ആയുർവേദ മേഖലയ്ക്ക് സർക്കാർ നൽകിയത് മികച്ച പരിഗണന: മന്ത്രി വീണാ ജോർജ്ജ്പത്താമത് ആയുർവേദ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. ആയുർവേദ ഗവേഷണത്തിനും വികസനത്തിനും ഊന്നൽ നൽകി ആയുർവേദ മേഖലയ്ക്ക് സംസ്ഥാന സർക്കാർ മികച്ച പരിഗണന നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ‘ആയുർവേദം മാനവരാശിക്കും ഭൂമിക്കും’ എന്നതാണ് ഈ വർഷത്തെ ദിനാചരണത്തിന്റെ വിഷയം. ആയുർവേദത്തെ ഒരു ചികിത്സാശാസ്ത്രം എന്നതിലുപരി ഒരു സംസ്‌കാരവും ജീവിതരീതിയുമായി കാണണം. മനുഷ്യനും പ്രകൃതിയും സന്തുലിതമായ അവസ്ഥയിൽ സുസ്ഥിരമായി മുന്നോട്ട് പോകുന്നതിന് ആയുർവേദം പ്രാധാന്യം നൽകുന്നുവെന്നും മന്ത്രി പറഞ്ഞു.ആയുർവേദ ശാസ്ത്രത്തിൽ ഗവേഷണത്തിനുള്ള പ്രാധാന്യം മനസിലാക്കി കണ്ണൂർ ഒരു അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം സ്ഥാപിക്കപ്പെടുകയാണ്. കിഫ്ബി ധനസഹായത്തോടെ ആരംഭിച്ച ആരോഗ്യമേഖലയിലെ ഫ്ലാഗ്ഷിപ്പ് പദ്ധതികളിൽ ഒന്നായ ഈ കേന്ദ്രവും മാനുസ്‌ക്രിപ്റ്റ് സെന്ററും ഉൾപ്പെടെയുള്ള ബ്ലോക്കുകളുടെ നിർമ്മാണം ഡിസംബറോടെ പൂർത്തിയാകും. വിദേശത്തുനിന്നുള്ള സ്‌കോളർമാർ ഉൾപ്പെടെയുള്ളവർക്ക് ഇവിടെയെത്തി ഗവേഷണം നടത്താനും കേരളത്തിന്റെ ചികിത്സാ രീതികൾ നേരിട്ട് മനസ്സിലാക്കാനും സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കേരളത്തിലെ താളിയോല ശേഖരങ്ങൾ ഉൾപ്പെടെ ലോകത്തിലെ ഏറ്റവും വിപുലമായ ആയുർവേദ ലൈബ്രറി ഇവിടെ സജ്ജമാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നൂറ് കിടക്കകളുള്ള ആശുപത്രി, ഔഷധ സസ്യങ്ങൾ വളർത്തുന്നതിനുള്ള നഴ്‌സറി എന്നിവയും കേന്ദ്രത്തിന്റെ ഭാഗമായിരിക്കുമെന്ന് മന്ത്രി അറിയിച്ചു.ആയുഷ് മേഖലയിൽ കേരളം രാജ്യത്തിന് മാതൃകയാണ്. സംസ്ഥാനത്തെ ആയുഷ് സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള എൻ.എ.ബി.എച്ച് അക്രഡിറ്റേഷന് വേണ്ടി കേരളം തയ്യാറാക്കിയ മാർഗ്ഗരേഖ രാജ്യമൊട്ടാകെ അംഗീകരിച്ചു. രാജ്യത്ത് ആദ്യമായി 250 ആയുർവേദ സ്ഥാപനങ്ങൾക്ക് എൻ.എ.ബി.എച്ച് അക്രഡിറ്റേഷൻ ലഭിച്ചതും കേരളത്തിലാണ്. ആയുഷ് മേഖലയിലെ ഐ.ടി സേവനങ്ങൾ ഏറ്റവും മികച്ച രീതിയിൽ നടപ്പാക്കിയ സംസ്ഥാനമായി കേരളത്തെ കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തതും ഈ രംഗത്തെ നേട്ടമാണെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ 40 വർഷത്തിനിടെ ആദ്യമായി ആയുർവേദ മേഖലയിൽ 122 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ സർക്കാരിന് കഴിഞ്ഞു. ആയുർവേദ രംഗത്തെ സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകൾക്ക് ഒരു ഏകീകൃത സ്വഭാവം കൊണ്ടുവരാനും വെൽനസ് സ്ഥാപനങ്ങൾക്ക് ഗുണമേന്മ ഉറപ്പാക്കാനും നടപടികൾ സ്വീകരിച്ചുവരുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.പൊതുജനങ്ങൾക്ക് സംസ്ഥാനത്തെ യോഗ ക്ലബ്ബുകളെ കുറിച്ചുള്ള വിവരം ലഭ്യമാക്കുന്ന ആയുഷ് യോഗ ക്ലബ് ആപ്പ് മന്ത്രി പ്രകാശനം ചെയ്തു. ആയുർകർമ്മ, 240 സ്ഥാപനങ്ങളിൽ ഇ ഹോസ്പിറ്റൽ സംവിധാനം, സുപ്രജ, ആയുഷ് ഇൻഫെർട്ടിലിറ്റി ക്ലിനിക്, NPPMOMD, എൻസിഡി സ്‌പെഷ്യാലിറ്റി ക്ലിനിക്, ഹർഷം, ദൃഷ്ടി ക്ലിനിക്, ആരോഗ്യ നൗക, സ്‌പോർട്‌സ് ആയുർവേദ തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. വനിതകൾക്ക് ആയുർവേദത്തിൽ അധിഷ്ഠിതമായ ഗർഭകാല-പ്രസവാനന്തര ശുശ്രൂഷയിൽ ശാസ്ത്രീയ പരിശീലനം നൽകുന്ന സൂതികാമിത്രം പദ്ധതിയുടെ ധാരണാപത്രം മന്ത്രിയുടെ സാന്നിധ്യത്തിൽ ദേശീയ ആയുഷ് മിഷൻ കേരള ഡയറക്ടർ ഡോ. ഡി സജിത്ത് ബാബുവും ആയുർവേദ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ ഡോ. ടി ഡി ശ്രീകുമാറും തമ്മിൽ ഒപ്പിട്ടു കൈമാറി.മാസ്‌ക്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ വി.കെ. പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിച്ചു. ദേശീയ ആയുഷ് മിഷൻ കേരള നോഡൽ ഓഫീസർ അജിത എ, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി ഡോ പി കെ ഹരിദാസ്, ഔഷധി മാനേജിങ് ഡയറക്ടർ ഡോ ടി കെ ഹൃദീക്, ഹോംകോ മാനേജിങ് ഡയറക്ടർ ഡോ ശോഭചന്ദ്രൻ, ഭാരതീയ ചികിത്സ വകുപ്പ് ഡയറക്ടർ ഡോ പ്രീയ കെ എസ് തുടങ്ങിയവർ പങ്കെടുത്തു.