കുറ്റം പോലീസില്‍ ചാര്‍ത്തി തമിഴക വെട്രി കഴകം; സ്ത്രീകളും കുട്ടികളും റാലിക്ക് വരരുതെന്ന് വിജയ് വിലക്കിയിരുന്നുവെന്ന് നേതാക്കള്‍

Wait 5 sec.

ചെന്നൈ | യാതൊരു കാരണവശാലും സ്ത്രീകളും കുട്ടികളും റാലിക്ക് വരരുതെന്ന് വിജയ് പറഞ്ഞിരുന്നതായും പോലീസിന്റെ വീഴ്ചയാണ് ദുരന്തത്തിനു കാരണമെന്നും കരൂര്‍ ദുരന്തത്തിന് വിശദീകരണവുമായി വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴകം. വിജയ് എന്ന രാഷ്ട്രീയക്കാരനെയല്ല, സിനിമാ നടനെ കാണാന്‍ വേണ്ടിയാണ് കൂടുതല്‍ പേരും വന്നതെന്നും ടി വി കെ ജില്ലാ സെക്രട്ടറി വിഗ്‌നേഷ് , ടിവികെ നേതാവ് വിജയ് കുമാര്‍ എന്നിവര്‍ പ്രതികരിച്ചു.കൂടുതല്‍ തിരക്ക് ഒഴിവാക്കാനാണ് വിജയ് ചെന്നൈയിലേക്ക് പോയത്. വിജയ് വന്നാല്‍ ആശുപത്രിയില്‍ തിരക്ക് ഉണ്ടാവും എന്നതിനലാണ് അദ്ദേഹം വരാതിരുന്നത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് വിജയ് നഷ്ടപരിഹാരം നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു.10,000 പേര്‍ക്ക് സൗകര്യമുള്ള പരിപാടിക്ക് ഒരുലക്ഷത്തോളം പേര്‍ വന്നു. വളരെ കുറച്ച് പോലീസുകാര്‍ മാത്രമാണ് പരിപാടിയുടെ സുരക്ഷക്കായി ഉണ്ടായിരുന്നത്. 300 -400 പോലീസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. സുരക്ഷ ഒരുക്കേണ്ടത് സര്‍ക്കാറിന്റെ ചുമതലയാണെന്നും അത് ചെയ്തില്ലെന്നും നേതാക്കള്‍ പറഞ്ഞു.റാലിക്ക് അനിയന്ത്രിതമായി ആളുകള്‍ എത്തിയതാണ് രാജ്യത്തെ നടുക്കിയ ദുരന്തത്തിന് ഇടയാക്കിയത്. പതിനായിരം പേരുടെ പരിപാടിക്കാണ് സംഘാടകര്‍ അനുമതി തേടിയത്. എത്തിയതാകട്ടെ 50,000 പേരും.ശനിയാഴ്ച ഉച്ചയ്ക്ക് നടക്കേണ്ടിയിരുന്ന പരിപാടി മണിക്കൂറുകള്‍ നീണ്ടതും ദുരന്തത്തിന്റെ ആക്കം കൂട്ടി. കരൂരിലെ വേലുച്ചാമിപുരത്ത് കഴിഞ്ഞ ദിവസം വൈകിട്ട് ഏഴ് മണിക്ക് ശേഷമാണ് യോഗം ആരംഭിച്ചത്. നാമക്കലിലെ റാലിക്ക് ശേഷം പറഞ്ഞതിലും ആറ് മണിക്കൂര്‍ വൈകിയാണ് വിജയ് കരൂരില്‍ എത്തിയത്. വന്‍ തിരക്കും നിര്‍ജലീകരണവും കൂടിയായപ്പോള്‍ മണിക്കൂറുകളായി നിലയുറപ്പിച്ച പ്രവര്‍ത്തകരും കുട്ടികളും ബോധരഹിതരായി. വെള്ളക്കുപ്പികള്‍ എത്തിക്കാന്‍ പൊലീസിന്റെ സഹായം വിജയ് ആവശ്യപ്പെട്ടെങ്കിലും വന്‍ തിരക്കിനിടെ ആ ശ്രമം വിഫലമായി.വാഹനത്തില്‍ നിന്ന് വിജയ് വെള്ളക്കുപ്പികള്‍ ജനങ്ങള്‍ക്ക് എറിഞ്ഞ് നല്‍കിയതോടെയാണ് സാഹചര്യം കൂടുതല്‍ വഷളായത്. വെള്ളക്കുപ്പിക്കായി തിക്കും തിരക്കും വര്‍ധിച്ചതോടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിലത്ത് വീണു. തിരക്കിനിടെ ആംബുലന്‍സുകളെ കടത്തി വിടുക ശ്രമകരമായിരുന്നു. നിലത്ത് വീണവരെയെല്ലാം പണിപ്പെട്ട് ആശുപത്രികളില്‍ എത്തിച്ചത്. അതിനിടെ പലര്‍ക്കും ജീവന്‍ നഷ്ടമായി. ആശുപത്രിയില്‍ കഴിയുന്ന പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മൃതദേഹങ്ങള്‍ അരാവതി മെഡിക്കല്‍ കോളേജിലും കരൂര്‍ ആശുപത്രിയിലും സൂക്ഷിച്ചിട്ടുണ്ട്. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപയും ചികിത്സയിലുള്ളവര്‍ക്ക് ഒരു ലക്ഷം രൂപയും പ്രഖ്യാപിച്ചു. മരണ സംഖ്യ ഉയരുന്ന സാഹര്യത്തില്‍ പ്രതികരിക്കാതെ വിജയ് ട്രിച്ചി വഴി ചെന്നൈയിലേക്ക് മടങ്ങി.രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, മുഖ്യമന്ത്രി പിണറായി വിജയന്‍, നടന്‍ രജനീകാന്ത് ഉള്‍പ്പെടെയുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി. സംഭവത്തില്‍ കേന്ദ്രം അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കേന്ദ്രം സഹായവും വാഗ്ദാനം ചെയ്തു. സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സി പി എമ്മും ബി ജെ പിയും രംഗത്തെത്തി. സംഘാടനത്തിലെ ഗുരുതര വീഴ്ചയും തിരക്കിനിടെ പോലീസ് ലാത്തി വീശിയതും കരൂരിനെ ദുരന്ത ഭൂമിയാക്കുന്നതിന്റെ ആക്കം കൂട്ടിയെന്നും ആക്ഷേപമുണ്ട്.