കൊട്ടാരക്കര | എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ നിലപാടുകളില്‍ രാഷ്ട്രീയമില്ലെന്നും എന്നാല്‍ അദ്ദേഹം അഭിപ്രായം പറയാന്‍ പാടില്ലെന്ന് പറയുന്നത് ശരിയല്ലെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.സര്‍ക്കാരും എന്‍എസ്എസുമായി സംസാരിക്കുന്നതില്‍ എന്താണ് തെറ്റെന്നും മന്ത്രി ചോദിച്ചു. നേരത്തെ സുകുമാരന്‍ നായര്‍ ഈ സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടുണ്ട്. ഇപ്പോള്‍ അഭിനന്ദിക്കുന്നു. അതില്‍ എങ്ങനെയാണ് തെറ്റ് കണ്ടെത്തുക. അദ്ദേഹത്തിന്റെ കൈകളില്‍ കറ പുരണ്ടിട്ടില്ല. അദ്ദേഹം അഴിമതിക്കാരനല്ല.മന്നത്ത് പത്മനാഭന്‍ നയിച്ച വഴിയിലൂടെ എന്‍എസ്എസിനെ കൊണ്ടുപോകുന്നയാളാണ് സുകുമാരന്‍ നായര്‍.എന്‍എസ്എസ് അതാത് കാലഘട്ടങ്ങളില്‍ അഭിമുഖീകരിക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായമാണ് അദ്ദേഹം പറയുന്നത്. അല്ലാതെ അദ്ദേഹത്തിന്റെ രാഷ്ട്രീയനിലപാടുകളല്ല പറയുന്നത്. സെക്രട്ടറിക്ക് പിന്നില്‍ പാറപോലെ ഉറച്ച് നില്‍ക്കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.ഏതോ ഒരു കുടുംബത്തിലെ നാല് നായന്മാര്‍ രാജിവച്ചാല്‍ എന്‍എസ്എസിന് ഒന്നുമില്ല. എന്‍എസ്എസിനെ നശിപ്പിക്കാനുള്ള എല്ലാ പരിപാടികളും ആസൂത്രണം ചെയ്യുന്നത് പത്തനംതിട്ട ജില്ലയില്‍ നിന്നാണ്. കേസുകളും കോടതി വ്യവഹാരങ്ങളും വരുന്നത് പത്തനംതിട്ട ജില്ലയില്‍ നിന്നാണ്.250 രൂപ കൊടുത്താല്‍ ഏത് അലവലാതിക്കും ഫ്ളക്സ് അടിക്കാം. ആരുടെ പേരും എഴുതാമെന്നും മന്ത്രി പരിഹസിച്ചു