തിരുവനന്തപുരം|ജയില്‍ചാട്ടം അതീവ ഗുരുതര സംഭവമാണെന്നും ജയില്‍ചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയെ മണിക്കൂറുകള്‍ക്കകം പിടികൂടിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ജയിലിലെ വൈദ്യുത വേലി പ്രവര്‍ത്തന ക്ഷമമായിരുന്നില്ല. സംഭവത്തില്‍ നാല് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കൂടാതെ സുരക്ഷ വിലയിരുത്താന്‍ സമിതിയെ നിയോഗിച്ചു. ജയില്‍ചാട്ടം ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിച്ചെന്നും സംസ്ഥാനത്തെ ജയില്‍ സുരക്ഷാ സംവിധാനത്തെക്കുറിച്ചുള്ള നിയമസഭ ചോദ്യോത്തര വേളയില്‍ മുഖ്യമന്ത്രി മറുപടി നല്‍കി.ഒരു പ്രതിക്കും പ്രത്യേക ആനുകൂല്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തുടര്‍ പരിശോധനകളും ഗൗരവത്തോടെയാണ് നടത്തുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അടിസ്ഥാന സൗകര്യം കൂട്ടും. സുരക്ഷ വീഴ്ച ചൂണ്ടിക്കാണിച്ച പ്രതിപക്ഷത്തിന് മറുപടി നല്‍കി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ശബരിമല സ്ത്രീ പ്രവേശന പ്രതിഷേധത്തിലെ കേസുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്.