പല ഭാഷകളിലായി പലദേശങ്ങളില്‍ ഇസ്രയേല്‍ പലസ്തീനില്‍ നടത്തുന്ന വംശഹത്യക്കെതിരെ പ്രതിഷേധങ്ങളുടെ ശബ്ദം ഉയര്‍ന്നു കേള്‍ക്കുകയാണ്. അമേരിക്കയുടെ സാമ്രാജ്യത്വ മോഹം തോക്കിൻ കു‍ഴലിലൂടെ നടപ്പിലാക്കാൻ ശ്രമിക്കുന്ന ഇസ്രയേല്‍ വിശപ്പിന്റെ വിളിയാല്‍ കൈനീട്ടി നില്‍ക്കുന്ന നിസഹായരായ മനുഷ്യരെ കൊന്നൊടുക്കുമ്പോള്‍ ലോകമാകെ ഉയര്‍ന്നു കേട്ട ഒരു ഗാനമുണ്ട് ‘ലിവെ പലസ്തീന’. കല പ്രതിരോധവും പ്രതിഷേധവുമാകുമ്പോള്‍, സംഗീതത്തെ പ്രതിഷേധത്തിന്റെ മുദ്രാവാക്യമാക്കിയുയര്‍ത്തുന്ന മറ്റൊരു ഗാനമാണ് ‘The Wound- Say No To War’.ഗാസയിലെ തെരുവുകളില്‍ കണ്ണീരും ദുരിതവും സര്‍വ നാശവും വിതച്ച ആക്രമണങ്ങളില്‍ ലോക മനസാക്ഷി തന്നെ മരവിച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ യുദ്ധമല്ല, ശാന്തിയും സമാധാനവും തന്നെയാണ് മനുഷ്യ വിജയം എന്ന ആശയത്തിലാണ് ‘The Wound- Say No To War’ എന്ന ഗാനം പിറവിയെടുത്തിരിക്കുന്നത്.സംഗീത സംവിധായകനും ഗായകനുമായ ദേവാനന്ദ് കൂടത്തിങ്ങലിന്റെ സംഗീതത്തിൽ പിന്നണി ഗായകൻ കലേഷ് കരുണാകരൻ ആലപിച്ച ഗാനത്തിന്റെ ഓർക്കസ്ട്രേഷൻ ചെയ്തിരിക്കുന്നത് ദിലീപ് ബാബു വാണ്. അക്ഷയ് പയ്യന്നൂർ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന ഗാനം ഗുൽമോഹർ പ്രോഡക്ഷൻസ് ആണ് നിർമ്മിച്ചത്. നിരവധി ശ്രദ്ധേയ ഗാനങ്ങളുടെ രചയിതാവായ ഷിജു ആർ കാനായിയുടേതാണ് വരികള്‍.‘ഇവിടെമിനിയും ഇടതു തന്നെ ഒരുമയോടെ നീങ്ങിടാം’ എന്ന ഏറെ ശ്രദ്ധേയമായ വിപ്ലവഗാനമുള്‍പ്പെടെ നിരവധി ഗാനങ്ങ‍ളുടെ രചയിതാവാണ് ഷിജു ആർ കാനായി. കലയും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായി മുന്നോട്ട് കൊണ്ടുപോകുന്ന ഷിജുവിന്റെ തൂലികയില്‍ പിറന്ന പല ഗാനങ്ങളും പലപ്പോ‍ഴും നമ്മള്‍ കേട്ടിട്ടുള്ളതായിരിക്കും.ഏറെ ശ്രദ്ധേയമായ ഷിജു കാനായിയുടെ ഒരു ഗാനമാണ് ‘ചുവന്ന പൂക്കള്‍ തേടി വന്ന കിളികളെ’. യൂട്യൂബില്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ട ഗാനം വരികളിലൂടെ ഇന്നലെകളില്‍ അടിച്ചമര്‍ത്തപ്പെട്ട മനുഷ്യരുടെ പോരാട്ടത്തിന്റെ രണസ്മരണകളെ ഉണര്‍ത്തുന്നതാണ്. ഈ മണ്ണ് എങ്ങനെ ചുവന്നുവെന്ന് കരുത്തുറ്റ വരികളിലൂടെ ഗാനത്തില്‍ അടയാളപ്പെടുത്തുകയാണ് ഷിജു കാനായി.നിറയെ ചുവന്ന സ്വപ്നങ്ങൾ കാണുന്ന ലോകത്തിന് നിരന്തരം ആവേശംകൊള്ളിക്കുന്ന അപൂർവമായൊരു ജീവിതകഥയാണ് സഖാവ് പുഷ്പന്റേത്. പെയ്തുതീരാത്ത ആ സമരപോരാട്ടത്തിന്റെ ആവേശത്തിരയടിക്കുന്ന ഒരു കവിതയും ഷിജു കാനായി രചിച്ചിട്ടുണ്ട്. ത്യാഗത്തിന് പേരായി എന്നും ഞങ്ങളില്‍ സഖാവ് പുഷ്പനുണ്ട് എന്ന് പറയുന്ന കവിത. പോരാട്ടത്തിന്റെ പോര്‍വീഥികളില്‍ അമരജീവിതം നയിക്കുന്ന സഖാവ് പുഷ്പൻ പകരുന്ന ആവേശം വരികളിലൂടെ പകരുകയാണ് ഷിജു കാനായി.ക‍ഴിഞ്ഞ നിയമസഭ ഇലക്ഷൻ സമയത്ത് ബിജിബാലിന്റെ ശബ്ദത്തില്‍ കേട്ട് കേരളം ഏറ്റുപാടുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്ത ഇവിടമിനിയും ഇടതു തന്നെ എന്ന ഗാനത്തിന്റെ വരികളും പിറന്നിരിക്കുന്ന ഷിജുവിന്റെ പേനയില്‍ നിന്നാണ്. ഇവിടമിനിയും ഇടതു തന്നെ ഒരുമയോടെ നീങ്ങിടാം ഈ വസന്തകാലമെത്ര ചോരയാല്‍ തളിര്‍ത്തത് എന്ന് ഇനിയുമുറക്കെ കേരളം ഏറ്റുപാടും. ഇനിയും കേരളത്തില്‍ ഇടതു തന്നെയെന്ന് ജനങ്ങള്‍ ഉറപ്പ് പറയുന്ന കാലഘട്ടത്തിലും കലയിലൂടെ തന്റെ രാഷ്ട്രീയ പ്രവര്‍ത്തനം തുടര്‍ന്നു കൊണ്ടിരിക്കുകയാണ് ഷിജു ആര്‍ കാനായി എന്ന കലാകാരൻ.The post കലയെ രാഷ്ട്രീയദൗത്യമാക്കുന്ന ഷിജു ആര് കാനായി appeared first on Kairali News | Kairali News Live.