ചന്ദ്രചൂഡിന്റെ പ്രസ്താവം ജുഡീഷ്യറിയോടുളള അവഹേളനം

Wait 5 sec.

ചരിത്രത്തോടും ജുഡീഷ്യറിയോടുമുള്ള കടുത്ത അവഹേളനമാണ് ബാബരി മസ്ജിദിനെക്കുറിച്ച് മുൻ ചീഫ് ജസ്റ്റിസും അയോധ്യ കേസ് വിധി പറഞ്ഞ സുപ്രീം കോടതി ബഞ്ചിലെ അംഗവുമായിരുന്ന ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പരാമർശം. “ബാബരി മസ്ജിദിന്റെ നിർമാണം അടിസ്ഥാനപരമായ അവഹേളനമായിരുന്നു. പള്ളി നിർമിച്ചത് നേരത്തേ അവിടെയുണ്ടായിരുന്ന ക്ഷേത്രം തകർത്താണെ’ന്നാണ് ന്യൂസ് ലോൺഡ്രി വാർത്താ പോർട്ടലിന്റെ റിപോർട്ടർ ശ്രീനിവാസൻ ജെയിനുമായുള്ള അഭിമുഖത്തിൽ ചന്ദ്രചൂഡ് പറഞ്ഞത്. പള്ളിയുടെ നിർമാണത്തിന് മുമ്പ് ഹിന്ദുക്കൾ അവിടെ ആരാധന നടത്തിയതിന് തെളിവുണ്ട്. ഇതിന് പുരാവസ്തു രേഖകൾ ലഭ്യമാണെന്നും ചന്ദ്രചൂഡ് പറയുന്നു.അയോധ്യയിൽ ക്ഷേത്രം പൊളിച്ചാണ് ബാബരി മസ്ജിദ് പണിതതെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് കണ്ടെത്താനായിട്ടില്ലെന്നും ഹിന്ദുത്വ സംഘടനകൾ ബാബരി തകർത്തത് കടുത്ത നിയമ ലംഘനമാണെന്നുമായിരുന്നു അയോധ്യ ഭൂമി തർക്ക കേസിലെ വിധിപ്രസ്താവത്തിൽ അഞ്ചംഗ സുപ്രീം കോടതി ബഞ്ച് വ്യക്തമാക്കിയത്. താൻ കൂടി ഉൾക്കൊള്ളുന്ന ബഞ്ചിന്റെ ഈ നിരീക്ഷണത്തെ നിരാകരിക്കുകയാണ് പുതിയ പ്രസ്താവനയിലൂടെ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ഇക്കാര്യം അഭിമുഖത്തിനിടെ ശീനിവാസൻ ജെയിൻ ചൂണ്ടിക്കാട്ടിയപ്പോൾ ഉരുണ്ടു കളിക്കുകയായിരുന്നു അദ്ദേഹം.മസ്ജിദ് ഭൂമിയിൽ നിന്ന് ക്ഷേത്രാവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന വാദം ശുദ്ധ അസംബന്ധമാണെന്നാണ് പുരാവസ്തു ഗവേഷകരായ സുപ്രിയാ മേനോനും ജയമേനോനും ഇതുസംബന്ധിച്ച വിശദമായ അന്വേഷണത്തിനു ശേഷം വെളിപ്പെടുത്തിയത്. ആറ് മാസത്തെ ഉത്ഖനനത്തിനു ശേഷം ക്ഷേത്രാവശിഷ്ടങ്ങളുടെ തെളിവ് കണ്ടെത്തിയെന്നാണ് അലഹബാദ് ഹൈക്കോടതിയെ ആർക്കിയോളജിക്കൽ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചത്. ഉത്ഖനനത്തിൽ പാലിക്കേണ്ട എല്ലാ മാനണ്ഡങ്ങളും ലംഘിച്ച് മുൻവിധിയോടെയോ, ബി ജെ പി സർക്കാറിന്റെ സമ്മർദങ്ങൾക്ക് വഴങ്ങിയോ ആണ് ഉദ്യോഗസ്ഥർ ഉത്ഖനനം നടത്തിയതെന്ന് ജെ എൻ യു സർവകലാശാലയിലെ ആർക്കിയോളജിക്കൽ പ്രൊഫസറായ സുപ്രിയയും ശിവനടാർ സർവകലാശാല ചരിത്ര വിഭാഗം മേധാവി ജയമേനോനും ചേർന്ന് ഇക്കണോമിക്‌സ് ആൻഡ് പൊളിറ്റിക്കൽ വീക്കിലിയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.ബാബരി മസ്ജിദിനു താഴെയുള്ളത് ഹിന്ദു ഘടനയാണെന്നതിന് തെളിവുകളൊന്നുമില്ലെന്നും ക്ഷേത്ര നിർമാണത്തിന് വിട്ടുകൊടുത്ത സുപ്രീം കോടതി വിധി അബദ്ധമായിപ്പോയെന്നും സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് എ കെ ഗാംഗുലിയും തുറന്നുപറഞ്ഞതാണ്. മുസ്‌ലിംകൾക്ക് നീതി നിഷേധിക്കപ്പെട്ടുവെന്നായിരുന്നു കോടതി ഉത്തരവിനോടുള്ള ജസ്റ്റിസ് ഗാംഗുലിയുടെ പ്രതികരണം. “ബാബരി മസ്ജിദ് പൊളിക്കപ്പെട്ടില്ലായിരുന്നുവെന്ന് കരുതുക. അപ്പോൾ, രാമൻ അവിടെയാണ് ജനിച്ചതെന്ന് അവകാശപ്പെട്ട് ഹിന്ദുക്കൾ കോടതിയെ സമീപിച്ചാൽ കോടതി അത് പൊളിച്ചുമാറ്റാൻ ഉത്തരവിടുമായിരുന്നോ’ എന്ന് ചോദിക്കുകയുണ്ടായി അദ്ദേഹം. കേസ് കൈകാര്യം ചെയ്ത കോടതി ബഞ്ച് ഒന്നുകിൽ പള്ളി നിർമാണത്തിന് ഉത്തരവിടണമായിരുന്നു. അല്ലെങ്കിൽ പൊതു ആവശ്യത്തിനു ഭൂമി സർക്കാറിന് നൽകണമായിരുന്നു. താനാണ് വിധി പ്രസ്താവിച്ചിരുന്നതെങ്കിൽ പള്ളി പുനർനിർമാണത്തിന് ഉത്തരവിടുമായിരുന്നുവെന്നും ജസ്റ്റിസ് ഗാംഗുലി വ്യക്തമാക്കുന്നു.തുടക്കത്തിൽ മുഖംനോക്കാതെയും സമ്മർദങ്ങൾക്കു വിധേയമാകാതെയും വിധി പ്രസ്താവം നടത്തിയ ന്യായാധിപനായിരുന്നു ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ആധാർ കേസ്, ഭീമകൊറെഗാവ് കേസ,് ഇലക്ടറൽ ബോണ്ട് കേസ് തുടങ്ങിയ ചില കേസുകളിൽ ശ്രദ്ധേയമായ വിധി പ്രസ്താവങ്ങൾ നടത്തിയിട്ടുണ്ട് അദ്ദേഹം. ക്രമേണ എക്‌സിക്യുട്ടീവിനോടുള്ള വിധേയത്വത്തിലേക്ക് നീങ്ങുകയായിരുന്നു. പ്രമുഖ അഭിഭാഷകനും സുപ്രീം കോടതി ബാർ അസ്സോസിയേഷൻ മുൻ പ്രസിഡന്റുമായിരുന്ന അഡ്വ. ദുഷ്യന്ത് ദവെ അഭിപ്രായപ്പെട്ടതുപോലെ, അധികാര കേന്ദ്രങ്ങളുമായി മുഖാമുഖം നിൽക്കേണ്ടി വന്നപ്പോൾ വിധേയത്വവും പിൻവാങ്ങലും അനുരഞ്ജന കാഴ്ചപ്പാടും സ്വീകരിക്കേണ്ടിവന്നു.2024 ഡിസംബറിൽ ഡി വൈ ചന്ദ്രചൂഡിന്റെ വീട്ടിൽ നടന്ന ഗണപതി പൂജക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക ക്ഷണിതാവായിരുന്നതും ശ്രദ്ധേയമാണ്. മോദി ചന്ദ്രചൂഡിന്റെ വസതിയിലെത്തി പൂജാ ചടങ്ങുകളിൽ പങ്കെടുക്കുകയും അതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുകയുമുണ്ടായി. അയോധ്യാ കേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലെ പൊതുചടങ്ങിൽ ജസ്റ്റിസ് ചന്ദ്രചൂഡ് നടത്തിയ പ്രസ്താവനയും ഇതോട് ചേർത്തു വായിക്കേണ്ടതുണ്ട്. “കേസിന്റെ വിധിപ്രസ്താവത്തിൽ തീരുമാനത്തിലെത്താനാകാതെ മൂന്ന് മാസത്തോളം ഞാൻ പ്രയാസപ്പെട്ടു.അവസാനം പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കിത്തരണമെന്ന് ഭഗവാന്റെ മുന്നിലിരുന്ന് പ്രാർഥിച്ച ശേഷമാണ് തീരുമാനത്തിലെത്തിയതെ’ന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവം. നിയമ പുസ്തകങ്ങളെ അവലംബമാക്കിയല്ല, ഭരണകൂട താത്പര്യവും മതവിശ്വാസവുമാണ് വിധി പ്രസ്താവത്തിനാധാരമെന്നാണ് ഇതിൽ നിന്നെല്ലാം വ്യക്തമാകുന്നത്. ന്യൂസ് ലോൺഡ്രിയുമായുള്ള ചന്ദ്രചൂഡിന്റെ അഭിമുഖത്തിലെ വിവാദ പരാമർശം വിരൽചൂണ്ടുന്നതും മറ്റൊന്നല്ല.ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെയും പാരമ്പര്യത്തെയും ഇന്ത്യ എത്രയും പെട്ടെന്ന് വിസ്മരിക്കട്ടെയെന്ന് ദുഷ്യന്ത് ദവെ പറയാൻ ഇടയാക്കിയതിന്റെ പശ്ചാത്തലവും ഇതൊക്കെ തന്നെയാണ്. ജഡ്ജിമാർക്ക് വ്യക്തിപരായ കാഴ്ചപ്പാടുണ്ടായിരിക്കാം ഏതൊരു വിഷയത്തിലും. നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാന തത്ത്വങ്ങൾക്ക് അനുയോജ്യമല്ലെങ്കിൽ അതൊരിക്കലും കോടതിയിൽ മാത്രമല്ല, പൊതുസമൂഹത്തിലും പ്രകടമാക്കരുത്.