മലപ്പുറം | മൂന്ന് പതിറ്റാണ്ടിന്റെ വൈജ്ഞാനിക പാരമ്പര്യം ആഘോഷിക്കുന്ന മഅ്ദിൻ അക്കാദമി മുപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി “ഇന്ത്യ ഹോളി ഖുർആൻ അവാർഡ്’ പ്രഖ്യാപിച്ചു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ, സമസ്ത പ്രസിഡന്റ്ഇ സുലൈമാൻ മുസ്്ലിയാർ, സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി ചേർന്ന് പ്രഖ്യാപന കർമം നിർവഹിച്ചു.ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഖുർആൻ പഠന കേന്ദ്രങ്ങളും പ്രതിഭകളും അണിനിരക്കുന്ന ഖുർആൻ വിജ്ഞാന മത്സരം ഉൾപ്പെടെ ഖുർആൻ പഠന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് അഞ്ച് കോടി രൂപയുടെ പദ്ധതിയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.ഖുർആൻ മനഃപാഠ (ഹിഫ്‌സ്) വിഭാഗത്തിൽ ഒന്നാം സ്ഥാനത്തിന് 11,11,111 രൂപയും വിശിഷ്ടമായ “ഗാർഡിയൻ ഓഫ് ദി ഖുർആൻ’ കിരീടവും എക്‌സലൻസ് കപ്പും ലഭിക്കും. രണ്ടാം സ്ഥാനത്തിന് മൂന്ന് ലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് രണ്ട് ലക്ഷം രൂപയുമാണ് സമ്മാനം. ഖിറാഅത്ത് വിഭാഗത്തിലെ ഒന്നാം സ്ഥാനത്തിന് മൂന്ന് ലക്ഷം രൂപയും നാഷനൽ ഖിറാഅത്ത് എക്‌സലൻസ്ട്രോഫിയും രണ്ടാം സ്ഥാനം നേടുന്നവർക്ക് ഒരു ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാർക്ക് 50,000 രൂപയും സമ്മാനമുണ്ട്. എല്ലാ വിഭാഗത്തിലുമായി ഒരു കോടി 16 ലക്ഷം രൂപയാണ് സമ്മാനമായി നൽകുന്നത്. നിരവധി പ്രോത്സാഹന സമ്മാനങ്ങളുമുണ്ടാകും.ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രമുഖ ഖുർആൻ പഠന സ്ഥാപനങ്ങളുമായും പണ്ഡിതരുമായും സഹകരിച്ചാണ് ഇന്ത്യ ഹോളി ഖുർആൻ അവാർഡ് നടപ്പാക്കുന്നത്. രാജ്യത്തെ ഖുർആൻ പാരായണ- പഠന രീതികൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്നതാണ് പ്രധാന ലക്ഷ്യം. വ്യപകമായി തെറ്റിദ്ധരിപ്പിക്കപ്പെടുന്ന വിശുദ്ധ ഖുർആൻ ദർശനങ്ങളുടെ പൊരുൾ യഥാർഥ സ്രോതസ്സുകൾ അടിസ്ഥാനമാക്കി പഠിക്കാനുള്ള അവസരം ഒരുക്കും.www.indiaquranaward.com എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. മേയ് ഒന്ന് മുതൽ ആഗസ്റ്റ് 30 വരെ അപേക്ഷിക്കാം. വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന പ്രാഥമിക ഘട്ട മത്സരങ്ങൾക്ക് ശേഷം തിരഞ്ഞെടുക്കപ്പെടുന്നവർ പങ്കെടുക്കുന്ന ഗ്രാൻഡ് ഫൈനൽ 2027ലെ വിശുദ്ധ റമസാൻ മാസം നടക്കും.