എലപ്പുള്ളി ബ്രൂവറി പദ്ധതി: ഡിജിറ്റല്‍ സര്‍വ്വേ നടത്തുന്നതിന് പ്രദേശം വൃത്തിയാക്കാന്‍ നടപടി തുടങ്ങി ഒയാസിസ് കമ്പനി

Wait 5 sec.

പാലക്കാട്| പാലക്കാട് എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതി പ്രദേശം വൃത്തിയാക്കാന്‍ ഒയാസിസ് കമ്പനി നടപടി ആരംഭിച്ചു. ഡിജിറ്റല്‍ സര്‍വ്വേ നടത്തുന്നതിന് മുന്നോടിയായി കാട് വെട്ടി തെളിക്കുകയാണ് ആവശ്യമെന്ന് കമ്പനി പ്രതിനിധി പറഞ്ഞു. എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് – ബിജെപി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പ്രതിഷേധിച്ചു. അതേസമയം ഒരു നിര്‍മ്മാണ പ്രവര്‍ത്തനവും നടത്തുന്നില്ലെന്ന് ഒയാസിസ് കമ്പനി പ്രതിനിധി ഗോപീകൃഷ്ണന്‍ സ്ഥലത്തെത്തി പ്രതിഷേധക്കാരെ അറിയിച്ചു.കാട് വെട്ടിത്തെളിക്കാനാണ് എത്തിയത്. സ്ഥലം കാട് പിടിച്ച് കടക്കുന്നുവെന്ന് പലരും പരാതി പറഞ്ഞിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കല്ല എത്തുന്നതെന്ന് വില്ലേജ് ഓഫീസറോടും പോലീസിനെയും അറിയിച്ചിരുന്നുവെന്നും ഗോപീകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.പാലക്കാട് ജില്ലയിലെ കിഴക്കന്‍ മേഖലയിലുള്ള കാര്‍ഷിക ഗ്രാമമാണ് എലപ്പുള്ളി. എലപ്പുള്ളി പഞ്ചായത്തിലെ ആറാം വാര്‍ഡിലുള്ള മണ്ണുക്കാട് പ്രദേശത്താണ് മധ്യപ്രദേശിലെ മദ്യ നിര്‍മ്മാണ കമ്പനിയായ ഒയാസിസ് കൊമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡിന് ബ്രൂവറി പ്ലാന്റ് നിര്‍മ്മിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പ്രാരംഭാനുമതി നല്‍കിയത്. 24 ഏക്കര്‍ സ്ഥലമാണ് കമ്പനി മദ്യനിര്‍മ്മാണ പ്ലാന്റ് നിര്‍മിക്കാനായി വാങ്ങിയത്. ഇതില്‍ നാല് ഏക്കര്‍ കൃഷി ഭൂമിയായിരുന്നു. പ്ലാന്റ് എത്തുന്നതോടെ പ്രദേശത്തെ കാര്‍ഷിക മേഖല താറുമാറാകുമെന്നും കുടിവെള്ള പ്രശ്‌നം രൂക്ഷമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് അടക്കം പദ്ധതിയെ എതിര്‍ക്കുന്നത്.