പാലക്കാട് | പാലക്കാട് മണ്ഡലത്തില്‍ എല്‍ ഡി എഫ് വിജയിക്കുമെന്ന പരിഭ്രാന്തിയിലാണ് കോണ്‍ഗ്രസ് എന്ന് മന്ത്രി എം ബി രാജേഷ്. പാലക്കാട്ടുകാരനായ മികച്ച സ്ഥാനാര്‍ഥിയെയാണ് എല്‍ ഡി എഫ് ഇത്തവണ രംഗത്തിറക്കിയിരിക്കുന്നത്.പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ സി പി എം-ബി ജെ പി ഡീല്‍ ഉണ്ടെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണം മന്ത്രി തള്ളി. എല്‍ ഡി എഫ് സ്ഥാനാര്‍ഥികളെ തീരുമാനിക്കേണ്ടത് പ്രതിപക്ഷ നേതാവല്ല. പൂര്‍ണ ആത്മവിശ്വാസത്തോടെയാണ് മുന്നണി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തില്‍ കൈവിട്ടുപോയ പാലക്കാട്, മണ്ണാര്‍ക്കാട് സീറ്റുകള്‍ ഇത്തവണ തിരിച്ചുപിടിക്കുകയാണ് എല്‍ ഡി എഫ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.പാലക്കാട്ടെ രാഷ്ട്രീയ സാഹചര്യം അനുകൂലമാണെന്നും വികസനമുരടിപ്പിനെതിരെ ജനങ്ങള്‍ വിധിയെഴുതുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമായ മത്സരത്തിനിടയില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പാലക്കാട്ടെ വോട്ടര്‍മാര്‍ കൃത്യമായ മറുപടി നല്‍കും.തൃത്താലയില്‍ എല്‍ ഡി എഫ് അല്ലാതെ മറ്റൊരു ശക്തിയുമില്ല. മണ്ഡലത്തിന്റെ വികസന കാര്യത്തില്‍ മുന്‍ എം എല്‍ എ വി ടി ബല്‍റാമിനെ പരസ്യമായി വെല്ലുവിളിക്കുന്നു. തൃത്താലയില്‍ നിന്ന് പോയ മൂന്ന് മുന്‍ മന്ത്രിമാരും അഞ്ച് വര്‍ഷം മുന്‍പത്തെ എം എല്‍ എയും വികസന കാര്യത്തില്‍ ഒന്നും ചെയ്തിട്ടില്ലെന്നും തന്റെ കാലയളവില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ അത് വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.