ഈ ന്യായാധിപന്റെ അന്യായങ്ങള്‍ വിചാരണക്കെടുക്കണം

Wait 5 sec.

ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന ഒരു പ്രസ്താവനയായിരുന്നു സുപ്രീം കോടതിയില്‍ നിന്ന് അടുത്തിടെ വിരമിച്ച മുന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് കഴിഞ്ഞ ദിവസം ന്യൂസ് ലോണ്‍ട്രിയിലെ ശ്രീനിവാസന്‍ ജെയിനിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ബാബരി മസ്ജിദുമായി ബന്ധപ്പെട്ട ചോദ്യത്തിന്, – ‘ബാബരി മസ്ജിദിന്റെ നിര്‍മാണമായിരുന്നു അയോധ്യയിലെ അടിസ്ഥാനപരമായ കളങ്ക പ്രവര്‍ത്തനം’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പതിനാറാം നൂറ്റാണ്ടില്‍ ബാബരി മസ്ജിദ് നിര്‍മിച്ചത് തന്നെ തെറ്റായ പ്രവൃത്തിയായിരുന്നുവെന്നും, ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടിടത്ത് നിന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് പള്ളി നിര്‍മിക്കും മുമ്പ് ഹിന്ദുക്കള്‍ അവിടെ ആരാധന നടത്തിയതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്നും വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയല്ല തെളിവുകളെ അടിസ്ഥാനപ്പെടുത്തിയാണ് തങ്ങള്‍ വിധി പറഞ്ഞതെന്നുമാണ് അദ്ദേഹം പറഞ്ഞു തീര്‍ത്തത്.2019ല്‍ അയോധ്യയിലെ ബാബരി മസ്ജിദ് സ്ഥിതി ചെയ്തിരുന്ന ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ അനുമതി നല്‍കി വിധി പ്രസ്താവിച്ച അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി നയിച്ച അഞ്ചംഗ ബഞ്ചിലെ അംഗം കൂടിയായിരുന്ന ഡി വൈ ചന്ദ്രചൂഡ്, ആ വിധിയില്‍ പോലും പറയുന്നത് ഇങ്ങനെയാണ്- ‘മുമ്പുണ്ടായിരുന്ന നിര്‍മിതിയെ ഇടിച്ചുമാറ്റി മസ്ജിദ് പണിതെന്നു തെളിയിക്കുന്ന യാതൊരു തെളിവും സമര്‍പ്പിക്കപ്പെട്ടിട്ടില്ല. മാത്രവുമല്ല പള്ളിക്കടിയില്‍ ഒരു ഘടന നിലനിന്നിരുന്നുവെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ എസ് ഐ) തങ്ങളുടെ റിപോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ടെങ്കിലും, ബാബരി മസ്ജിദ് നിര്‍മിക്കാന്‍ വേണ്ടി ആ ഘടന പൊളിച്ചുമാറ്റിയതാണെന്നതിന് തെളിവുകളൊന്നുമില്ലെന്നും അടിസ്ഥാന ഘടനക്കും പള്ളിക്കും ഇടയില്‍ നിരവധി നൂറ്റാണ്ടുകളുടെ ഇടവേളയുണ്ടെ’ന്നും വിധിന്യായത്തില്‍ ബഞ്ച് അടിവരയിട്ടു പറഞ്ഞിരുന്നു.വിധി പറഞ്ഞ് അഞ്ച് വര്‍ഷത്തിനു ശേഷം, അയോധ്യ പ്രശ്നത്തില്‍ ഇതിനപ്പുറത്തേക്ക് ഒരു വിധിന്യായമോ കണ്ടെത്തലുകളോ ഉണ്ടായിട്ട് പോലുമില്ല. പിന്നെങ്ങനെയാണ് ഡി വൈ ചന്ദ്രചൂഡിന് ഇങ്ങനെ പറയാനാകുന്നത് എന്നിടത്താണ് നമ്മുടെ നീതിപീഠത്തിന്റെയും നീതിന്യായ വ്യവസ്ഥയുടെ ആകെ തന്നെയും നിഷ്പക്ഷതയും വിശ്വാസ്യതയും ഒരുപോലെ ചോദ്യം ചെയ്യപ്പെടുന്നത്.ഇന്ത്യയില്‍ നീതിപീഠത്തിനു മുന്നില്‍ 69 വര്‍ഷം ഈ വിഷയം തര്‍ക്കത്തിലിരുന്നിട്ടുണ്ട്. ഇത്രമാത്രം കോളിളക്കം സൃഷ്ടിച്ച ഒരു വിവാദ വിഷയത്തില്‍ വിധി പറഞ്ഞ് വര്‍ഷങ്ങള്‍ക്കു ശേഷം മറ്റൊരു ആഖ്യാനം കൂടി നല്‍കി അവതരിപ്പിക്കുന്നത് എത്ര അപകടകരമായ പ്രവൃത്തിയാണ് എന്ന് തിരിച്ചറിയാനുള്ള ശേഷിയോ അതില്‍ ചില ശരികേടുകളുണ്ട് എന്നെങ്കിലും മനസ്സിലാക്കി ജാഗ്രത കാണിക്കാനുള്ള സാമാന്യ പക്വതയോ ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന്റെ തലപ്പത്തിരുന്ന ഒരാള്‍ക്ക് ഉണ്ടാകേണ്ടതായിരുന്നു. അതുണ്ടായില്ല എന്ന് മാത്രമല്ല, ഈ പറഞ്ഞതില്‍ യാതൊരു അസ്വാഭാവികതയും തോന്നാതിരിക്കുകയും ചെയ്യുന്നു. മുമ്പ് പറഞ്ഞ വിധിന്യായത്തെ ന്യായീകരിക്കാന്‍ വേണ്ടിയെങ്കിലും വിശദീകരണങ്ങള്‍ പോലും ഉണ്ടാകാതിരിക്കുമ്പോഴാണ് ഈ ന്യായാധിപരുടെ വിധികളില്‍ ആശങ്കകള്‍ ഉണ്ടാകുന്നത്.ഒരു സമ്പൂര്‍ണ ഹിന്ദുത്വ പ്രചാരകനായാണ് സര്‍വീസ് കാലാവധിയില്‍ ഡി വൈ ചന്ദ്രചൂഡ് പ്രവര്‍ത്തിച്ചത് എന്നൊന്നും അദ്ദേഹത്തിന്റെ വിധിന്യായങ്ങളെ ചൂണ്ടിക്കാണിച്ച് വിലയിരുത്താനാകില്ല. എന്നിരുന്നാലും ഭരണകൂട താത്പര്യങ്ങളെ തൃപ്തിപ്പെടുത്താന്‍ പാകത്തില്‍ അദ്ദേഹം പലപ്പോഴും പ്രവര്‍ത്തിച്ചു എന്നതാണ് അദ്ദേഹം പ്രസ്താവിച്ച ചില വിധികള്‍ പരിശോധിക്കുമ്പോള്‍ തിരിച്ചറിയാനാകുന്നത്. ഗ്യാന്‍വാപി മസ്ജിദില്‍ പുരാവസ്തു സര്‍വേ അനുവദിച്ച അലഹാബാദ് ഹൈക്കോടതിയുടെ വിധി ശരിവെച്ച സുപ്രീം കോടതി ബഞ്ചിനെ നയിച്ചത് ചന്ദ്രചൂഡായിരുന്നു. 1991ലെ പ്ലേസസ് ഓഫ് വര്‍ഷിപ്പ് ആക്ട് അനുസരിച്ച് 1947ന് ശേഷം ആരാധനാലയങ്ങളുടെ സ്വഭാവം മാറ്റാതിരിക്കണമെന്ന് നിയമമുണ്ടായിട്ട് പോലും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് സര്‍വേക്ക് അനുമതി നല്‍കിയതും ജമ്മു കശ്മീരിന്റെ പ്രത്യേക പദവി (ആര്‍ട്ടിക്കിള്‍ 370) റദ്ദാക്കിയത് ഭരണഘടനാപരമായി സാധുവാണെന്ന് പ്രസ്താവിച്ചതും ചന്ദ്രചൂഡിന്റെ ഹിന്ദുത്വയോടുള്ള വിധേയത്വത്തിന്റെ അടയാളമായി കാണാവുന്നതാണ്.രാഷ്ട്രീയ തടവുകാരായി വലിയ നീതി നിഷേധം നേരിടുന്ന ഉമര്‍ ഖാലിദിന്റെയും സ്റ്റാന്‍ സ്വാമിയുടെയും ജാമ്യാപേക്ഷകള്‍ മറ്റു ബഞ്ചുകളിലേക്ക് അലോട്ട്മെന്റ് നല്‍കി സമര്‍ഥമായി മാറി നിന്നതും ഒരു ന്യായാധിപന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ നീതിബോധത്തെ കളങ്കപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ സെപ്തംബറിലണ് മതപരമായ ഒരു ഉത്സവ സമയത്ത് പ്രധാനമന്ത്രി മോദിയോടൊപ്പം അദ്ദേഹം സ്വന്തം വീട്ടില്‍ പ്രാര്‍ഥിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നത്. ന്യായാധിപനോടൊപ്പമുള്ള ഒരു രാഷ്ട്രീയക്കാരന്റെ സാന്നിധ്യം നമ്മുടെ നീതിന്യായ സംവിധാനത്തിന്റെ നിഷ്പക്ഷതയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുമെന്ന് മുന്‍ ജഡ്ജിമാര്‍ അടക്കമുള്ള അഭിഭാഷകരും പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളും അടങ്ങുന്ന വലിയൊരു പൗരസമൂഹം അദ്ദേഹത്തെ ഓര്‍മപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രി ചീഫ് ജസ്റ്റിസുമായി അടുപ്പത്തിലാണെന്ന പ്രചാരണം ശക്തമാകാന്‍ ആ ഫോട്ടോ സഹായിച്ചിരുന്നു. അതേസമയത്ത് തന്നെയാണ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ പരാമര്‍ശത്തിനെതിരെ വീണ്ടും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നത്. ബാബരി മസ്ജിദ്- രാമക്ഷേത്ര തര്‍ക്കത്തില്‍ ദൈവത്തോട് ഒരു പരിഹാരം ആവശ്യപ്പെട്ടെന്നും ദൈവമാണ് പരിഹാരം പറഞ്ഞു തന്നത് എന്നും അദ്ദേഹം പ്രസ്താവന നടത്തി. ‘ഞാന്‍ ദൈവത്തിന് മുന്നില്‍ ഇരുന്നു. ഒരു പരിഹാരം കണ്ടെത്തണമെന്ന് അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം അത് എനിക്ക് തന്നു’- ഇതായിരുന്നു ആ പ്രസ്താവന. 2019 ലെ ബാബരി മസ്ജിദ് വിധിയെ ചൂണ്ടിക്കാണിച്ചാണ് ചന്ദ്രചൂഡ് ഇത് പറഞ്ഞത്. ഒരു ഇന്ത്യന്‍ ന്യായാധിപന്റെ ഏറ്റവും അശ്ലീലം നിറഞ്ഞ പ്രസ്താവനകളില്‍ ഒന്നായിരുന്നു അത്. ഒരു ജഡ്ജി നിയമ തത്ത്വങ്ങളുടെ അടിസ്ഥാനത്തിലാണ് കേസുകള്‍ തീരുമാനിക്കേണ്ടത്. ദൈവം എവിടെയാണ് ഒരു വിധിന്യായത്തില്‍ വരുന്നത്? മാത്രമല്ല ആളുകള്‍ക്ക് വ്യത്യസ്ത ദൈവങ്ങളുണ്ട്. മറ്റൊരു മതത്തില്‍ വിശ്വസിക്കുന്ന ഒരു ജഡ്ജി ഇങ്ങനെ പറഞ്ഞിരുന്നെങ്കില്‍ പ്രതികരണം ഇങ്ങനെ തന്നെയാകുമായിരുന്നോ എന്നാണ് പാട്ന ഹൈക്കോടതിയിലെ മുന്‍ ജഡ്ജിയും സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകയുമായ അഞ്ജന പ്രകാശ് അന്ന് ചോദിച്ചത്. ചന്ദ്രചൂഡിനെതിരെയുള്ള ഈ വിമര്‍ശങ്ങള്‍, അദ്ദേഹം പുറപ്പെടുവിച്ച പുരോഗമനപരം എന്ന് ധരിച്ചുവെച്ച വിധികളെ സംബന്ധിച്ച് പോലും, സംശയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരികയാണ്. ഇന്ത്യന്‍ യംഗ് ലോയേഴ്സ് അസ്സോസിയേഷന്‍ എന്ന സംഘ്പരിവാര്‍ അനുകൂല സംഘടനയുടെ പൊതുതാത്പര്യ ഹരജിയിലാണ് കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിക്കുകയും ബി ജെ പി രാഷ്ട്രീയ നേട്ടത്തിനുള്ള സുവര്‍ണാവസരം എന്ന് സ്വകാര്യമായി പറയുകയും ചെയ്ത ശബരിമല സ്ത്രീ പ്രവേശന വിധി പുറത്തുവരുന്നത്. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായി മാറിക്കൊണ്ടിരിക്കുകയാണ് എന്ന ആരോപണം ശക്തമായി ഉയര്‍ന്നു കേള്‍ക്കുന്ന സമയത്താണ് നമ്മുടെ നീതിപീഠത്തെ കൂടി പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തരത്തില്‍ പുതിയ വാര്‍ത്തകള്‍ ഉണ്ടാകുന്നത്. അപ്പോഴും ജഡ്ജിമാര്‍ തങ്ങളുടെ വിധികള്‍ ഭരണഘടനാപരവും നിയമപരവുമാണെന്ന് വാദിക്കുന്നുണ്ട്. നീതിന്യായ വ്യവസ്ഥയുടെ തലപ്പത്തിരുന്ന ഒരാളില്‍ നിന്ന് പുറത്തുവരുന്ന ഇത്തരം പ്രസ്താവനകള്‍ ഇന്ത്യയുടെ മതനിരപേക്ഷ സ്വഭാവത്തെയും സ്വതന്ത്ര നീതിന്യായ വ്യവസ്ഥയെയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പശുത്തൊഴുത്തിലേക്ക് കൂട്ടിക്കെട്ടാന്‍ മാത്രമേ സഹായിക്കൂ.