ബാഗ്ദാദിലെ അമേരിക്കന്‍ നയതന്ത്ര കേന്ദ്രത്തില്‍ വന്‍ തീപിടിത്തം; ഡ്രോണ്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്

Wait 5 sec.

ബാഗ്ദാദ് | ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ അമേരിക്കന്‍ നയതന്ത്ര കേന്ദ്രത്തില്‍ വന്‍ തീപിടിത്തം. അതീവ സുരക്ഷാ മേഖലയിലുള്ള യു എസ് നയതന്ത്ര കേന്ദ്രത്തിന്റെ പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് ഡ്രോണുകള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണമാണ് തീപിടിക്കാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. യു എസ് സൈനിക ഉദ്യോഗസ്ഥര്‍ താമസിക്കുന്ന ഭാഗത്താണ് സ്‌ഫോടനവും തീപിടിത്തവും ഉണ്ടായതെന്നാണ് വിവരം.ഇറാന്‍ അനുകൂല സായുധ സംഘടനകളാവാം ആക്രമണം നടത്തിയതെന്നാണ് സംശയം. ഒരു മാസത്തിനിടെ പശ്ചിമേഷ്യയില്‍ തുടരുന്ന സംഘര്‍ഷങ്ങളില്‍ ഇതുവരെ 13 യു എസ് സൈനികര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഇറാന്‍ നടത്തിയ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളെത്തുടര്‍ന്ന് കുവൈറ്റിലെയും സൗദി അറേബ്യയിലെയും യുഎസ് എംബസികള്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്. ദുബായിലെ യുഎസ് കോണ്‍സുലേറ്റിന് നേരെയും സമാനമായ രീതിയില്‍ ആക്രമണം ഉണ്ടായിരുന്നു. മേഖലയില്‍ യുഎസും ഇറാനും തമ്മിലുള്ള നേരിട്ടുള്ള സൈനിക നീക്കങ്ങള്‍ ശക്തമായതോടെ യുഎസ് ഉദ്യോഗസ്ഥരുടെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കയാണ് ഉയരുന്നത്.പശ്ചിമേഷ്യ യുദ്ധത്തിന്റെ ഭാഗമായി വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് നയതന്ത്ര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങള്‍ ഇതിനോടകം നടന്നിരുന്നു. ഇറാഖില്‍ ഏറ്റവും ഒടുവില്‍ നടന്ന ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.