13കാരനായ മകന്റെ മുന്നില്‍വച്ച് ഭാര്യയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്നു; ഭര്‍ത്താവ് പിടിയില്‍

Wait 5 sec.

മുംബൈ| മുംബൈയില്‍ 13കാരനായ മകന്റെ മുന്നില്‍വച്ച് ഭാര്യയെ ട്രെയിനിന് മുന്നിലേക്കു തള്ളിയിട്ട് കൊലപ്പെടുത്തി ഭര്‍ത്താവ്. യുപി സ്വദേശിനിയായ പുഷ്പ ഗുപ്ത(36)യാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവായ ഇലക്ട്രീഷന്‍ രാജ്കുമാര്‍ ഗുപ്ത(42)യെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ മുളുണ്ട് റെയില്‍വേ സ്റ്റേഷനില്‍വച്ചാണ് ക്രൂരത നടന്നത്. മാച്ച് 14ന് രാവിലെ റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍വെച്ചാണ് രാജ്കുമാര്‍ ഭാര്യയെ മകന്റെ മുന്നില്‍ വെച്ച് ലോക്കല്‍ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ടത്. സംഭവത്തിന് ശേഷം ഒളിവില്‍പോയ ഭര്‍ത്താവിനെ ഗുജറാത്തിലെ സൂറത്തില്‍ നിന്നാണു റെയില്‍വേ പോലീസ് പിടികൂടിയത്. കുടുംബവഴക്കാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പോലീസ് വ്യക്തമാക്കി.ദമ്പതികള്‍ക്കിടയില്‍ നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പുഷ്പ ഗുപ്തയുടെ സഹോദരന്‍ കമലേഷ് കുമാര്‍ ഗുപ്ത പോലീസിനോട് പറഞ്ഞു. മാര്‍ച്ച് 14ന് ദമ്പതികള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. പിന്നാലെ ഭര്‍ത്താവിനെതിരെ പരാതിയുമായി പുഷ്പ പോലീസിനെ സമീപിച്ചിരുന്നു. വിവരമറിഞ്ഞ് സഹോദരിയേയും മക്കളേയും നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാനാണ് കമലേഷ് മുംബൈയിലെത്തിയത്. തിരിച്ച് പോരാനായി മുളുണ്ട് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് തന്റെ ആര്‍മി ഐഡി കാര്‍ഡ് രാജ്കുമാറിന്റെ വീട്ടില്‍ മറന്നുവച്ച കാര്യം കമലേഷ് ഓര്‍ത്തത്. അത് എടുക്കാനായി കമലേഷ് തിരികെ പോയപ്പോള്‍, പ്രകോപിതനായ പ്രതി തന്നെ വീട്ടിനുള്ളിലാക്കി പൂട്ടിയിട്ടെന്ന് കമലേഷ് പറയുന്നു.തുടര്‍ന്ന് രാജ്കുമാര്‍ മുളുണ്ട് സ്റ്റേഷനിലെത്തി പരാതി നല്‍കിയത് ചോദ്യം ചെയ്യുകയും ഭാര്യയെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിന്നും ഓടിക്കൊണ്ടിരുന്ന ലോക്കല്‍ ട്രെയിനിനു മുന്നിലേക്ക് തള്ളിയിടുകയുമായിരുന്നു. ശേഷം ഇയാള്‍ ഇവിടെ നിന്നും ഓടി രക്ഷപ്പെട്ടു. യാത്രക്കാര്‍ സ്റ്റേഷന്‍ മാസ്റ്ററെ വിവരമറിയിച്ചു. റെയില്‍വേ ഉദ്യോഗസ്ഥര്‍ പുഷ്പയെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സ്റ്റേഷനില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി കാമറകളില്‍ സംഭവത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും പതിഞ്ഞിരുന്നു.