കോഴിക്കോട്: കരൾ മാറ്റ ശസ്ത്രക്രിയക്ക് ആവശ്യമായ 25 യൂണിറ്റ് രക്തം നൽകി ഡിവെെഎഫ്ഐ. പാനൂർ ബ്ലോക്കിൽ ഉൾപ്പെട്ട ഡിവെെഎഫ്ഐ കവിയൂർ ഈസ്റ്റ് യൂണിറ്റ് ആണ് 25 യൂണിറ്റ് A+ve രക്തം കോഴിക്കോട് മെെത്ര ഹോസ്പിറ്റലിൽ എത്തിച്ചു നൽകിയത്. കരൾ മാറ്റ ശസ്ത്രക്രിയക്ക് വിധേയനാകുന്ന പഴയങ്ങാടി സ്വദേശിയായ ജയകൃഷ്ണന് വേണ്ടിയാണ് ഡിവെെഎഫ്ഐ യൂണിറ്റ് രക്തം ദാനം ചെയ്തത്.തൊട്ടടുത്ത യൂണിറ്റുകളിൽ നിന്നടക്കം 25 യുവതീ യുവാക്കളെ സംഘടിപ്പിച്ച് ഏകോപിപ്പിച്ചാണ് യൂണിറ്റ് ഇത്തരത്തിലൊരു പ്രവർത്തനം ഏറ്റെടുത്ത് വിജയിപ്പിച്ചത്. മെെത്ര ഹോസ്പിറ്റലിൽ ഏറ്റവും കൂടുതൽ പേർ ഒരേ രക്തഗ്രൂപ്പിൽ പെട്ട രക്തം ദാനം ചെയ്ത ദിവസം കൂടിയായിരുന്നു ഇന്നലെ. യൂണിറ്റ് സെക്രട്ടറി മേഘിന എം, വെെസ് പ്രസിഡന്റ് അശ്വിന്‍, ജോയിന്റ് സെക്രട്ടറി അക്ഷയ് എസ് എന്നിവരാണ് നേതൃത്വം നല്‍കിയത്