മാവൂർ:കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവൃത്തി നടത്താന്‍ അനുമതി ലഭിച്ച മാവൂര്‍-എന്‍ഐടി-കൊടുവള്ളി റോഡിന്റെ സ്ഥലമെടുപ്പ് നടപടികള്‍ അന്തിമഘട്ടത്തിലേക്ക്. ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി സാമൂഹികാഘാത പഠന റിപ്പോര്‍ട്ടിന്റെ സംക്ഷിപ്ത രൂപം പ്രസിദ്ധപ്പെടുത്തിക്കൊണ്ടുള്ള 11(1) നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചു. മാവൂര്‍, ചാത്തമംഗലം, പൂളക്കോട്, കൊടുവള്ളി വില്ലേജുകളില്‍ നിന്നുള്ള 0.9409 ഹെക്ടര്‍ ഭൂമിയാണ് റോഡ് വികസനത്തിന് ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. കിഫ്ബിയില്‍നിന്ന് ഭൂമി ഏറ്റെടുക്കലിനുള്ള 7 കോടി രൂപ ഉള്‍പ്പെടെ 52.2 കോടിയുടെ ഭരണാനുമതിയായിരുന്നു നേരത്തെ ലഭിച്ചിരുന്നത്. പിന്നീട് പൊതുമരാമത്ത് നിരക്കുകളിലുണ്ടായ വര്‍ധനവ്, യൂട്ടിലിറ്റി ഷിഫ്റ്റിങ്ങിന് വേണ്ടിവരുന്ന തുക, ജിഎസ്ടിയിലെ വര്‍ധനവ് തുടങ്ങിയവ അധികമായി വന്നതിനാല്‍ പ്രവൃത്തിക്കുള്ള എസ്റ്റിമേറ്റ് 88.75 കോടിയായി ഉയര്‍ന്നിട്ടുണ്ട്. ഇതിനുള്ള അനുമതി കിഫ്ബി ബോര്‍ഡിന്റെ പരിഗണനയിലാണ്.സ്ഥലമെടുപ്പ് നടപടികള്‍ നീളുന്നതിനാല്‍ റോഡിന്റെ അടിയന്തര അറ്റകുറ്റപ്പണി നടത്തണമെന്ന ആവശ്യമുയര്‍ന്നതിനെ തുടര്‍ന്ന് പി ടി എ റഹീം എംഎല്‍എയുടെ ശ്രമഫലമായി 2.25 കോടി രൂപ അനുവദിക്കുകയും മാവൂര്‍ മുതല്‍ കൊടുവള്ളി വരെയുള്ള ഭാഗം റീടാറിങ് നടത്തി ഗതാഗത യോഗ്യമാക്കുകയും ചെയ്തിരുന്നു. 13 കിലോമീറ്റര്‍ നീളത്തിലുള്ള റോഡ് 10 മീറ്റര്‍ വീതിയില്‍ നവീകരിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്.