ജിദ്ദ | നീണ്ട 46 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് ഐ സി എഫ് സഊദി നാഷണല്‍ ഡെപ്യൂട്ടി പ്രസിഡന്റ് അബ്ദുറഹീം വണ്ടൂര്‍ (റഹീം സാഹിബ്) നാട്ടിലേക്ക് മടങ്ങുന്നു. എണ്‍പതുകളുടെ തുടക്കത്തില്‍ സഊദിയിലെത്തിയ അദ്ദേഹം ജിദ്ദയിലെ പ്രവാസി സമൂഹത്തിന്റെ ഉന്നമനത്തിനു നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്.വാര്‍ത്താവിനിമയ സംവിധാനങ്ങളോ ഇന്നത്തെ സുഖസൗകര്യങ്ങളോ ഇല്ലാതിരുന്ന കാലത്താണ് റഹീം സാഹിബ് സഊദിയുടെ മണ്ണിലെത്തുന്നത്. വിയര്‍പ്പൊഴുക്കി സ്വന്തം ജീവിതം കെട്ടിപ്പടുക്കുന്നതിനിടയിലും കൂടെയുള്ളവന്റെ സങ്കടം സ്വന്തം നോവായി കാണാന്‍ അദ്ദേഹത്തിന് സാധിച്ചു. ജിദ്ദയിലെ ഓരോ തെരുവിലും പ്രവാസി മനസ്സുകളിലും ആ പേര് സുപരിചിതമായത് അദ്ദേഹം നല്‍കിയ നിശബ്ദമായ തണല്‍ കൊണ്ടാണ്.ആദ്യകാല പ്രവാസി കൂട്ടായ്മയായ എസ് വൈ എസിലൂടെ സാമൂഹിക പ്രവര്‍ത്തനരംഗത്ത് സജീവമായ റഹീം സാഹിബ്, പദവികളേക്കാള്‍ സേവനത്തിന് മുന്‍ഗണന നല്‍കിയ വ്യക്തിത്വമാണ്. ഐ സി എഫ് സഊദി നാഷണല്‍ ഡെപ്യൂട്ടി പ്രസിഡന്റ് എന്ന നിലയില്‍ സംഘടനയുടെ വളര്‍ച്ചയില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജിനോടനുബന്ധിച്ചുള്ള സാന്ത്വന കേന്ദ്രം, തിരുവനന്തപുരം സാന്ത്വന കേന്ദ്രം എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ അദ്ദേഹം മുഖ്യപങ്കുവഹിച്ചു. ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായുള്ള ‘രിഫാഈ കെയര്‍’ പദ്ധതി വിജയിപ്പിക്കുന്നതിലും അദ്ദേഹം സജീവമായി രംഗത്തുണ്ടായിരുന്നു ഈ മലപ്പുറം വണ്ടൂര്‍ സ്വദേശി.പ്രവാസികളുടെ സാമ്പത്തിക അച്ചടക്കവും പുനരധിവാസവും അദ്ദേഹത്തിന് പ്രധാനമായിരുന്നു. വിരസമായ പ്രവാസ ജീവിതത്തിന് സാംസ്‌കാരികമായ അര്‍ത്ഥങ്ങള്‍ നല്‍കാന്‍ അദ്ദേഹം പരിശ്രമിച്ചു. പുതുതായി ജിദ്ദയിലെത്തുന്ന പ്രവാസികള്‍ക്ക് അദ്ദേഹം ഒരു ‘പാഠപുസ്തകമായിരുന്നു’. വലിയ പദവികള്‍ക്കിടയിലും സാധാരണക്കാരോട് പുഞ്ചിരിയോടെ സംസാരിക്കാനും അവരുടെ ചെറിയ പ്രശ്‌നങ്ങള്‍ പോലും കേള്‍ക്കാനും അദ്ദേഹം കാണിച്ച വിനയം മാതൃകയാണ്.ഐ സി എഫ് സൗദി നാഷണല്‍ കമ്മിറ്റി അദ്ദേഹത്തിന് ഹൃദ്യമായ യാത്രയയപ്പ് നല്‍കി. സംഗമം ഐ സി എഫ് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി നിസാര്‍ സഖാഫി ഒമാന്‍ ഉദ്ഘാടനം ചെയ്തു. അബ്ദുര്‍റശീദ് സഖാഫി, ബഷീര്‍ എറണാകുളം, മുജീബ് എ ആര്‍ നഗര്‍, ബശീര്‍ പറവൂര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. സിറാജ് കുറ്റ്യാടി സ്വാഗതവും ലുഖ്മാന്‍ പാഴൂര്‍ നന്ദിയും പറഞ്ഞു.