ദുബൈ|എച്ച് ഡി എഫ് സി ബേങ്കിന്റെ ദുബൈ ഫിനാൻഷ്യൽ സെന്റർ ശാഖക്ക് പുതിയ ഉപഭോക്താക്കളെ എടുക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. നിയന്ത്രണങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ഉയർന്നതിനെ തുടർന്നാണ് ദുബൈ ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി (ഡി എഫ് എസ് എ) നടപടി സ്വീകരിച്ചത്. സെപ്തംബർ 25-ന് ഇതുസംബന്ധിച്ച തീരുമാനമെടുക്കുകയും സെപ്തംബർ 26 മുതൽ ഇത് പ്രാബല്യത്തിൽ വരികയും ചെയ്തു.സെപ്തംബർ 25 വരെ ഓൺബോർഡിംഗ് നടപടികൾ പൂർത്തിയാക്കാത്ത പുതിയ ഉപഭോക്താക്കളുമായി ബിസിനസ് നടത്തുകയോ അവരെ ചേർക്കുകയോ ചെയ്യുന്നതിൽ നിന്ന് ഈ നിർദേശം ശാഖയെ വിലക്കുന്നു. സാമ്പത്തിക ഉത്പന്നങ്ങളെക്കുറിച്ചുള്ള ഉപദേശം, നിക്ഷേപങ്ങളിലെ ഇടപാടുകൾ ക്രമീകരിക്കൽ, ക്രെഡിറ്റ് ക്രമീകരിക്കൽ തുടങ്ങിയ എല്ലാ പ്രവർത്തനങ്ങൾക്കും ഇത് ബാധകമാണ്. നിലവിലുള്ള ഉപഭോക്താക്കൾക്ക് സേവനം തുടർന്നും ലഭ്യമാകും. ഡി എഫ് എസ് എ വ്യക്തമായി ഭേദഗതി ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യുന്നതുവരെ നിയന്ത്രണം നിലനിൽക്കും.ഉയർന്ന അപകടസാധ്യതയുള്ള ക്രെഡിറ്റ് സ്യൂസ് ബോണ്ടുകൾ നിക്ഷേപകർക്ക് വിൽക്കുന്നതിലെ ക്രമക്കേടുകളാണ് നടപടിക്ക് കാരണം. നിക്ഷേപക സുരക്ഷാ മാനദണ്ഡങ്ങൾ മറികടന്ന് ബേങ്ക് യു എ ഇയിലെ റീട്ടെയിൽ നിക്ഷേപകർക്ക് ഹൈ-റിസ്‌ക് അഡീഷണൽ ടിയർ-1 (എ ടി 1) ബോണ്ടുകൾ വിറ്റഴിച്ചു എന്ന ആരോപണം ഉയർന്നിരുന്നു. ഉയർന്ന റിസ്‌കുള്ള ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് ആവശ്യമായ “പ്രൊഫഷണൽ ക്ലയിന്റ‌്സ്’ (പ്രൊഫഷണൽ ഉപഭോക്താക്കൾ) എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിനായി നിരവധി നിക്ഷേപകരുടെ കെ വൈ സി (കെ വൈ സി) രേഖകളിൽ കൃത്രിമം കാണിക്കുകയും അവരുടെ ആസ്തികൾ പെരുപ്പിച്ചു കാട്ടുകയും ചെയ്തു എന്നും പരാതികളുണ്ടായിരുന്നു.