ്പനികള്‍ക്കും വിതരണക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും വിവരങ്ങള്‍ അറിയാന്‍ കഴിയും. ആവശ്യകത കണക്കിലെടുത്ത് വാണിജ്യ സിലിണ്ടറുകളുടെ ഉത്പാദനം വര്‍ധിപ്പിക്കാനും കലക്ടര്‍ നിര്‍ദേശം നല്‍കി. എറണാകുളം ജില്ലയിലെ ഏഴ് താലൂക്കുകളിലായി ഒന്‍പതു പ്രത്യേക സ്‌ക്വാഡുകളെ പരിശോധനയ്ക്കായി നിയോഗിച്ചിട്ടുണ്ട്.ആശുപത്രികള്‍, സ്‌കൂളുകള്‍, സാമൂഹികനീതി വകുപ്പിന് കീഴിലുള്ള ക്ഷേമ സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് സിലിണ്ടര്‍ വിതരണത്തില്‍ മുന്‍ഗണന നല്‍കുന്നതായിരിക്കും. ലൈസന്‍സില്ലാതെ 100 കിലോഗ്രാമിലധികം പാചകവാതകം സൂക്ഷിക്കുന്നത് കുറ്റകരമാണ്. ഗാര്‍ഹിക സിലിണ്ടര്‍ വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാകും.