ചെന്നൈ|തമിഴ്നാട്ടിലെ കരൂരില്‍ നടനും രാഷ്ട്രീയ നേതാവുമായ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടി വി കെ) റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ കൂടുതല്‍ നടപടി. ഒരു ടിവികെ പ്രാദേശിക നേതാവും ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനും കസ്റ്റഡിയില്‍. കരൂര്‍ സ്വദേശി പൗന്‍ രാജും ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകന്‍ ഫെലിക്‌സ് ജെറാള്‍ഡുമാണ് കസ്റ്റഡിയില്‍ ഉളളത്. പരിപാടിക്ക് അനുമതി തേടി നല്‍കിയ അപേക്ഷയില്‍ ഒപ്പിട്ട ഒരാള്‍ ആണ് പൗന്‍രാജ്. യൂട്യൂബ് വീഡിയോയുടെ പേരിലാണ് രാവിലെ ചെന്നൈ പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. റെഡ്പിക്‌സ് യൂട്യൂബ് എന്ന ചാനല്‍ എഡിറ്റര്‍ ആണ് ഫെലിക്‌സ് ജെറാള്‍ഡ്. സ്റ്റാലിന്‍ സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകന്‍ കൂടിയാണ് ഇയാള്‍.സെന്തില്‍ ബാലാജിയുടെ ഇടപെടല്‍ സംബന്ധിച്ച വീഡിയോയ്ക്ക് പിന്നാലെയാണ് അറസ്റ്റ്.അതേസമയം ഇന്നലെ അറസ്റ്റിലായ ടിവികെ നേതാവ് മതിയഴകനെ ഇന്നു കോടതിയില്‍ ഹാജരാക്കും. ഇന്നലെ രാത്രി ദിണ്ടികലില്‍ വച്ചായിരുന്നു അറസ്റ്റ്. ഇതിനു പുറമെ ടിവികെ നേതാക്കളായ ബുസി ആനന്ദ്, നിര്‍മ്മല്‍ കുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. നിലവില്‍ ഇരുവരും ഒളിവില്‍ ആണ്.കരൂരില്‍ ഇന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ സന്ദര്‍ശിക്കും. രാവിലെ 11 മണിയോടെ സ്ഥലത്തെത്തും. കരൂര്‍ ദുരന്തത്തിന് പിന്നാലെ രാഹുല്‍ഗാന്ധി വിജയെ വിളിച്ച് സംസാരിച്ചിരുന്നു.