ഗസ്സ സിറ്റി | ഇസ്റാഈൽ ആക്രമണത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കുറഞ്ഞത് 77 ഫലസ്തീനികൾ കൊല്ലപ്പെടുകയും 379 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരിൽ ആറ് പേർ സഹായം തേടി എത്തിയവരാണ്. മുൻ ആക്രമണങ്ങളിലെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതായും മന്ത്രാലയം കൂട്ടിച്ചേർത്തു. 2023 ഒക്ടോബർ 7-ന് ആരംഭിച്ച ഇസ്രായേൽ യുദ്ധത്തിൽ ഇതുവരെ ആകെ 66,005 ഫലസ്തീനികൾ കൊല്ലപ്പെടുകയും 1,68,162 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.കഴിഞ്ഞ മണിക്കൂറുകളിൽ മാത്രം ഗസ്സയിലുണ്ടായ ഇസ്റാഈൽ ആക്രമണങ്ങളിൽ കുറഞ്ഞത് 36 ഫലസ്തീനികൾ കൊല്ലപ്പെട്ടു. മധ്യ ഗാസയിലെ നുസ്റാത്ത് അഭയാർത്ഥി ക്യാമ്പിൽ 10 പലായനം ചെയ്ത ഫലസ്തീനികളും ഗസ്സ സിറ്റിയിൽ 15 പേരും കൊല്ലപ്പെട്ടതായി മെഡിക്കൽ വൃത്തങ്ങളെ ഉദ്ധിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ, ദക്ഷിണ ഗസ്സയിലെ ഖാൻ യൂനിസ് സിറ്റിയിൽ രണ്ടര മാസം മാത്രം പ്രായമുള്ള ഈദ് മഹ്മൂദ് അബു ജമ്മ പോഷകാഹാരക്കുറവും ചികിത്സ ലഭിക്കാത്തതും മൂലവും മരിച്ചു.ഇസ്റാഈൽ സേന അടിസ്ഥാന സൗകര്യങ്ങളും വീടുകളും കെട്ടിടങ്ങളും നശിപ്പിക്കുന്നത് പരിക്കേറ്റവരുടെ അടുത്തേക്കും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയവരുടെ അടുത്തേക്കും മെഡിക്കൽ ടീമുകൾക്ക് എത്താൻ പ്രയാസമുണ്ടാക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്റാഈലിന്റെ യുദ്ധം അവസാനിപ്പിക്കണമെന്ന് സൗദി അറേബ്യൻ വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്തുകൊണ്ട് ആവശ്യപ്പെട്ടു.യുദ്ധം ആരംഭിച്ച് മാസങ്ങൾ പിന്നിടുമ്പോഴും ആയിരക്കണക്കിന് ആളുകൾ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായി കരുതപ്പെടുന്നു. 2023 ഒക്ടോബർ 7-ലെ ആക്രമണത്തിൽ ഇസ്രായേലിൽ 1,139 പേർ കൊല്ലപ്പെടുകയും 200 പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു.