ഐക്യരാഷ്ട്രസഭാ പ്രസംഗ രജത ജൂബിലി; അമൃതാനന്ദമയിക്ക് സര്‍ക്കാര്‍ ആദരം മന്ത്രി സജി ചെറിയാന്‍ സമര്‍പ്പിച്ചു

Wait 5 sec.

കൊല്ലം | ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ മാതാ അമൃതാനന്ദമയി ലോകത്തെ മലയാളത്തില്‍ അഭിസംബോധന ചെയ്തതിന്റെ രജത ജൂബിലി ആഘോഷവേളയില്‍ സംസ്ഥാന സര്‍ക്കാറിന്റെ ആദരം സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ സമര്‍പ്പിച്ചു.അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാംപസിലാണ് ഐക്യരാഷ്ട്രസഭയിലെ പ്രസംഗം ‘അമൃതവര്‍ഷം 72’ വേദിയില്‍ പുനരവതരിപ്പിച്ചത്. ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ആയിരങ്ങള്‍ സംബന്ധിച്ചു.കേരളത്തിലെ സംസ്‌കാരിക മൂല്യങ്ങളാണ് മാതൃഭാഷയിലൂടെ അമൃതാനന്ദ മയി ലോകത്തിനുമുന്നില്‍ പരിചയപ്പെടുത്തിയതെന്ന് മന്ത്രി പറഞ്ഞു. മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും ശക്തി ലോകത്തിനുമുന്നില്‍ തെളിയിക്കാന്‍ മാതാ അമൃതാനന്ദമയിക്ക് കഴിഞ്ഞു. നമ്മുടെ ഭാഷയെ വിസ്മരിക്കുന്നവര്‍ക്കുള്ള സന്ദേശമാണ് ഇതെന്നും മന്ത്രി പറഞ്ഞു.ഈ പുരസ്‌കാരം മലയാളഭാഷയ്ക്കുതന്നെ സമര്‍പ്പിക്കുന്നെന്നും മലയാളഭാഷയുടെ പ്രോത്സാഹനത്തിന് എല്ലാ മാതാപിതാക്കളും മക്കളെ പ്രചോദിപ്പിക്കണമെന്നും അമൃതാനന്ദമയി മറുപടി പ്രസംഗത്തില്‍ പറഞ്ഞു.എം എല്‍എമാരായ സി ആര്‍ മഹേഷ്, ഉമാ തോമസ്, ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ എസ് രാധാകൃഷ്ണന്‍, ഐ ജി ലക്ഷ്മണ്‍ ഗുഗുലോത്ത്, കേരള ലോ അക്കാദമി ഡയറക്ടര്‍ നാഗരാജ നാരായണന്‍, നടന്‍ ദേവന്‍ എന്നിവര്‍ മാതാ അമൃതാനന്ദമയിയെ ആദരിച്ചു. മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി, സ്വാമിനി സുവിദ്യാമൃതപ്രാണ എന്നിവര്‍ സംസാരിച്ചു.