മനാമ: ഗാസ യുദ്ധം അവസാനിപ്പിക്കാനായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവച്ച 20 ഇന പദ്ധതിയെ സ്വാഗതം ചെയ്ത് ബഹ്റൈന്‍. മിഡില്‍ ഈസ്റ്റില്‍ സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനുള്ള ഒരു നല്ല ചുവടുവയ്പ്പായാണ് വിദേശകാര്യ മന്ത്രാലയം ട്രംപിന്റെ ‘സമാധാന പദ്ധതി’യെ വിശേഷിപ്പിച്ചത്.യുദ്ധം അവസാനിപ്പിക്കാനും ഗാസയിലെ ജനങ്ങളുടെ ദുരിതങ്ങള്‍ ലഘൂകരിക്കാനും ലക്ഷ്യമിട്ടുള്ള സമാധാനപരമായ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതില്‍ എല്ലാവരും പ്രതിജ്ഞാബദ്ധരാണെന്ന് ഉറപ്പാക്കണമെന്നും സംയുക്ത ശ്രമങ്ങള്‍ ശക്തമാക്കണമെന്നും മന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു.ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ എല്ലാ ബന്ദികളെയും മോചിപ്പിക്കുക, ഇസ്രായേലി സൈന്യത്തെ ഗാസയില്‍നിന്ന് ഘട്ടംഘട്ടമായി പിന്‍വലിക്കുക, 1,950 ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കുക എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഈ നിര്‍ദേശം അംഗീകരിച്ചിട്ടുണ്ട്.ഹമാസിനെ നിരായുധീകരിക്കുകയും ഗാസയുടെ ഭരണത്തില്‍നിന്ന് പുറത്താക്കുകയും ചെയ്യും. ട്രംപിന്റെ അധ്യക്ഷതയിലുള്ള ഒരു അന്താരാഷ്ട്ര ഇടക്കാല സമിതിയുടെ മേല്‍നോട്ടത്തില്‍ ഫലസ്തീന്‍ സമിതി ഗാസയിലെ ദൈനംദിന സിവിലിയന്‍ കാര്യങ്ങള്‍ നിര്‍വഹിക്കും. ഈ സമിതി ഒടുവില്‍ ഗാസയുടെ ഭരണം പരിഷ്കരിച്ച ഫലസ്തീന്‍ അതോറിറ്റിക്ക് (പിഎ) കൈമാറും. The post ഗാസ യുദ്ധം; ട്രംപിന്റെ ‘സമാധാന പദ്ധതി’ സ്വാഗതം ചെയ്ത് ബഹ്റൈന് appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.