മനാമ: ബഹുകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനും, അന്താരാഷ്ട്ര നിയമവും ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന്റെ തത്വങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നതിനും, സമാധാനം, സുരക്ഷ, സുസ്ഥിരമായ അഭിവൃദ്ധി എന്നിവയ്ക്കായുള്ള കൂട്ടായ അഭിലാഷങ്ങള്‍ നിറവേറ്റാനും ഐക്യരാഷ്ട്രസഭയുമായും അതിന്റെ ഏജന്‍സികളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി. ന്യൂയോര്‍ക്കില്‍ നടക്കുന്ന യുഎന്‍ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍ക്ക് സമാധാനപരമായ പരിഹാരങ്ങള്‍ കണ്ടെത്താന്‍ ബഹ്റൈന്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഗാസ മുനമ്പില്‍ സമഗ്രവും സ്ഥിരവുമായ വെടിനിര്‍ത്തല്‍, സിവിലിയന്മാരുടെ സംരക്ഷണം, ബന്ദികളുടെ മോചനം, മാനുഷിക സഹായം ത്വരിതപ്പെടുത്തല്‍, ഗാസ മുനമ്പിനെ വീണ്ടെടുക്കുന്നതിനും പുനര്‍നിര്‍മ്മാണത്തിനുമുള്ള അറബ്, ഇസ്ലാമിക പദ്ധതി നടപ്പാക്കല്‍ എന്നിവയ്ക്കും രാജ്യത്തിന്റെ പ്രതിബന്ധത മന്ത്രി അറിയിച്ചു.ഫലസ്തീനിലെ നിര്‍ബന്ധിത കുടിയിറക്കല്‍ പദ്ധതികള്‍, കുടിയേറ്റ വികസനം, ചരിത്രത്തിലുടനീളം ദിവ്യ വിശ്വാസങ്ങള്‍ സ്വീകരിച്ച നഗരമായ ജറുസലേമിന്റെ ചരിത്രപരവും മതപരവുമായ സ്ഥിതി മാറ്റാനുള്ള ശ്രമങ്ങള്‍ എന്നിവയെ ബഹ്റൈന്‍ ശക്തമായി എതിര്‍ക്കുന്നതായും മന്ത്രി തന്റെ പ്രസംഗത്തില്‍ പറഞ്ഞു.അന്താരാഷ്ട്ര നിയമത്തിനും യുഎന്‍ ചാര്‍ട്ടറിനും അനുസൃതമായി ഫലസ്തീന്‍ പ്രശ്നം പരിഹരിക്കുന്നതിന് ചര്‍ച്ചകളും നയതന്ത്ര പരിഹാരങ്ങളും വേണമെന്ന് ബഹ്റൈന്‍ ആവശ്യപ്പെട്ടു. ഫലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷത്തിന് സമഗ്രവും സുസ്ഥിരവുമായ പരിഹാരം ആവശ്യപ്പെടുന്ന 33-ാമത് അറബ് ഉച്ചകോടി (ബഹ്റൈന്‍ ഉച്ചകോടി)ക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ ആവശ്യമാണെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു.കൂടാതെ ഫലസ്തീന്‍ പ്രശ്നത്തിന്റെ സമാധാനപരമായ പരിഹാരം ആയുള്ള ‘ദ്വിരാഷ്ട്ര പരിഹാരം’ നടപ്പാക്കല്‍ സംബന്ധിച്ച ‘ന്യൂയോര്‍ക്ക് പ്രഖ്യാപനം’ അംഗീകരിക്കാനുള്ള പൊതുസഭയുടെ തീരുമാനത്തെ ബഹ്റൈന്‍ സ്വാഗതം ചെയ്തു. സിറിയ, ലെബനന്‍, സുഡാന്‍, ലിബിയ, യെമന്‍, സൊമാലിയ എന്നിവിടങ്ങളിലെ പ്രതിസന്ധികള്‍ക്ക് സമാധാനപരമായ പരിഹാരങ്ങള്‍ ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. The post ഫലസ്തീന് പ്രശ്നം പരിഹരിക്കുന്നതിന് ചര്ച്ചകളും നയതന്ത്ര പരിഹാരങ്ങളും വേണം; ഐക്യരാഷ്ട്രസഭയില് ബഹ്റൈന് appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.