മലപ്പുറം: ലോകഹൃദയാരോഗ്യ ദിനത്തിന്റെയും സി.പി.ആര്‍. പരിശീലനത്തിന്റെയും ജില്ലാതല ഉദ്ഘാടനം മഞ്ചേരി മെഡിക്കല്‍ കോളേജ് ഫോറന്‍സിക് ലെക്ചര്‍ ഹാളില്‍ ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് നിര്‍വഹിച്ചു. പൊതുജനങ്ങളെ പ്രഥമ ശുശ്രൂഷ നല്‍കാന്‍ പ്രാപ്തമാക്കുക, ഹൃദയസ്തംഭനത്തിന്റെ ലക്ഷണങ്ങള്‍ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുക എന്നീ ലക്ഷ്യത്തോടെയുള്ള ‘ഹൃദയപൂര്‍വ്വം’ ക്യാംപയിനിന്റെയും ജില്ലാതല ഉദ്ഘാടനം കളക്ടര്‍ നിര്‍വഹിച്ചു. ആരോഗ്യവകുപ്പും ആരോഗ്യ കേരളം മലപ്പുറവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകളുടെ മരണത്തിന് കാരണം ഹൃദ്രോഗമാണ്. അതിനാല്‍ തന്നെ ഹൃദയാരോഗ്യത്തിന് പ്രാധാന്യം കൊടുക്കണം. ശരിയായ ജീവിതശൈലി പിന്തുടരുന്നതിലൂടെയും കൃത്യമായ ഇടവേളകളില്‍ പരിശോധനകള്‍ നടത്തുന്നതിലൂടെയും ഒരു പരിധിവരെ ഹൃദ്രോഗങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ‘ഹൃദയത്തിന്റെ സ്പന്ദനങ്ങള്‍ അറിയാതെ പോകരുത്’ എന്ന സന്ദേശത്തോടെയാണ് ലോകഹൃദയാരോഗ്യ ദിനവും സി.പി.ആര്‍. പരിശീലനവും സംഘടിപ്പിച്ചത്.മഞ്ചേരി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ടി.എസ്. ഷിബു അധ്യക്ഷത വഹിച്ച പരിപാടിയില്‍ തിരഞ്ഞെടുക്കപ്പെട്ട 100 പേര്‍ക്ക് സി.പി.ആര്‍. പരിശീലനം നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക, എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി.എന്‍. അനൂപ്, മഞ്ചേരി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.ആര്‍. പ്രഭുദാസ്, എന്‍.സി.ഡി. നോഡല്‍ ഓഫീസര്‍ എ. ഷിബു ലാല്‍, സി.പി.ആര്‍. ട്രെയിനിങ് നോഡല്‍ ഓഫീസര്‍ ഡോ. വിനീത്, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ.പി. സാദിഖ് അലി, കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. ബിജിലേഷ്, ജനറല്‍ മെഡിസിന്‍ വിഭാഗം മേധാവി ഡോ. എം. പ്രവീണ്‍, കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. പ്രിയ, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. ഉഷാകുമാരി, ഐ.എം.എ. പ്രതിനിധി ഡോ. രാജേഷ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.വാണിയമ്പലം കൂരാട് അപകടത്തിൽ ഭാര്യക്ക് പിന്നാലെ ഭർത്താവും മകളും മരണപ്പെട്ടു