കേരളത്തിന്റെ ഐ.ടി. മേഖലയില്‍ പുതിയൊരു അധ്യായം കുറിച്ചു കൊണ്ട് കൊച്ചി ഇന്‍ഫോ പാര്‍ക്ക് മൂന്നാം ഘട്ട വികസനത്തിന് തുടക്കം കുറിക്കുന്നു. നൂതനമായ ‘ലാന്‍ഡ് പൂളിംഗ്’ മാതൃകയിലൂടെ എറണാകുളം ജില്ലയില്‍ 300 ഏക്കറിലധികം വിസ്തൃതിയില്‍ ഒരു ആഗോള നിലവാരമുള്ള ”ഇന്റഗ്രേറ്റഡ് എ.ഐ ടൗണ്‍ഷിപ്പ്” യാഥാര്‍ത്ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.കേരള സര്‍ക്കാരിന്റെ പുതിയ ലാന്‍ഡ് പൂളിംഗ് നിയമപ്രകാരം നടപ്പാക്കുന്ന ഈ പദ്ധതിക്ക് ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്മെന്റ് അതോറിറ്റിയും (ജി.സി.ഡി.എ.) ഇന്‍ഫോപാര്‍ക്കും ഒരുമിച്ചാണ് നേതൃത്വം നല്‍കുന്നത്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഇന്‍ഫോപാര്‍ക്കും ജിസിഡിഎ-യും സെപ്റ്റംബര്‍ 29 ന് ധാരണപത്രം ഒപ്പിട്ടു.ഇന്‍ഫോപാര്‍ക്ക് ഫേസ് 3-ക്ക് വേണ്ടി ലാന്‍ഡ് പൂളിംഗിലൂടെ ഭൂമി കണ്ടെത്തേണ്ടത് ജി.സി.ഡി.എ-യുടെ ചുമതലയാണ്. ഫേസ് ത്രീയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത് ഇന്‍ഫോപാര്‍ക്കിന്റെ കടമയാണ്.Also read – അന്താരാഷ്ട്ര ദുരന്തലഘൂകരണ ദിനാചരണം: ഒക്ടോബര്‍ 13ന് കോളേജ് വിദ്യാര്‍ഥികള്‍ക്ക് ക്വിസ് മത്സരംപദ്ധതിയുടെ വിവിധഘട്ടങ്ങള്‍ജി.സി.ഡി.എ.യുമായി ഇന്‍ഫോപാര്‍ക്ക് ധാരണാപത്രം ഒപ്പിടുന്നത് ലാന്‍ഡ് പൂളിംഗ് പദ്ധതിയുടെ ആദ്യ ഘട്ടമാണ്. ഇതിനുശേഷം സാധ്യത പഠനം, സ്റ്റേക്ക്ഹോള്‍ഡര്‍ കണ്‍സള്‍ട്ടേഷനുകള്‍, പ്രാഥമിക സര്‍വേകള്‍, മാസ്റ്റര്‍ പ്ലാനിംഗ്, വിശദമായ പദ്ധതി റിപ്പോര്‍ട്ടുകള്‍ എന്നിവ തയ്യാറാക്കും. ജി.സി.ഡി.എ. ലാന്‍ഡ് പൂളിംഗ് പ്രക്രിയക്ക് നേതൃത്വം നല്‍കുമെങ്കിലും, പദ്ധതിയുടെ ഉടമസ്ഥത ഇന്‍ഫോപാര്‍ക്കിനായിരിക്കും. ലാന്‍ഡ് പൂളിംഗ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം, ജി.സി.ഡി.എ.യും ഇന്‍ഫോപാര്‍ക്കും ചേര്‍ന്ന് ഒരു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.സ്ഥലത്തിന്റെ മാസ്റ്റര്‍ പ്ലാനിംഗ്, ഐടി കമ്പനികളെ ആകര്‍ഷിക്കല്‍, മാര്‍ക്കറ്റിംഗ് തുടങ്ങിയവയുംഇന്‍ഫോപാര്‍ക്കിന്റെ ഉത്തരവാദിത്തമാണ്. ലാന്‍ഡ് പൂളിംഗിനും മറ്റ് അനുബന്ധ സൗകര്യങ്ങള്‍ക്കുമുള്ള ചെലവ് ഇന്‍ഫോപാര്‍ക്ക് ജിസിഡിഎയ്ക്ക് നല്‍കണം.ലാന്‍ഡ് പൂളിംഗ്: വികസനത്തിന് വേഗം കൂട്ടാന്‍ ഒരു നൂതന സമീപനംപരമ്പരാഗത ഭൂമി ഏറ്റെടുക്കല്‍ രീതികളിലെ കാലതാമസവും നിയമപ്രശ്നങ്ങളും ഒഴിവാക്കി, വികസന പദ്ധതികള്‍ക്ക് ആവശ്യമായ ഭൂമി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ സമീപനമാണ് ലാന്‍ഡ് പൂളിംഗ്. ഇതിലൂടെ, ഭൂമിസര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് പകരം, സ്വകാര്യ ഭൂവുടമകളുടെ സമ്മതത്തോടെ അവരുടെ ചെറിയ തുണ്ട് ഭൂമികള്‍ ഒരുമിപ്പിച്ച് വലിയ പ്ലോട്ടാക്കി മാറ്റുന്നു. ഈ ഭൂമിയില്‍ റോഡുകള്‍, IT പാര്‍ക്കുകള്‍, മറ്റ് പൊതു സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി ആസൂത്രിതമായ വികസനം നടത്തുന്നു. അതിനുശേഷം, ഈ വികസിപ്പിച്ച ഭൂമിയുടെ ഒരു ഭാഗം അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ഉപയോഗിച്ച ശേഷം, ബാക്കിയുള്ള ഭാഗം ഭൂമിയുടെ മൂല്യവര്‍ദ്ധനയോടെ ഭൂവുടമകള്‍ക്ക് തിരികെ നല്‍കുന്നു. ഈ പദ്ധതിയുടെ ഏറ്റവും വലിയ ആകര്‍ഷണം വികസിപ്പിച്ച ഭൂമിയുടെ മൂല്യം പല മടങ്ങ് വര്‍ദ്ധിക്കുന്നു എന്നതാണ്. ഇത് ഭൂവുടമകള്‍ക്ക് വലിയ സാമ്പത്തിക നേട്ടം നല്‍കും.സ്ഥലം കണ്ടെത്തുക, ഭൂവുടമകളുമായി ചര്‍ച്ചകള്‍ നടത്തുക, സര്‍വേ ജോലികള്‍, അടിസ്ഥാന സൗകര്യവികസനത്തിന് വേണ്ട പ്രവൃത്തികള്‍ നടത്തി വികസിപ്പിച്ച പ്ലോട്ടുകളാക്കാനുള്ള നടപടികള്‍, അവ തിരികെ ഭൂവുടമകളുടെ ഉടമസ്ഥാവകാശത്തിലേക്ക് നല്‍കല്‍ തുടങ്ങിയവയെല്ലാം ജിസിഡിഎയുടെ ചുമതലയാണ്. കേരള ലാന്‍ഡ് പൂളിംഗ് ചട്ടങ്ങള്‍ പ്രകാരമാണ് നടപടികളെന്ന് കര്‍ശനമായി ഉറപ്പു വരുത്തേണ്ടതും ജിസിഡിഎ ആണ്.ഇന്‍ഫോപാര്‍ക്ക് ഫേസ് 3: ഒരു ഇന്റഗ്രേറ്റഡ് എ.ഐ. ടൗണ്‍ഷിപ്പ്(Integrated AI Township)കൊച്ചിയുടെ അതിവേഗ വളര്‍ച്ചയും നിലവിലുള്ള ഇന്‍ഫോപാര്‍ക്ക് കാമ്പസുകളിലെ സ്ഥലപരിമിതിയും കണക്കിലെടുത്താണ് ഇന്‍ഫോപാര്‍ക്ക് മൂന്നാം ഘട്ടമെന്ന പേരില്‍ 300 ഏക്കറിലധികം വിസ്തൃതിയില്‍ ഈ പദ്ധതിക്ക് രൂപം നല്‍കിയത്. ഇത് വെറുമൊരു ഐ.ടി. പാര്‍ക്ക് വികസനമല്ല, മറിച്ച് ‘ഇന്റഗ്രേറ്റഡ് എ.ഐടൗണ്‍ഷിപ്പ്’ എന്ന ആഗോള സങ്കല്‍പ്പത്തില്‍ ഒരുങ്ങുന്ന ഒരു സാങ്കേതിക കേന്ദ്രമാണ്. ഇത് ആഗോള ടെക് കമ്പനികളെയും, ഗ്ലോബല്‍ കേപ്പബിലിറ്റി സെന്റര്‍ (ജി.സി.സി) മേഖലയിലെ മുന്‍നിര കമ്പനികളെയും ആകര്‍ഷിക്കാന്‍ ലക്ഷ്യമിടുന്നു. ഏകദേശം 25,000 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന ഈ പദ്ധതി, ഏകദേശം 2,00,000 നേരിട്ടുള്ള തൊഴിലവസരങ്ങളും 4,00,000 പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.കേരളത്തിന്റെ ആദ്യത്തെ എ.ഐ. ടൗണ്‍ഷിപ്പ് (Kerala’s first AI Township):ഇന്‍ഫോപാര്‍ക്ക് മൂന്നാം ഘട്ടം ഒരു സാധാരണ ടൗണ്‍ഷിപ്പ് എന്നതിലുപരി കേരളത്തിന്റെ ആദ്യത്തെ എ.ഐ. ടൗണ്‍ഷിപ്പ്ആയി വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നു. ഇതിന്റെ പ്രധാന സവിശേഷതകള്‍ താഴെ പറയുന്നവയാണ്:സുസ്ഥിരത (Sustainability)കാര്‍ബണ്‍ നെഗറ്റിവിറ്റി (Carbon Negativity):എ.ഐ. നിയന്ത്രിത ഊര്‍ജ്ജ സംവിധാനങ്ങളിലൂടെയും പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളിലൂടെയും നഗരം കാര്‍ബണ്‍ നെഗറ്റീവായി നിലനിര്‍ത്താന്‍ ശ്രമിക്കും.വാട്ടര്‍ പോസിറ്റിവിറ്റി (Water Positivity):മഴവെള്ള സംഭരണം, റോവാട്ടര്‍ റീസൈക്ലിംഗ് തുടങ്ങിയ സംവിധാനങ്ങളിലൂടെ നഗരം ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ ജലം സംഭരിച്ച് ജലസുരക്ഷ ഉറപ്പാക്കും.സീറോ വേസ്റ്റ് (Zero Waste): എ.ഐ. അടിസ്ഥാനമാക്കിയുള്ള മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നു.കണക്റ്റിവിറ്റി (Connectivity): കൊച്ചി നഗരം, ദേശീയപാത, റെയില്‍വേ, മെട്രോ, വിമാനത്താവളം തുടങ്ങിയ ഗതാഗത സംവിധാനങ്ങളിലേക്കുള്ള കണക്ടിവിറ്റി.ആക്സിസിബിലിറ്റി&ഇന്‍ക്ലൂസിവിറ്റി (Accessibility & Inclusivity): എല്ലാ വിഭാഗം ആളുകള്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാനും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനും കഴിയുന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്യുന്നു.മെയിന്റെനബിലിറ്റി(Maintainability): ദീര്‍ഘകാലം നിലനില്‍ക്കുന്നതും പരിപാലിക്കാന്‍ എളുപ്പമുള്ളതുമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നു.സുരക്ഷ (Security): എ.ഐ. ഡ്രിവണ്‍ നിരീക്ഷണ സംവിധാനങ്ങള്‍ ഉപയോഗിച്ച് 24/7 സുരക്ഷ ഉറപ്പു വരുത്തും.സാങ്കേതിക വിദ്യ സംയോജനം (Technology Integration): എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എ.ഐ. ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, ട്രാഫിക്, മാലിന്യ സംസ്കരണം, പൗര സേവനങ്ങള്‍ തുടങ്ങിയവ.എല്ലാ മേഖലകളിലും എ.ഐ. (AI in all sectors)അര്‍ബന്‍ സിറ്റി ബ്രെയിന്‍:എല്ലാ നഗര പ്രവര്‍ത്തനങ്ങളെയും ഏകോപിപ്പിക്കുന്ന ഒരു കേന്ദ്രീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഉപയോഗിച്ച് തത്സമയ ഡാറ്റ വിശകലനത്തിലൂടെ പ്രശ്നങ്ങളെ മുന്‍കൂട്ടി കണ്ട് പരിഹാരങ്ങള്‍ കണ്ടെത്തും.വൈവിധ്യമാര്‍ന്ന എ.ഐ. സാന്നിധ്യം:റെസിഡന്‍ഷ്യല്‍, വാണിജ്യ, റീട്ടെയില്‍, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി തുടങ്ങിയ എല്ലാ മേഖലകളിലും എ.ഐ.യുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തും.ഐടി കെട്ടിടങ്ങള്‍ക്ക് പുറമെ പാര്‍പ്പിട സൗകര്യങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കായിക-സാംസ്ക്കാരിക സംവിധാനങ്ങള്‍, ലോകോത്തര ബ്രാന്‍ഡുകളും ഇന്ത്യയില്‍ നിന്നുള്ള മുന്‍നിര ബ്രാന്‍ഡുകളെയും സ്മന്വയിപ്പിച്ച ഷോപ്പിംഗ് മാളുകള്‍, ആംഫി തിയേറ്റര്‍, ആധുനിക ആശുപത്രി, ബഹുനില പാര്‍ക്കിംഗ് സംവിധാനം, തടാകങ്ങള്‍, തുറസ്സായിടം തുടങ്ങി കണ്ണഞ്ചിപ്പിക്കുന്ന ആധുനിക സൗകര്യങ്ങളാണ് ഫേസ് ത്രീയില്‍ ഒരുക്കുന്നത്.ജി.സി.ഡി.എ – ഇന്‍ഫോപാര്‍ക്ക് പദ്ധതി: ഒരു മാതൃകപദ്ധതിയുടെ വ്യാപ്തി: എറണാകുളം ജില്ലയില്‍ 300 ഏക്കറിലധികം ഭൂമിയാണ് ലാന്‍ഡ് പൂളിംഗ് വഴി കണ്ടെത്താന്‍ ഉദ്ദേശിക്കുന്നത്.ലക്ഷ്യങ്ങള്‍: ഏകദേശം 25,000 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കാനും 2 ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാധിക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.നടപടിക്രമങ്ങള്‍: ലാന്‍ഡ് പൂളിംഗ് നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച്, നിര്‍ദ്ദേശിക്കപ്പെട്ട ഭൂമിയുടെ 75% ഉടമസ്ഥരുടെ സമ്മതം ലഭിച്ചാല്‍ മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കഴിയൂ. ഇതിനായി ഭൂവുടമകളുമായി ചര്‍ച്ച നടത്താനും പദ്ധതിയുടെ നേട്ടങ്ങള്‍ അവരെ ബോധ്യപ്പെടുത്താനും ജി.സി.ഡി.എ. നടപടികള്‍ ആരംഭിച്ചു.75% ഭൂവുടമകളുടെ സമ്മതം ലഭിക്കാത്തപക്ഷം അനുയോജ്യമായ മറ്റു ഭൂമി കണ്ടെത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കും.ഈ എ.ഐസംയോജിത ടൗണ്‍ഷിപ്പ് കേരളത്തിലെ യുവാക്കള്‍ക്ക് അത്യാധുനിക സാങ്കേതിക മേഖലയില്‍ തൊഴില്‍ നേടാന്‍ വഴിയൊരുക്കും. ലാന്‍ഡ് പൂളിംഗ് നിയമങ്ങള്‍ നിലവില്‍ വന്നതോടെ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മറ്റ് വികസന അതോറിറ്റികള്‍ക്കും ഇനി മുതല്‍ ഈ രീതി അവലംബിച്ച് പ്രാദേശിക വികസന പദ്ധതികള്‍ ആവിഷ്കരിക്കാന്‍ സാധിക്കും. ഇത് കേരളത്തിന്റെ വിവിധ വികസന മേഖലകളില്‍ ഒരു പുതിയ അധ്യായം കുറിക്കും.ഇന്‍ഫോപാര്‍ക്ക് ഫേസ് ത്രീയ്ക്കൊപ്പം ഇന്‍ഫോപാര്‍ക്ക് ഫേസ് ഫോറിന്റെയും സ്ഥലമേറ്റെടുക്കലിനായുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇത് യാഥാര്‍ഥ്യമാകുന്നതോടെ ലോക സമൂഹം ഉറ്റുനോക്കുന്ന ഐടി ആവാസവ്യവസ്ഥയായി കൊച്ചി മാറാന്‍ പോവുകയാണ്. ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍, ജിസിഡിഎ ചെയര്‍മാന്‍ കെ ചന്ദ്രന്‍ പിള്ള എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.The post കേരളത്തിന്റെ വികസന സ്വപ്നങ്ങള്ക്ക് പുതുവേഗം പകര്ന്ന് ഇന്ഫോപാര്ക്ക് ഫേസ് 3; ലാന്ഡ് പൂളിംഗ് വഴി എ.ഐ ടൗണ്ഷിപ്പ് ഒരുങ്ങുന്നു appeared first on Kairali News | Kairali News Live.