ലഡാക്ക് പ്രശ്‌നത്തിന്റെ മര്‍മം

Wait 5 sec.

കേന്ദ്രത്തിന്റെ അവഗണനക്കെതിരായ ജനങ്ങളുടെ അമര്‍ഷമാണ് ലഡാക്കില്‍ കത്തിയാളുന്നത്. 2019ല്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കപ്പെട്ട ശേഷം കേന്ദ്രഭരണ പ്രദേശമായി തുടരുകയാണ് ലഡാക്ക്. തുടക്കത്തില്‍ കേന്ദ്രഭരണത്തെ അനുകൂലിച്ചിരുന്ന ലഡാക്ക് ജനതയുടെ മനോഗതി ക്രമേണ മാറുകയും സംസ്ഥാനപദവി ആവശ്യപ്പെട്ട് രംഗത്തുവരികയുമായിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ ജനങ്ങളുടെ മാറ്റം പ്രകടമാണ്. 2014ലെയും 2019ലെയും തിരഞ്ഞെടുപ്പുകളില്‍ ബി ജെ പി വിജയിച്ച ലഡാക്കില്‍ 2024ല്‍ അവര്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രണ്ട് വര്‍ഷത്തോളമായി ലഡാക്കിലെ രാഷ്ട്രീയ ശക്തികളായ ലേ അപെക്സ് ബോഡിയും കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സും ലഡാക്കിന്റെ സംസ്ഥാന പദവിക്കും ഗോത്രപദവിക്കും വേണ്ടി സമരത്തിലാണ്. കഴിഞ്ഞ വര്‍ഷം ജമ്മു കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നതോടെ ലഡാക്ക് ജനതയുടെ അമര്‍ഷം ശതഗുണീഭവിച്ചു. അതിന്റെ പരിണതിയാണ് നാല് പേരുടെ മരണത്തിനിടയാക്കിയ ലഡാക്കിലെ പ്രക്ഷോഭം.രാജ്യത്തിന്റെ വടക്കേ അതിര്‍ത്തിയില്‍ ലേ, കാര്‍ഗില്‍ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന മേഖലയാണ് ലഡാക്ക്. ലോകത്തെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നുമാണിത്. പാകിസ്താനും ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ഈ പ്രദേശത്തെ ചൊല്ലി ഇരുരാഷ്ട്രങ്ങളുമായി തര്‍ക്കത്തിലാണ് ഇന്ത്യ. ലഡാക്കിന്റെ ഭാഗമായ ഹോര്‍ത്താല്‍ മേഖലയില്‍ കൈയേറ്റത്തിലൂടെ രണ്ട് പുതിയ പ്രവിശ്യകള്‍ സ്ഥാപിക്കാന്‍ ചൈന നടത്തുന്ന നീക്കം വിവാദമായിരുന്നു. ഇന്ത്യയുടെ പരമാധികാരത്തിലുള്ളതാണ് കാലങ്ങളായി ഈ പ്രദേശമെന്നും ചൈനയുടെ അനധികൃത കൈയേറ്റം ചെറുക്കുമെന്നും ജനുവരിയില്‍ വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ലഡാക്കില്‍ ഏകദേശം ഡല്‍ഹിയോളം വലിപ്പം വരുന്ന പ്രദേശം ചൈന കൈയേറിയിട്ടുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറയുന്നത്. ഈ സാഹചര്യത്തില്‍ ലഡാക്കില്‍ അരങ്ങേറുന്ന പ്രക്ഷോഭത്തെ ഭീതിയോടെയാണ് കേന്ദ്രം നോക്കിക്കാണുന്നത്.ലഡാക്ക് കലാപത്തില്‍ പാകിസ്താന്റെ പങ്ക് ആരോപിക്കുന്നു കേന്ദ്രവും ബി ജെ പിയും. നാല് ദിവസം മുമ്പ് മൊറോക്കോ സന്ദര്‍ശന വേളയില്‍, പാക് അധീന കശ്മീരുമായി ബന്ധപ്പെട്ട് പാകിസ്താനെ ചൊടിപ്പിക്കുന്ന പ്രസ്താവന നടത്തിയിരുന്നു പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ‘സൈനിക നടപടിയിലൂടെ അല്ലാതെ തന്നെ താമസിയാതെ പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാകും. ഇന്ത്യയില്‍ ലയിക്കണമെന്ന ആവശ്യവുമായി അവിടുത്തെ ജനത രംഗത്തുവന്നുകൊണ്ടിരിക്കുകയാണെ’ന്നാണ് മൊറോക്കോയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യവെ രാജ്നാഥ് സിംഗ് പറഞ്ഞത്. ഇതിനുള്ള പാകിസ്താന്റെ മറുപടിയാണ് ലഡാക്ക് കലാപമെന്നാണ് ബി ജെ പി മാധ്യമങ്ങളുടെ പക്ഷം.പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ സോനം വാംഗ്ചുകിന്റെ ചരടുവലിയാണ് കലാപത്തിന് വഴിമരുന്നിട്ടതെന്ന ആരോപണവും ഉന്നയിക്കുന്നുണ്ട് ബി ജെ പി കേന്ദ്രങ്ങള്‍. ഒക്ടോബര്‍ ആറിന് ചര്‍ച്ച നടക്കാനിരിക്കെ കലാപത്തിന് ആഹ്വാനം നല്‍കുന്ന തരത്തില്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ നടത്തിയ പ്രസ്താവനകളാണ് ജനങ്ങളെ അക്രമാസക്തരാക്കിയതെന്നാണ് കേന്ദ്രത്തിന്റെ കുറ്റപ്പെടുത്തല്‍. സോനം വാംഗ്ചുക് നടത്തിയ പ്രകോപന പ്രസംഗങ്ങളും ജനങ്ങളെ തെരുവിലിറങ്ങാന്‍ ഇടയാക്കിയെന്ന് ആഭ്യന്തര മന്ത്രാലയം കുറ്റപ്പെടുത്തുന്നു. എന്നാല്‍ ലഡാക്ക് ജനതയോട് കേന്ദ്രം കാണിക്കുന്ന അവഗണനയും ഭരണപരമായ കഴിവുകേടും മറച്ചുപിടിക്കാനാണ് കേന്ദ്രം ഈ കാരണങ്ങളത്രയും നിരത്തുന്നത്.ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനു മുമ്പ്, ജമ്മു കശ്മീര്‍ നിയമസഭയിലേക്ക് ലഡാക്ക് നാല് നിയമസഭാംഗങ്ങളെ അയച്ചിരുന്നു. കേന്ദ്രഭരണ പ്രദേശമായതിനു ശേഷം ഇവിടെ നിന്നുള്ള ഏക ലോക്സഭാ അംഗമാണ് പ്രദേശത്തിന്റെ ആവശ്യങ്ങളും പ്രശ്നങ്ങളും ഭരണകൂടത്തിന്റെ മുമ്പില്‍ അവതരിപ്പിക്കാനുള്ള പ്രതിനിധി. അധികാര കേന്ദ്രങ്ങളിലെ ഈ പ്രാതിനിധ്യക്കുറവ് പ്രദേശത്തിന്റെ വികസനത്തെ ബാധിക്കുന്നുണ്ട്. ന്യൂഡല്‍ഹി കേന്ദ്ര ബിന്ദുവായ ഭരണത്തില്‍, മേഖലയില്‍ പ്രഖ്യാപിക്കുന്ന വികസന പദ്ധതികളില്‍ ലഡാക്കിന് അര്‍ഹമായ പങ്ക് ലഭിക്കുന്നില്ല. കേന്ദ്രഭരണത്തിലായാല്‍ പൂര്‍വോപരി മികച്ച പങ്കും വികസനവും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍ ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള തീരുമാനത്തോട് തുടക്കത്തില്‍ അനുകൂലഭാവം പ്രകടിപ്പിച്ചത്. അത് അബദ്ധമായിപ്പോയെന്ന് താമസിയാതെ അവര്‍ക്ക് ബോധ്യപ്പെട്ടു. ധാതുസമ്പത്തിനാല്‍ സമ്പന്നമായ പ്രദേശമാണ് ലഡാക്ക്. ഇത് ഖനനം ചെയ്യാന്‍ കേന്ദ്രത്തിന്റെ ഒത്താശയോടെ വന്‍കിട കോര്‍പറേറ്റുകള്‍ ലഡാക്കിലെത്തുമ്പോള്‍ പ്രദേശത്ത് ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് ജനങ്ങള്‍ ആശങ്കിക്കുന്നു. സംസ്ഥാന പദവി കൈവന്നാല്‍ ഇത്തരം പ്രശ്നങ്ങളെ നാടിന്റെയും ജനങ്ങളുടെയും താത്പര്യം കൂടി പരിഗണിച്ച് കൈകാര്യം ചെയ്യാനാകും.2024 മാര്‍ച്ചിലാണ് സംസ്ഥാന പദവിയും ആറാം ഷെഡ്യൂള്‍ പ്രകാരം ഗോത്രപദവിയും ആവശ്യപ്പെട്ട് ലഡാക്ക് ജനത രംഗത്തിറങ്ങിയത്. അതിനു മുമ്പ് നടന്ന ഒരു ചര്‍ച്ചയില്‍, ഗോത്രപദവി നല്‍കാനാകില്ല, എന്നാല്‍ ആര്‍ട്ടിക്കിള്‍ 371ന് സമാനമായ പദവി നല്‍കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വാക്ക് നല്‍കിയിരുന്നുവത്രെ. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ പിന്നാക്ക പ്രദേശങ്ങളുടെ വികസനം ഉറപ്പാക്കുന്നതാണ് ഈ വകുപ്പ്. ആ പദവിയും ഇതുവരെ നല്‍കിയിട്ടില്ല. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരുന്നുണ്ടെങ്കിലും ഖണ്ഡിതമായ ഒരു തീരുമാനത്തിലെത്താതെ പ്രശ്നം നീട്ടിക്കൊണ്ടുപോകുകയാണ് കേന്ദ്രമെന്നാണ് ലേ അപെക്സ് ബോഡിയും കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സും സോനം വാംഗ്ചുകും പറയുന്നത്. ഇനിയും നീട്ടിക്കൊണ്ടുപോകാതെ പ്രശ്നം പരിഹരിക്കാന്‍ കേന്ദ്രം തയ്യാറായില്ലെങ്കില്‍ അതിര്‍ത്തി പ്രദേശമെന്ന നിലയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് സാധ്യതയേറെയാണ്.