മലപ്പുറം ജെ.എസ്.എസ് പുതിയ ഓഫീസും പരിശീലന കേന്ദ്രവും മലപ്പുറം ടൗണ്‍ഹാളില്‍ പ്രവര്‍ത്തനം ആരംഭിച്ചു

Wait 5 sec.

മലപ്പുറം: മലപ്പുറം ജന്‍ശിക്ഷണ്‍ സന്‍സ്ഥാന് (ജെ.എസ്.എസ്) വേണ്ടി മലപ്പുറം നഗരസഭ അനുവദിച്ച കെട്ടിടത്തില്‍ ജില്ലാ ആസ്ഥാന ഓഫീസിന്റെയും കേന്ദ്ര സര്‍ക്കാരിന്റെ സങ്കല്‍പ് പദ്ധതിയില്‍ അനുവദിച്ച ബ്യൂട്ടി ലാബിന്റെയും പരിശീലന കേന്ദ്രത്തിന്റെയും ഉദ്ഘാടനം ജെ.എസ്.എസ് ചെയര്‍മാന്‍ പി.വി. അബ്ദുല്‍ വഹാബ് എം.പി. നിര്‍വഹിച്ചു. ഇതോടൊപ്പം ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം വനിതകള്‍ക്ക് എ.ഐ. അടിസ്ഥാന വിവരങ്ങളില്‍ പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന എ.ഐ. ലിറ്ററസി ട്രെയിനിങ് പരിപാടിയുടെ ഉദ്ഘാടനവും നടന്നു. നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു.ടൗണ്‍ഹാളിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ് വനിതകള്‍ക്ക് വിവിധ തൊഴില്‍ പരിശീലനവും നൈപുണി വികസനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന കേന്ദ്രമുള്ളത്. മലപ്പുറത്തെ എ.ഐ. ലിറ്ററസി കൈവരിച്ച ജില്ലയായി മാറ്റാനാണ് ക്യാംപയിനിലൂടെ ഉദ്ദേശിക്കുന്നത്. ജെ.എസ്.എസ് മലപ്പുറത്തിന്റെ നേതൃത്വത്തില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം വനിതകളെ എ.ഐ ലിറ്ററസി ക്യാംപയിന്റെ ഭാഗമാക്കുമെന്ന് ഉദ്ഘാടന ചടങ്ങില്‍ എം.പി. പറഞ്ഞു. ഓഫീസിന്റെയും പരിശീലന കേന്ദ്രത്തിന്റെയും അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി എം.പി ഫണ്ടില്‍ ഉള്‍പ്പെടുത്തി പത്തുലക്ഷം രൂപയും അനുവദിച്ചു. പുതിയ കാലഘട്ടത്തില്‍ എല്ലാവര്‍ക്കും സാങ്കേതികവിദ്യയെക്കുറിച്ച് അടിസ്ഥാനപരമായ അറിവുണ്ടായിരിക്കേണ്ടതാണ്. തൊഴില്‍ രംഗത്ത് ശക്തമായ മത്സരം നിലനില്‍ക്കുന്ന ഇന്നത്തെ കാലത്ത്, എല്ലാവരും ഏതെങ്കിലും മേഖലകളില്‍ പ്രാവീണ്യമുള്ളവരായിരിക്കണം. കേവല വിദ്യാഭ്യാസത്തിനപ്പുറം, തൊഴില്‍ നൈപുണ്യം ഓരോ വ്യക്തിയും ആര്‍ജ്ജിക്കണം. ജെ.എസ്.എസ.് നല്‍കുന്ന വൈവിധ്യമാര്‍ന്ന തൊഴില്‍ പരിശീലന കോഴ്സുകള്‍ ഈ ലക്ഷ്യം നേടാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.എഐ ലിറ്ററസി ട്രെയിനിംഗ് പരിപാടിയിലൂടെ സാങ്കേതിക വിദ്യയെക്കുറിച്ച് സാധാരണക്കാര്‍ക്ക് അറിവ് നല്‍കാനും, അതുവഴി ജീവിത നിലവാരം മെച്ചപ്പെടുത്താനും സാധിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി അഭിപ്രായപ്പെട്ടു.2000 സ്‌ക്വയര്‍ഫീറ്റില്‍ ആരംഭിച്ച പരിശീലന കേന്ദ്രത്തില്‍ ബ്യൂട്ടീഷ്യന്‍, ഹാന്‍ഡ് എംബ്രോയ്ഡറി, ടെസ്റ്റില്‍ പ്രിന്റിംഗ്, തയ്യല്‍, ഫൊട്ടോഗ്രഫീ എന്നീ കോഴ്സുകള്‍ ആണ് നടത്തുന്നത്. 18നും 45നും ഇടയില്‍ പ്രായമുള്ള ആളുകള്‍ക്കാണ് പരിശീലനം നല്‍കുന്നത്. നാലു ബാച്ചുകളിലായി 80 പേര്‍ക്കുള്ള പരിശീലനം ആരംഭിച്ചിട്ടുണ്ട്. വര്‍ഷം മുഴുവന്‍ ക്ലാസുകള്‍ നടത്താവുന്ന രീതിയില്‍ ആണ് കേന്ദ്രം സജ്ജീകരിച്ചിട്ടുള്ളത്. ജെ.എസ്.എസ് ഡയറക്ടര്‍ വി. ഉമ്മര്‍ കോയ, പ്രോഗ്രാം ഓഫീസര്‍ സി. ദീപ, കോര്‍ഡിനേറ്റര്‍മാരായ സാജിത പി.ടി. മുജീബ് റഹ്‌മാന്‍, ബേബി കമലം, രജനി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.പയ്യനാട് സ്റ്റേഡിയത്തെ ഇളക്കിമറിച്ച് ഈ സീസണിലെ മലപ്പുറം എഫ് സിയെ ഔദ്യോ​ഗികമായി അവതരിപ്പിച്ചു