യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ മത്സരരംഗത്ത് നിന്ന് മാറിനിന്നവർക്ക് അർഹമായ പരിഗണന ലഭിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി. സുപ്രധാന പദവികളിൽ ഇവർ ഉണ്ടാകുമെന്നാണ് കെ സി വേണുഗോപാൽ മാധ്യമങ്ങളോട് പ്രതികരിച്ചത്.കോൺഗ്രസിൽ സ്ഥാനാർത്ഥിയാകാൻ അർഹരായ നിരവധി പേരുണ്ടെന്നും പലർക്കും സീറ്റ് ലഭിക്കാത്തതില്‍ മനോവിഷമം ഉണ്ടെന്നത് യാഥാർത്ഥ്യമാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു. എന്നാൽ പത്ത് വർഷമായി തുടരുന്ന ഇടത് ഭരണം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാവരും ഒന്നിച്ച് ഇറങ്ങിയിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥിയാകാൻ കഴിയാത്തവർക്കെല്ലാം അർഹിക്കുന്ന പരിഗണന ലഭിക്കുമെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.‘കോൺഗ്രസിൽ അർഹതപ്പെട്ട ഒരുപാട് പേരുണ്ട്. അതിൽ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അംഗീകരിച്ച പേരുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കോൺഗ്രസിന്റെ എല്ലാ സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു കഴിഞ്ഞു. പത്ത് വർഷത്തെ ഇടത് ഭരണം അവസാനിപ്പിക്കാനുള്ള തെരഞ്ഞെടുപ്പാണിത്.അത് മനസിൽ വെച്ചാണ് സ്ഥാനാർത്ഥികളെ തെരഞ്ഞെടുത്തത്. സ്ഥാനാർത്ഥിയാകാൻ കഴിയാത്തവർ അതിന്റെ പ്രയാസങ്ങൾ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. ആ പ്രയാസങ്ങൾ ഉൾക്കൊണ്ട് തന്നെ അവർ പാർട്ടിയെ സഹായിക്കാനായി രംഗത്തുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.ഈ തെരഞ്ഞെടുപ്പിൽ മത്സരരംഗത്ത് നിന്ന് മാറിനിൽക്കുന്നവരായിരിക്കും യുഡിഎഫ് ഗവൺമെന്റ് വന്നാൽ സുപ്രധാന പദവികളിൽ നിയോഗിക്കപ്പെടുക എന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. മത്സരിക്കുന്നവർക്ക് അതിനുള്ള അവസരം നൽകിക്കഴിഞ്ഞു. അവരെ ജയിപ്പിക്കാനായി എല്ലാവരും ഒന്നിച്ച് ഇറങ്ങുകയാണ്. പാർട്ടി സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ ഇറങ്ങുന്ന, സ്ഥാനാർത്ഥിയാകാൻ അർഹരായിരുന്ന എല്ലാവർക്കും അർഹിക്കുന്ന പരിഗണന ലഭിക്കും,’ കെ സി വേണുഗോപാൽ പറഞ്ഞു.The post യുഡിഎഫ് സർക്കാർ വന്നാൽ മത്സരരംഗത്ത് നിന്ന് മാറിനിന്നവർ സുപ്രധാന പദവികളിൽ ഉണ്ടാകും: കെ സി വേണുഗോപാൽ appeared first on ഇവാർത്ത | Evartha.