'പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്കായി പ്രാർത്ഥിക്കുന്നു'; കരൂര്‍ ദുരന്തത്തില്‍ മമ്മൂട്ടിയും മോഹൻലാലും

Wait 5 sec.

വിജയ് നേതൃത്വം നല്‍കുന്ന തമിഴക വെട്രി കഴകം (ടിവികെ) സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ടുണ്ടായ ദുരന്തത്തില്‍ അനുശോചനം അറിയിച്ച് മമ്മൂട്ടിയും മോഹൻലാലും. സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും അനുശോചനം അറിയിച്ചത്. 'കരൂരിലെ ദാരുണമായ സംഭവത്തിൽ ഞാൻ അഗാധമായി ദുഃഖിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് എന്റെ ഹൃദയംഗമമായ അനുശോചനം. പരിക്കേറ്റവർക്ക് ശക്തിയും വേഗത്തിലുള്ള സുഖവും നേരുന്നു,' മമ്മൂട്ടി കുറിച്ചു. കരൂരിൽ ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്കായി പ്രാർത്ഥിക്കുന്നു. പരിക്കേറ്റവർക്ക് ശക്തിയും വേഗത്തിലുള്ള സുഖവും നേരുന്നു എന്ന് മോഹൻലാൽ കുറിച്ചു.സമാനതകളില്ലാത്ത ദുരന്തമാണ് കരൂരില്‍ ടിവികെ സംഘടിപ്പിച്ച റാലിയില്‍ ഉണ്ടായത്. വിജയ് സംസാരിക്കുന്നതിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 39 പേര്‍ കൊല്ലപ്പെട്ടു. ആളുകള്‍ കുഴഞ്ഞു വീഴുന്നത് കണ്ട് വിജയ് പ്രസംഗം നിര്‍ത്തിയെങ്കിലും നിയന്ത്രണാതീതമായ ആള്‍ക്കൂട്ടം സ്ഥിതിഗതികള്‍ കൈവിട്ടുപോകാന്‍ കാരണമായി. വിജയ് ആള്‍ക്കൂട്ടത്തിലേക്ക് വെള്ളക്കുപ്പികള്‍ എറിഞ്ഞു കൊടുത്തതും പ്രശ്‌നത്തെ രൂക്ഷമാക്കിയതായി റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ വലിയ രാഷ്ട്രീയ തിരിച്ചടി കൂടി വിജയ് നേരിടുകയാണ്. സംസ്ഥാനമൊട്ടാകെ ടിവികെ നടത്തി വരുന്ന പ്രചാരണ പരിപാടികളുടെ ഭാഗമായി നടത്തിയ റാലിയിലാണ് അപകടമുണ്ടായത്. നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടെയും പരിക്ക് ഗുരുതരമായതിനാല്‍ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്.