മനാമ: പാലക്കാട് ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ തിയേറ്റര്‍ (പാക്ട്) ഓണാഘോഷം ശ്രദ്ധേയവും ബഹ്റൈനിലെ പാലക്കാട്ടുകാരുടെ സംഗവുമായി മാറി. സല്‍മാബാദ് ഗോള്‍ഡന്‍ ഈഗിള്‍ ക്ലബ്ബില്‍ വെച്ച് നടന്ന ഓണാഘോഷ ചടങ്ങില്‍ രണ്ടായിരത്തി അഞ്ഞൂറിലേറെ പേര്‍ പങ്കെടുത്തു.പ്രസിഡന്റ് അശോക് കുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ശിവദാസ് നായര്‍ സ്വാഗതം ആശംസിച്ചു. പാലക്കാട് എംപി വികെ ശ്രീകണ്ഠന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.ബഹ്റൈന്‍ പാര്‍ലിമെന്റ് അംഗം മുഹമ്മദ് ഹുസൈന്‍ ജനാഹി, ബഹ്റൈനിലെ ബിസിനസ് രംഗത്തെ പ്രമുഖ വ്യക്തിത്വം വലീദ് ഇബ്രാഹിം കാനൂ, അമാദ് ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡി പമ്പാവാസന്‍ നായര്‍, മുന്‍ വനിത കമ്മീഷന്‍ അംഗം തുളസി ശ്രീകണ്ഠന്‍, ബ്രോഡന്‍ കോണ്‍ട്രാക്ടിങ് കമ്പനി എംഡി ഡോ. കെഎസ് മേനോന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.പാലക്കാടിന്റെ പുരോഗതിയില്‍ പാലക്കാട്ടുകാരായ പ്രവാസികള്‍ വഹിക്കുന്ന പങ്ക് ഏറെ വലുതാണെന്ന് മുഖ്യ പ്രഭാഷണത്തില്‍ വികെ ശ്രീകണ്ഠന്‍ എംപി പറഞ്ഞു. ‘ബഹ്റൈനിലെ സാമൂഹ്യ സാംസ്കാരിക ജീവ കാരുണ്യ മേഖലകളില്‍ പാക്ട് നടത്തുന്ന ഇടപെടലുകള്‍ മാതൃകപരമാണ്. പാലക്കാട് അതിവേഗം വളരുന്ന ജില്ലയാണ്. ഒട്ടേറെ വികസന സാദ്ധ്യതകള്‍ പാലക്കാടിനുണ്ട്. പ്രകൃതിയുടെ മനോഹാരിത കൊണ്ടും ജല വിഭവം കൊണ്ടും കൃഷിക്ക് അനുയോജ്യമായ മണ്ണ് കൊണ്ടും പാലക്കാട് സമ്പന്നമാണ്. സാംസ്കാരിക സാഹിത്യ രംഗത്ത് പാലക്കാടിന്റെ സംഭാവനകള്‍ സമാനതകളില്ലാത്ത ഒന്നാണെന്നും’ അദ്ദേഹം അഭിപ്രായപ്പെട്ടു.ചടങ്ങിനോടനുബന്ധിച്ച് പാക്ട് അംഗങ്ങളായ സംരംഭകര്‍ക്കായി രൂപീകരിച്ച ഗ്രൂപ്പ് ലോഞ്ച് ഉദ്ഘാടനം പാമ്പാവസന്‍ നായര്‍ നിര്‍വ്വഹിച്ചു. സംരംഭക കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്ന സജിന്‍ ഹെന്‍ട്രി ഗ്രൂപ്പിന്റെ ലക്ഷ്യങ്ങളെ കുറിച്ച് വിശദീകരിച്ചു. ബാബുരാജും ചടങ്ങില്‍ സംബന്ധിച്ചു.ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ കലാ വിരുന്നുകള്‍ അരങ്ങേറി. പ്രശസ്ത സിനിമ പിന്നണി ഗായകന്‍ പ്രശോഭ് രാമചന്ദ്രന്‍ നയിച്ച സംഗീത വിരുന്ന് ഏറെ ഹൃദ്യമായിരുന്നു. ബഹ്റൈന്‍ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോവുന്ന മുതിര്‍ന്ന പാക്ട് ഭാരവാഹി സുഭാഷ് മേനോനെ ശ്രീകണ്ഠന്‍ എംപി ചടങ്ങില്‍ ആദരിച്ചു. റൈറ്റ് ചോയ്സ് കാറ്ററേഴ്സ് ഒരുക്കിയ ഓണ സദ്യ പാലക്കാടന്‍ രുചി വൈഭവം വിളിച്ചോതുന്നതായി.The post പാക്ട് ഓണാഘോഷവും ബഹ്റൈനിലെ പാലക്കാട്ടുകാരുടെ സംഗമവും appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.