കോട്ടയം | ജനറല്‍ സെക്രട്ടറി സുപ്രധാന രാഷ്ട്രീയ നിലപാട് വെളിപ്പെടുത്തിയതിനു പിന്നാലെ എന്‍ എസ് എസ് പൊതുയോഗം ഇന്നു നടക്കും. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ വരവ്, ചെലവ് കണക്കും ഇന്‍കം ആന്‍ഡ് എക്‌സ്‌പെന്റിച്ചര്‍ സ്റ്റേറ്റ്‌മെന്റും അംഗീകരിക്കുന്നതിനുള്ള പൊതുയോഗമാണ് നടക്കുന്നതെങ്കിലും രാഷ്ട്രീയ കാര്യങ്ങളും ചര്‍ച്ച ചെയ്യുമെന്നാണ് വിവരം.ചങ്ങനാശ്ശേരി പെരുന്നയിലെ എന്‍ എസ് എസ് ആസ്ഥാനത്തെ പ്രതിനിധിസഭാ മന്ദിരത്തില്‍ രാവിലെ 11.30ന് യോഗം തുടങ്ങും. ശബരിമല വിഷയത്തിലെ ജനറല്‍ സെക്രട്ടറിയുടെ സര്‍ക്കാര്‍ അനുകൂല നിലപാടും ഇതിനെതതിരെ ചില കരയോഗങ്ങളില്‍ വിഭാഗീയമായി ഉണ്ടായ പ്രതികരണങ്ങളും ചര്‍ച്ചയായേക്കും.ജനറല്‍ സെക്രട്ടറിക്കെതിരെ ബാനര്‍ ഉര്‍ത്തുന്നത് എന്‍ എസ് എസിന്റെ ശത്രുക്കളാണെന്നും സംഘടന ഒറ്റക്കെട്ടാണെന്നുമാണ് ഭാരവാഹികള്‍ പറയുന്നത്. എന്‍ എസ് എസ് നിലപാടിന് സമൂഹത്തിലുള്ള പ്രാധാന്യമാണ് ഇത്തരം വിവാദത്തിലൂടെ വ്യക്തമാകുന്നതെന്നും നേതാക്കള്‍ പറയുന്നു.