ദേശീയപാതയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം

Wait 5 sec.

മലപ്പുറം∶ ദേശീയപാത 66 തലപ്പാറ വി.കെ പടിയില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറിയില്‍ കാറിടിച്ച് രണ്ടുപേര്‍ മരിക്കുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കാനിടയാവുകയും ചെയ്ത സാഹചര്യത്തില്‍ ദേശീയപാതയിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. ദേശീയപാതയുടെ നിര്‍മ്മാണം മലപ്പുറം ജില്ലയില്‍99% പൂര്‍ത്തിയായിക്കഴിഞ്ഞതിനാല്‍ വാഹനങ്ങള്‍ വേഗതയില്‍ സഞ്ചരിക്കുന്നുണ്ടെന്നും അപകട സാധ്യത കൂടുതലാണെന്നും യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നും യോഗാധ്യക്ഷനായ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് പറഞ്ഞു. വാഹനങ്ങള്‍ ദേശീയപാതയില്‍ പാര്‍ക്ക് ചെയ്യുന്നത് പൂര്‍ണമായി ഒഴിവാക്കണം. പാര്‍ക്ക് ചെയ്ത വാഹനത്തില്‍ ഇടിച്ചാണ് കഴിഞ്ഞ ദിവസം അപകടം സംഭവിച്ചതെന്നും കളക്ടര്‍ പറഞ്ഞു. എം എല്‍ എ മാരായ കെ.പി.എ. മജീദ്, പി.അബ്ദുല്‍ ഹമീദ് എന്നിവരാണ് ജില്ലാ വികസന സമിതിയോഗത്തില്‍ വിഷയം ഉന്നയിച്ചത്.ദേശീയ പാതയില്‍ ക്യാമറ സംവിധാനം ഉള്‍പ്പെടെ കൃത്യമായ സുരക്ഷാസംവിധാനം ദേശീയപാതാ അതോറിറ്റി ഏര്‍പ്പെടുത്തണമെന്ന് കെ.പി.എ. മജീദ് എം.എല്‍.എ ആവശ്യപ്പെട്ടു. എക്സിറ്റ് ബോര്‍ഡുകള്‍ നോക്കാതെ വാഹനങ്ങള്‍ കയറുന്നത് മൂലവും അപകടങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇതൊഴിവാക്കാന്‍ ക്യമാറ സ്ഥാപിക്കുന്നത് വേഗത്തിലാക്കേണ്ടത് ആവശ്യമാണെന്നും എം.എല്‍.എ പറഞ്ഞു.ജില്ലയില്‍ ഇതുവരെ അമീബിക് മസ്തിഷ്‌ക ജ്വരവുമായി ബന്ധപ്പെട്ട് 18 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അഞ്ചു മരണം ഉണ്ടായിട്ടുണ്ടെന്നും പി. ഉബൈദുള്ള എം.എല്‍.എയുടെ ചോദ്യത്തിനു മറുപടിയായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വികസന സമിതി യോഗത്തില്‍ അറിയിച്ചു. രോഗബാധ തടയുന്നതിന്റെ ഭാഗമായി ജില്ലയിലെ 50 ശതമാനം കിണറുകളിലും ക്ലോറിനേഷന്‍ പൂര്‍ത്തിയായിട്ടുണ്ട്. വീട്ടുകാര്‍ വിസമ്മതിക്കുന്നതിനാലാണ് ബാക്കി പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരുന്നത്. ഇതിനായി വ്യാപക അവബോധം നടത്തുന്നുണ്ടെന്നും ഡി.എം.ഒ. അറിയിച്ചു. ജില്ലയില്‍ കൃത്യമായ ചികിത്സാ സംവിധാനങ്ങള്‍ നിലവിലുണ്ടെന്നും മൈക്രോബയോളജിസ്റ്റിന്റെ സേവനമുള്ള പ്രധാന ആശുപത്രികളിലെല്ലാം രോഗനിര്‍ണയം നടത്തി ചികിത്സിക്കാനുള്ള സൗകര്യം നിലവിലുണ്ടെന്നും ഡി.എം.ഒ. പറഞ്ഞു.ജില്ലാ പബ്ലിക് ഹെല്‍ത്ത് ലാബ് കോട്ടപ്പടി ഡി.ഡി ഓഫീസിനു സമീപം വിദ്യാഭ്യാസ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തേക്ക് മാറ്റാനുള്ള നടപടിയുടെ പുരോഗതി പി.ഉബൈദുല്ല എം.എല്‍.എ ആരാഞ്ഞു. സ്ഥലത്തിന് വിദ്യാഭ്യാസ വകുപ്പിന്റെ എന്‍.ഒ.സി ലഭിച്ചിട്ടില്ലെന്നും കേന്ദ്ര ഫണ്ട് നഷ്ടമാവാതിരിക്കാന്‍ സിവില്‍ സ്റ്റേഷനില്‍ തന്നെ പബ്ലിക് ഹെല്‍ത്ത് ലാബിന്റെ നവീകരണം പൂര്‍ത്തിയായി വരികയാണെന്നും ഡി.എം.ഒ അറിയിച്ചു. 2019 ലെ പ്രളയത്തില്‍ മലപ്പുറം കോട്ടക്കുന്നില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മൂന്നുപേരുടെ ജീവന്‍ നഷ്ടമായ സംഭവത്തിന് പരിഹാരമെന്ന നിലയില്‍ ഡ്രൈനേജ് നിര്‍മാണത്തിനായി 2021 ല്‍ നടത്തിയ സര്‍വെ പ്രകാരം പ്രവൃത്തി നടത്തുന്നത് പ്രായോഗികമല്ലാത്തതിനാല്‍ പുതിയ കോണ്‍ടൂര്‍ സര്‍വേ നടത്താന്‍ തീരുമാനിച്ചതായും രണ്ടു ദിവസത്തിനകം സര്‍വെ ആരംഭിക്കുമെന്നും തദ്ദേശസ്വയംഭരണ വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എം.എല്‍.എയെ അറിയിച്ചു. മിനി ഊട്ടിയിലേക്കുള്ള റോഡുകള്‍ ഗതാഗതയോഗ്യമാക്കണമെന്നും ഇതിനാവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു.കൂരാട് ഇന്നോവ കാർ മരത്തിലിടിച്ച് അപകടം; സ്ത്രീ മരിച്ചു.മൂന്ന് പേർക്ക് ഗുരുതര പരിക്ക്പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയില്‍ കിരണല്ലൂര്‍ ഭാഗത്ത് മുനിസിപ്പാലിറ്റി മുഖേന നടപ്പിലാക്കുന്ന ടൂറിസം പദ്ധതിക്കായുള്ള ഭൂമിക്ക് ഉപയോഗാനുമതി നല്‍കിയിട്ടുണ്ടെന്നും ഭൂമി സംബന്ധമായ പ്രശ്നങ്ങളില്ലാത്തതിനാല്‍ പദ്ധതിയുമായി മുന്നോട്ടു പോകാമെന്നും ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ് അറിയിച്ചു. കെ.പി.എ.മജീദ് എം.എല്‍.എ.യുടെ ചോദ്യത്തിനു മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. തിരൂരങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ട് നിര്‍മ്മാണ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കുമെന്ന് വിദ്യാകിരണം കോഡിനേറ്റര്‍ എംഎല്‍എ.യെ അറിയിച്ചു. മൂന്നു കോടി കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി ഭരണാനുമതി നല്‍കിയ പ്രവൃത്തി നടപ്പിലാക്കുന്നത് കിറ്റ്കോ ആണ്. എസ്റ്റിമേറ്റ് തിങ്കളാഴ്ചയോടെ പൂര്‍ത്തിയാക്കും. സ്‌കൂളിന് സ്പോര്‍ട്സ് കോംപ്ലക്സും ഇന്‍ഡോര്‍ സ്റ്റേഡിയവും നിര്‍മ്മിക്കണമെന്നതായിരുന്നു ആവശ്യം. എന്നാല്‍ സ്ഥലലഭ്യത പ്രശ്‌നമായതിനാല്‍ മള്‍ട്ടിപര്‍പ്പസ് ഇന്‍ഡോര്‍ കോര്‍ട്ട് ഒഴിവാക്കി കൊണ്ടുള്ള പ്രൊപ്പോസല്‍ പരിഗണിക്കാനാണ് ശുപാര്‍ശ ചെയ്തത്. നിരക്കുകളില്‍ വര്‍ധനവുണ്ടായതിനാല്‍ കിറ്റ്കോയുടെ പ്ലാനില്‍ കവറേജ് വരാത്ത വിധം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കും.തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഗേറ്റ് അനുബന്ധ സൗകര്യങ്ങള്‍ നിര്‍മിക്കുന്നതില്‍ സാങ്കേതിക തടസ്സം ഉണ്ടെങ്കില്‍ അന്വേഷിച്ച് നടപടികള്‍ സ്വീകരിക്കാമെന്ന് ഡി.എം.ഒ. അറിയിച്ചു. എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ അനുവദിച്ചെങ്കിലും പ്രവൃത്തി ഇതുവരെ ആരംഭിക്കാത്തത് സംബന്ധിച്ച കെ.പി.എ മജീദ് എം.എല്‍.എ.യുടെ ചോദ്യത്തിനുള്ള മറുപടിയായാണ് ഡി എം ഒ ഇങ്ങനെ അറിയിച്ചത്.മഞ്ചേരി – ഒലിപ്പുഴ റോഡ് പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ താത്ക്കാലിക സര്‍വ്വേയര്‍മാരെ നിയമിച്ച് സര്‍വ്വേ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍ അഡ്വ. യു.എ. ലത്തീഫ് എം. എല്‍ എയെ അറിയിച്ചു. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായി കിഫ്ബിയില്‍ നിന്ന് പുതിയ സാമ്പത്തിക അനുമതി ലഭ്യമായാല്‍ പദ്ധതിയുടെ ടെണ്ടര്‍ നടപടികളുമായി മുന്നോട്ടു പോകാമെന്ന് കെ.ആര്‍.എഫ്.ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.മഞ്ചേരി നഗരസഭയിലെ പാക്കരത്ത് നഗര്‍ അംബേദ്കര്‍ ഗ്രാമം പദ്ധതി 67 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. ഇവിടെ സംരക്ഷണ ഭിത്തിയുടെ നിര്‍മ്മാണം 100% പൂര്‍ത്തീകരിച്ചു. റോഡ്, ഫുട്പാത്ത് നിര്‍മാണം എന്നിവ അഞ്ചില്‍ മൂന്നെണ്ണം പൂര്‍ത്തിയാക്കി. മൂന്നു പൊതുകിണറുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ആനക്കോട് നഗറിലെ അംബേദ്കര്‍ ഗ്രാമം പദ്ധതിക്ക് റോഡ് വീതി കൂട്ടാന്‍ സ്ഥലം വിട്ടു നല്‍കാന്‍ ഉടമ വിസമ്മതിക്കുന്നതിനാല്‍ പ്രയാസം നേരിടുന്നുണ്ടെന്നും അടങ്ങംപുറം നഗറിലെ അംബേദ്കര്‍ ഗ്രാമം പദ്ധതി ടെന്‍ഡര്‍, എസ്റ്റിമേറ്റ് നടപടികളിലാണെന്നും ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എം.എല്‍.എ.യെ അറിയിച്ചു.തൃക്കലങ്ങോട്, പോരൂര്‍, പാണ്ടിക്കാട് പഞ്ചായത്തുകളിലെ ജല്‍ജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതിയില്‍ 214 കിലോമീറ്റര്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചു കഴിഞ്ഞെന്നും 4800 വീടുകളിലേക്ക് കണക്ഷന്‍ കൊടുത്തു കഴിഞ്ഞെന്നും ജല്‍ജീവന്‍ മിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. തൃക്കലങ്ങോട് പഞ്ചായത്തിലെ ആമയൂരില്‍ ശുദ്ധീകരണശാലയുടെയും ഭൂതലസംഭരണിയുടെയും പ്രവൃത്തി പുരോഗമിച്ചു വരികയാണ്. മുടിക്കോട് പാലത്തിലേക്കുള്ള മഞ്ചേരി നഗരസഭാ ഭാഗത്തെ അപ്പ്രോച്ച് റോഡ് പുനരുദ്ധാരണം നടത്തുന്നതിന്റെ ഭാഗമായി ഇന്റര്‍ലോക്ക് ചെയ്യാനുള്ള ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.മഞ്ചേരി മെഡിക്കല്‍ കോളേജില്‍ രാത്രികാല പോസ്റ്റ്മോര്‍ട്ടം പുനരാരംഭിക്കുന്നതിന് നിലവിലുള്ള രണ്ട് അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ഒഴിവ് നികത്തേണ്ടതുണ്ടെന്നും ഇക്കാര്യം ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറെ അറിയിച്ചിട്ടുണ്ടെന്നും മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പല്‍ യു.എ ലത്തീഫ് എം.എല്‍.എയെ അറിയിച്ചു. ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതില്‍ മെഡിക്കല്‍ ബോര്‍ഡ് കൂടുന്ന കാലതാമസം ഉടന്‍ പരിഹരിക്കണമെന്ന് എം.എല്‍.എ. ഡി.എം.ഒയോട് ആവശ്യപ്പെട്ടു.മഞ്ചേരി കച്ചേരിപ്പടി ബസ് സ്റ്റാന്‍ഡില്‍ കെഎസ്ആര്‍ടിസി പാര്‍സല്‍ സര്‍വീസും സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസും തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കുമെന്ന് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. മഞ്ചേരി തേര്‍ഡ് റീച്ച് ബൈപ്പാസ് റോഡ് പ്രവൃത്തി ജനുവരിയോടെ പൂര്‍ത്തിയാക്കുമെന്നും ടെന്‍ഡര്‍ നടപടികള്‍ കഴിഞ്ഞുവെന്നും പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. മുള്ളമ്പാറ കോണിക്കല്ല് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനായി വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിനായി 14 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് നല്‍കിയിട്ടുണ്ടെന്നും ഫണ്ട് അടച്ചാലുടന്‍ പൂര്‍ത്തീകരിക്കുമെന്നും പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.ദേശീയപാത 66 ന്റെ വികസനവുമായി ബന്ധപ്പെട്ട് കോഹിനൂരില്‍ നിന്നും കാലിക്കറ്റ് യൂണിവേഴ്സിറ്റിലേക്ക് കണക്ട് ചെയ്തിരുന്ന ഗ്രാമീണ റോഡ് സര്‍വീസ് റോഡ് ഉണ്ടാക്കിയപ്പോള്‍ ദേശീയപാതയില്‍ നിന്നുള്ള കണക്ടിവിറ്റി നഷ്ടമായെന്നും ഈ റോഡ് ടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നും അബ്ദുല്‍ഹമീദ് എം.എല്‍.എ. ആവശ്യപ്പെട്ടു.ഉണ്ണിയാല്‍ പാലത്തിന്റെ ബദല്‍ സംവിധാനം ഒരുക്കുന്നതിന് 90 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് നല്‍കിയിട്ടുണ്ടെന്നും ഭരണാനുമതി ലഭ്യമായാല്‍ ഉടന്‍ നിര്‍മാണം ആരംഭിക്കുമെന്നും പാലങ്ങള്‍ വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഡോ. അബ്ദുസമദ് സമദാനി എം.പി.യുടെ പ്രതിനിധിയുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. കുറ്റിപ്പുറം ഭാരതപ്പുഴയോരത്ത് കര്‍മ റോഡ് മാതൃകയില്‍ പുഴയോര പാത നിര്‍മ്മിക്കുന്നതിന് എം.എല്‍.എ.യുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ മൂന്നിന് യോഗം ചേരും. വട്ടംകുളം എഫ്.എച്ച്.സി.യില്‍ ഒഴിഞ്ഞു കിടക്കുന്ന പഴയ കെട്ടിടത്തില്‍ പഞ്ചായത്തിന്റെ തനതു ഫണ്ട് ഉപയോഗിച്ച് ഫിസിയോതെറാപ്പി സെന്റര്‍ ആരംഭിക്കുന്നതിന് ഡി.എച്ച്.എസിലേക്ക് കത്ത് കൊടുത്തിട്ടുണ്ടെന്ന് ഡി.എം.ഒ. അറിയിച്ചു.ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ് അധ്യക്ഷത വഹിച്ചു. എം.എല്‍.എ.മാരായ പി. ഉബൈദുള്ള, കെ പി മജീദ്, യു.എ.ലത്തീഫ്, പി. അബ്ദുല്‍ ഹമീദ്, മറ്റ് എം.എല്‍.എമാരുടെയും എം.പിമാരുടെയും പ്രതിനിധികള്‍, എ.ഡി.എം എന്‍ എം മെഹറലി, പ്ലാനിങ് ഓഫീസര്‍ എ.ഡി.ജോസഫ്, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.