തമിഴ്നാട്ടിലെ കരൂർ ജില്ലയിൽ തമിഴഗ വെട്രി കഴകം (ടിവികെ) നേതാവ് വിജയ് പങ്കെടുത്ത റാലിയിൽ തിക്കിലും തിരക്കിലും പെട്ട് നിരനധി ജീവനുകളാണ് നഷ്ടമായത്. സംഭവത്തിൽ ടിവികെയ്ക്കെതിരെ കേസെടുത്തു. നാല് വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. റാലിയുടെ മുഖ്യസംഘാടകനായ ടിവികെയുടെ കരൂര്‍ വെസ്റ്റ് ജില്ലാ അധ്യക്ഷന്‍ വി.പി മതിയഴകനെതിരെയാണ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ കൊലപാതക ശ്രമം ( 109), കൊലപാതകമായി കണക്കാക്കാത്ത കുറ്റകരമായ നരഹത്യ (110), മനുഷ്യജീവനോ അവരുടെ സുരക്ഷയോ അപകടത്തിലാക്കുന്ന പ്രവൃത്തി( 125ബി) അധികൃതര്‍ നല്‍കിയ ഉത്തരവുകള്‍ പാലിക്കാതിരിക്കല്‍ (223) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.നിരവധി പേർ മുന്നോട്ട് കുതിച്ചെത്തിയ സ്ഥലത്ത് ചിലർ ബോധരഹിതരായി വീണതായി പോലീസ് വൃത്തങ്ങൾ എൻഡിടിവിയോട് പറഞ്ഞു, ഇതാണ് തിക്കിലും തിരക്കിലും കലാശിച്ചത്. നാമക്കലിൽ നേരത്തെ നടന്ന റാലിക്ക് ശേഷം വിജയ് പ്രസംഗിക്കേണ്ടിയിരുന്ന സ്ഥലത്ത് “കുറഞ്ഞത് 30,000 പേരെങ്കിലും തടിച്ചുകൂടിയിരുന്നതായി” ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.ALSO READ: വിജയ്‍യുടെ കരൂര്‍ റാലി ദുരന്തം: മരണസംഖ്യ 39 ആയിഅദ്ദേഹത്തിന്റെ വരവ് ഏഴ് മണിക്കൂറിലധികം വൈകിയായിരുന്നു. ഈ സമയത്ത് ജനക്കൂട്ടം പെരുകുകയും ചൂടും തിരക്കും കാരണം ആളുകൾ ശ്വാസംമുട്ടാൻ തുടങ്ങുകയും ചെയ്തു. സംഭവത്തെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം തമിഴ്നാട് സർക്കാരിനോട് റിപ്പോർട്ട് തേടിയതായി വൃത്തങ്ങൾ അറിയിച്ചു.കരൂർ ലൈറ്റ്ഹൗസ് റൗണ്ടാനയിൽ റാലി നടത്താൻ വിജയ് യുടെ പാർട്ടി ആദ്യം അനുമതി ചോദിച്ചതായി പുലർച്ചെ ഒരു മണിക്ക് നടന്ന പത്രസമ്മേളനത്തിൽ തമിഴ്നാട് ഡിജിപി ഇൻ ചാർജ് ജി വെങ്കിട്ടരാമൻ പറഞ്ഞു. ” കഴിഞ്ഞ രണ്ട് റാലികളിലെ വലിയ ജനക്കൂട്ടം കണക്കിലെടുത്ത്, ഇതിനേക്കാൾ ഇടുങ്ങിയ ആ പ്രദേശത്ത് ഞങ്ങൾ അനുമതി നൽകിയില്ല. 10,000 പേർ വരുമെന്ന് അവർ പറഞ്ഞു, പക്ഷേ 27,000 ൽ അധികം പേർ എത്തി,” എന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.“രാവിലെ 10 നും ഉച്ചകഴിഞ്ഞ് 3 നും ഇടയിലാണ് അനുമതി ചോദിച്ചത്, ഉച്ചയ്ക്ക് 12.30 ഓടെ വിജയ് അവിടെ എത്തുമെന്ന് പ്രഖ്യാപിച്ചു. രാവിലെ 11 മണി മുതൽ ജനക്കൂട്ടം ഒത്തുകൂടാൻ തുടങ്ങി, പക്ഷേ അദ്ദേഹം വൈകുന്നേരം 7.40 ന് മാത്രമാണ് വേദിയിലെത്തിയത്. ജനക്കൂട്ടത്തിന് വെള്ളമോ ഭക്ഷണമോ ലഭിച്ചില്ല. ഞങ്ങൾ ആരെയും കുറ്റപ്പെടുത്തുന്നില്ല, മറിച്ച് വസ്തുതകൾ പറയുകയാണ്,” എന്നും ഡിജിപി പറഞ്ഞു.The post കരൂർ റാലി ദുരന്തം: ടിവികെയ്ക്കെതിരെ കേസെടുത്തു, അപകടം നടന്നത് ഇങ്ങനെ… appeared first on Kairali News | Kairali News Live.