കാരന്തൂര്‍ | വിദ്യാര്‍ഥികള്‍ക്കിടയില്‍ സേവനമനസ്‌കതയും സാമൂഹികക്ഷേമ ബോധവും വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ നരിക്കുനി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘അത്താണി’ സാന്ത്വന ഭവനം സന്ദര്‍ശിച്ച് മര്‍കസ് ഐഷോര്‍ വിദ്യാര്‍ഥികള്‍. ക്യാമ്പസ് ലൈഫ് ഫെസ്റ്റിവല്‍ വൈസെലീസിയത്തിന്റെ ‘ഹീല്‍ ദി ഹേര്‍ട്ട്’ എന്ന പദ്ധതിയുടെ ഭാഗമായാണ് അധ്യാപകര്‍ക്കൊപ്പം വിദ്യാര്‍ഥികള്‍ അത്താണി സന്ദര്‍ശിച്ചത്. ഉപേക്ഷിക്കപ്പെട്ടവര്‍ക്കും കിടപ്പിലായവര്‍ക്കും അവശതയനുഭവിക്കുന്നവര്‍ക്കുമായി 2005 ല്‍ സ്ഥാപിതമായ ഈ സ്ഥാപനം നിരാലംബരായ നിരവധി പേര്‍ക്കാണ് ആശ്വാസമാവുന്നത്.വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഹൃദ്യമായ സ്വീകരണമാണ് ജീവനക്കാര്‍ നല്‍കിയത്. വിദ്യാര്‍ഥികള്‍ അന്തേവാസികളുമായി ആശയവിനിമയം നടത്തുകയും പലഹാരങ്ങള്‍ കൈമാറുകയും ചെയ്തു. നശീദയും മൗലിദും പാട്ടുകളും അവതരിപ്പിച്ചു. അത്താണിയുടെ പ്രവര്‍ത്തനത്തെയും ആവശ്യകതയെയും കുറിച്ച് മജീദ് മാസ്റ്റര്‍ സംസാരിച്ചു.ഐഷോര്‍ അധ്യാപകരായ മൊയ്തീന്‍കുട്ടി സഖാഫി, ജാബിര്‍ സിദ്ദീഖി, സഫ്വാന്‍ നൂറാനി, മുഹമ്മദ് അഹ്സനി, അല്‍ അമീന്‍, സ്റ്റുഡന്‍സ് യൂണിയന്‍ പ്രതിനിധികളായ സ്വാദിഖ് അലി, മുസമ്മില്‍, റിയാന്‍ സന്ദര്‍ശനത്തിന് നേതൃത്വം നല്‍കി.