നന്ദികേടിന്റെ നയതന്ത്രങ്ങള്‍

Wait 5 sec.

ജനീവയില്‍ യുഎസ്- ഇറാന്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് കഴിഞ്ഞ മാസം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്റാഈല്‍ സന്ദര്‍ശിച്ചത്. മോദി ഇന്ത്യയില്‍ തിരിച്ചെത്തിയ ഉടനെ ഇസ്റാഈലും അമേരിക്കയും ചേര്‍ന്ന് ഇറാനില്‍ ബോംബ് വര്‍ഷം ആരംഭിച്ചു. ആദ്യ ദിവസം തന്നെ ഇറാന്റെ പരമോന്നത നേതാവ് അലി ഖാംനഈയും കുടുംബവും സേനാ മേധാവിയുമടക്കമുള്ളവര്‍ കൊല്ലപ്പെട്ടു. ഇതേ ദിവസം തന്നെ വിദ്യാര്‍ഥിനികള്‍ പഠിക്കുന്ന സ്‌കൂളിനു നേരെ നടന്ന അക്രമത്തില്‍ 175ഓളം വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. ലോകം നടുങ്ങിയ സംഭവമായിരുന്നു ഇത്. ഇന്ത്യ ഇറാന്റെ സുഹൃദ് രാജ്യമാണ്. പക്ഷേ, ഇന്ത്യന്‍ ഭരണകൂടം നടുങ്ങിയില്ല. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണ്‍ വിളിച്ച് നടുക്കം അറിയിച്ചത് ഇസ്റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയായിരുന്നു. ഇന്ത്യയുടെ ക്ഷണപ്രകാരം ഇവിടെ വന്ന് തിരിച്ചുപോകുകയായിരുന്ന ഇറാന്റെ നാവിക കപ്പലായ ഐറിസ് ദേനക്ക് നേരെ യു എസ് നടത്തിയ ആക്രമണത്തിലും ഇന്ത്യന്‍ ഭരണകൂടത്തിന് നടുക്കമുണ്ടായില്ല. തങ്ങള്‍ ക്ഷണിച്ചു വരുത്തിയവര്‍ കൊല്ലപ്പെട്ടിട്ട് ഒരു ഖേദപ്രകടനം നടത്താനുള്ള മനസ്സ് പോലും ഇന്ത്യ കാണിച്ചില്ല. അക്രമത്തില്‍ 87 ഇറാനിയന്‍ നാവികരാണ് കൊല്ലപ്പെട്ടത്. ഇറാന്‍ പരമോന്നത നേതാവ് കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷം ന്യൂഡല്‍ഹിയിലെ ഇറാന്‍ എംബസിയില്‍ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി പോകുകയും അവിടുത്തെ പുസ്തകത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു എന്നത് ശരിയാണ്. അപ്പോഴും ഇറാനെ ആക്രമിച്ച് പരമോന്നത നേതാവിനെയും നിരപരാധികളായ വിദ്യാര്‍ഥിനികളെയും കൊലപ്പെടുത്തിയവരെ അപലപിക്കാന്‍ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറിക്ക് സാധിച്ചില്ല. മുകളില്‍ നിന്ന് കിട്ടിയ നിര്‍ദേശപ്രകാരം ഇറാന്‍ എംബസിയിലെ പുസ്തകത്തില്‍ അദ്ദേഹം ഒപ്പുവെക്കുകയായിരുന്നു എന്ന് വേണം കരുതാന്‍.ഇസ്റാഈല്‍ സന്ദര്‍ശനത്തിനിടയില്‍ നെതന്യാഹുവിനെ കെട്ടിപ്പിടിക്കുകയും സഹോദരന്‍ എന്ന് അഭിസംബോധന ചെയ്യുകയും ചെയ്ത മോദി ഇസ്റാഈല്‍ പാര്‍ലിമെന്റില്‍ പ്രസംഗിക്കുകയും ഇസ്റാഈലുമായി ആയുധ കരാറിലടക്കം ഒപ്പിടുകയും ചെയ്തു. പാര്‍ലിമെന്റില്‍ മോദി അത്യുഗ്രന്‍ പ്രസംഗം നടത്തി. 2023 ഒക്ടോബറില്‍ ഹമാസ് ഇസ്റാഈലില്‍ നടത്തിയ ആക്രമണത്തില്‍ ഇരയായവരുടെ പേരില്‍ മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഹമാസിന്റെ അക്രമങ്ങളെ അതിജീവിച്ച ഇസ്റാഈലിന്റെ ‘ദൃഢനിശ്ചയത്തെയും ധൈര്യത്തെയും നേട്ടങ്ങളെയും’ മോദി പ്രശംസിച്ചു. ഇന്ത്യ ഇസ്റാഈലിനൊപ്പമാണെന്ന് മോദി ഉറപ്പുനല്‍കി. ഇസ്റാഈല്‍ ഗസ്സയില്‍ നടത്തിയ കൂട്ടക്കൊലയെക്കുറിച്ചും ഇസ്റാഈല്‍ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യയെക്കുറിച്ചും മോദി മിണ്ടിയില്ല. ഇസ്റാഈല്‍- യു എസ് സഖ്യത്തില്‍ മൂന്നാമനാകാന്‍ ആഗ്രഹിക്കുന്ന മോദിയില്‍ നിന്ന് മറിച്ചൊരു നിലപാട് പ്രതീക്ഷിക്കേണ്ടതില്ല. ഇറാന്റെ കാര്യത്തിലും മോദിയുടെ അമേരിക്കന്‍- ഇസ്റാഈല്‍ വിധേയത്വമാണ് പ്രകടമാകുന്നത്.സത്യത്തില്‍ ഇന്ത്യ ഇറാനോട് കാണിക്കുന്നത് നന്ദികേടാണ്. ഇറാനുമായുള്ള നയതന്ത്ര ബന്ധത്തില്‍ ഇന്ത്യ മറന്നു തുടങ്ങിയ ഒരു അധ്യായമുണ്ട്. അന്താരാഷ്ട്ര ഉപരോധങ്ങളില്‍ നിന്ന് ഇന്ത്യയെ ഇറാന്‍ രക്ഷപ്പെടുത്തിയ ആ സംഭവം നടന്നത് 30 വര്‍ഷം മുമ്പാണ്. 1994 മാര്‍ച്ചിലെ ഒരു തണുത്ത പ്രഭാതം. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക ഇന്ത്യന്‍ സൈനിക വിമാനം തെഹ്റാനിലേക്കു പറന്നുയര്‍ന്നു. വിമാനത്തിലുണ്ടായിരുന്നത് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ദിനേശ് സിംഗ് ആയിരുന്നു. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ദിനേശ് സിംഗിനെ തിരക്കിട്ട് അന്നത്തെ പ്രധാനമന്ത്രി പി വി നരസിംഹ റാവു തെഹ്റാനിലേക്ക് പറഞ്ഞയക്കുകയായിരുന്നു. ഇറാന്‍ പ്രസിഡന്റ് അലി അക്ബര്‍ ഹാശ്മി റഫ്സഞ്ജാനിയെ കണ്ട് പ്രധാനമന്ത്രിയുടെ സന്ദേശം കൈമാറുകയായിരുന്നു വിദേശകാര്യ മന്ത്രിയുടെ യാത്രാലക്ഷ്യം. ആശുപത്രി കിടക്കയില്‍ നിന്നുള്ള വിദേശകാര്യ മന്ത്രിയുടെ യാത്ര ഡോക്ടറുടെ അകമ്പടിയോടെയായിരുന്നു. കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെ അപലപിക്കുകയും ഇന്ത്യക്കെതിരെ ഉപരോധങ്ങള്‍ ആവശ്യപ്പെടുകയും ചെയ്യുന്ന ഒരു പ്രമേയം ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷനില്‍ (യു എന്‍ എച്ച് ആര്‍ സി) അവതരിപ്പിക്കാന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപറേഷന്‍ (ഒ ഐ സി) നടത്തുന്ന ശ്രമം തടയണം; ഇന്ത്യയുടെ ആവശ്യം അതായിരുന്നു. പ്രമേയത്തിനു പിന്നില്‍ പാകിസ്താനായിരുന്നു. ബാബരി മസ്ജിദിന്റെ തകര്‍ച്ചയിലൂടെ ലോകത്തിനു മുമ്പില്‍ ഇന്ത്യയുടെ പ്രതിച്ഛായക്കു മങ്ങലേറ്റ സന്ദര്‍ഭം കൂടിയായിരുന്നു ഇത്. ഇന്ത്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തണമെന്ന പ്രമേയം യു എന്നില്‍ അവതരിപ്പിച്ചാല്‍ അമേരിക്ക ഉള്‍പ്പെടെ പാശ്ചാത്യ രാജ്യങ്ങള്‍ പിന്തുണക്കുമെന്നും ഉറപ്പായിരുന്നു.ഈ സന്ദര്‍ഭത്തില്‍ ഇറാനെ കൂട്ടുപിടിച്ചാല്‍ ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യക്കെതിരെയുള്ള പ്രമേയം തടയാനാകുമെന്ന ഒരു നിര്‍ദേശം ഇന്ത്യക്ക് ലഭിച്ചു. പ്രമുഖ നയതന്ത്രജ്ഞനും ഇറാന്‍ തുടങ്ങിയ പശ്ചിമേഷ്യന്‍ വിഷയങ്ങളില്‍ വിദഗ്ധനും മലയാളിയുമായ എം കെ ഭദ്രകുമാറാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. തെഹ്റാനില്‍ വിമാനമിറങ്ങിയപ്പോള്‍ തന്നെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുടെ മനസ്സ് കുളിര്‍ത്തു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുടെ ഇറാന്‍ സന്ദര്‍ശനം ഏതാനും മണിക്കൂര്‍ നേരത്തേക്കുള്ളതായിരുന്നു. എങ്കിലും പ്രോട്ടോക്കോള്‍ മറികടന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ഡോ. അലി അക്ബര്‍ വെലായത്തി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ദിനേശ് സിംഗിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തി. വെലായത്തിയെ കൂടാതെ ഇറാന്‍ പ്രസിഡന്റ് റഫ്സഞ്ജാനി, മജ്ലിസ് സ്പീക്കര്‍ നതേക്നൂരി എന്നിവരുമായി ദിനേശ് സിംഗ് കശ്മീര്‍ വിഷയം സംസാരിച്ചു. വൈകുന്നേരത്തോടെ സിംഗ് ഡല്‍ഹിയിലേക്ക് മടങ്ങിയത് ശുഭപ്രതീക്ഷയോടെയായിരുന്നു. ഇറാന്റെ എതിര്‍പ്പിനെ തുടര്‍ന്ന് യു എന്നില്‍ പ്രമേയം അവതരിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഒ ഐ സി പിന്‍വാങ്ങി. അന്ന് ഇറാന്‍ സഹായിച്ചില്ലായിരുന്നുവെങ്കില്‍ ലോകത്തിനു മുമ്പില്‍ നാണം കെടുന്നതിനോടൊപ്പം സാമ്പത്തികമായി പിടിച്ചുനില്‍ക്കാനും ഇന്ത്യക്ക് ഏറെ പണിപ്പെടേണ്ടിവരുമായിരുന്നു. ഇറാന്റെ ഈ സഹായത്തെക്കുറിച്ച് പിന്നീട് ഇന്ത്യ ഓര്‍ത്തില്ല എന്നത് ദുഃഖകരമാണ്. ആണവ പദ്ധതിയെച്ചൊല്ലി ഇറാന്‍ ഉപരോധങ്ങള്‍ നേരിട്ടപ്പോഴും അമേരിക്കന്‍ സമ്മര്‍ദത്താല്‍ ഇറാന്റെ എണ്ണ കയറ്റുമതി തടസ്സപ്പെട്ടപ്പോഴും ന്യൂഡല്‍ഹി നിശബ്ദത പാലിക്കുകയായിരുന്നു. ഓപറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് തുര്‍ക്കി മുതലായ രാജ്യങ്ങള്‍ പാകിസ്താനെ പിന്തുണച്ചപ്പോള്‍ ഇറാന്റെ മനസ്സ് ഇന്ത്യക്കൊപ്പമായിരുന്നു. ഇക്കാര്യങ്ങള്‍ വിസ്മരിച്ച് വാഷിംഗ്ടണുമായും തെല്‍ അവീവുമായുമുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനെക്കുറിച്ചാണ് ഡല്‍ഹി ചിന്തിക്കുന്നത്. അവസാനമായി ഹോര്‍മുസ് കടലിടുക്കില്‍ അകപ്പെട്ട ഇന്ത്യന്‍ കപ്പലുകള്‍ക്ക് വഴി തുറന്നുകൊടുത്ത ഇറാന്റെ മഹാമനസ്‌കതക്കു നേരെയും ഇന്ത്യ കണ്ണടക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഹോര്‍മുസ് കടലിടുക്ക് ഊര്‍ജ വിതരണത്തിന്റെ ജീവനാഡിയാണ്. ഇന്ത്യയുടെ ഊര്‍ജ ഇറക്കുമതിയുടെ ഏതാണ്ട് 50 ശതമാനവും ഹോര്‍മുസ് വഴിയാണ്. കഴിഞ്ഞ രണ്ടാഴ്ചക്കിടയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ഇറാന്‍ വിദേശകാര്യ മന്ത്രിയെ വിളിച്ച്, ഹോര്‍മുസ് കടലിടുക്കിലൂടെ അപകടമില്ലാതെ ഇന്ത്യന്‍ കപ്പലുകള്‍ക്ക് കടന്നുപോകാന്‍ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. ഇറാനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന അമേരിക്കയെയും ഇസ്റാഈലിനെയും കെട്ടിപ്പിടിക്കാന്‍ വെമ്പല്‍ കൊള്ളുമ്പോഴും ഇറാനു മുമ്പില്‍ കനിവിനായി കൈനീട്ടുന്ന ഡല്‍ഹിയുടേത് നന്ദികേടിന്റെ നയതന്ത്രമാണ്.