തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനിലെ ചടങ്ങില്‍ പങ്കെടുക്കുന്നതിനാല്‍ ഗവര്‍ണര്‍ ആര്‍ എസ് എസ് വേദിയില്‍ വയ്ക്കാറുള്ള കാവിക്കൊടിയേന്തിയ ഭാരതാംബാ ചിത്രം ഒഴിവാക്കി. രാജ്ഭവന്റെ ഇന്‍ ഹൗസ് മാഗസിനായ ‘രാജഹംസ’ത്തിന്റെ പ്രകാശനത്തിനായാണ് മുഖ്യമന്ത്രി രാജ്ഭവനില്‍ എത്തിയത്. ശശി തരൂര്‍ എം പി ആദ്യപ്രതി ഏറ്റുവാങ്ങി.സര്‍വകാശാല വിഷയത്തില്‍ ഗവര്‍ണറുമായി നിയമയുദ്ധം തുടരുന്നതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനില്‍ പരിപാടിയില്‍ സംബന്ധിക്കാന്‍ എത്തിയത്. രാജ്ഭവനിലെ പരിപാടികളില്‍ കാവിക്കൊടിയേന്തിയ ഭാരതാംബാ ചിത്രം ഒഴിവാക്കില്ലെന്ന നിലപാടായിരുന്നു നേരത്തെ ഗവര്‍ണര്‍ സ്വീകരിച്ചിരുന്നത്.സര്‍ക്കാരിനെ പിന്തുണക്കുന്നതും അല്ലാത്തതുമായ അഭിപ്രായങ്ങള്‍ ഈ പ്രസിദ്ധീകരണത്തില്‍ ഉണ്ടാകാമെന്നും ആ അഭിപ്രായങ്ങള്‍ ലേഖകന്റേതാണെന്നും സര്‍ക്കാരിന്റേതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആദ്യപതിപ്പിലെ ആര്‍ട്ടിക്കിള്‍200മായി ബന്ധപ്പെട്ട ലേഖനത്തിലെ അഭിപ്രായം സര്‍ക്കാറിന്റേതല്ല. വിരുദ്ധ അഭിപ്രായങ്ങള്‍ അംഗീകരിക്കുന്ന സര്‍ക്കാറാണ് കേരളത്തിലുള്ളത്. വിരുദ്ധ അഭിപ്രായങ്ങള്‍ അലോസരപ്പെടുത്തുന്നില്ല. നിറഞ്ഞ സന്തോഷത്തോടെ രാജഹംസം മാസിക പ്രകാശനം ചെയ്യുന്നതായും മുഖ്യമന്ത്രി പറഞ്ഞു.രാജ്ഭവനുകളുടെ പേര് മാറ്റി ലോക് ഭവന്‍ എന്നാക്കണമെന്ന് ശശി തരൂര്‍ പറഞ്ഞു. ജനങ്ങളുടെ ഭവനമാകണം രാജ്ഭവനെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.