ചെന്നൈ | കരൂരിൽ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 40 പേർ മരിക്കുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന് പിന്നിൽ ഡി എം കെ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം. കേസ് സിബിഐക്ക് കൈമാറണമെന്നോ അല്ലെങ്കിൽ ഒരു പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയമിക്കണമെന്നോ ആവശ്യപ്പെട്ട് പാർട്ടി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതായി ടി വി കെ അഭിഭാഷകൻ അരൈവഴകൻ ദേശീയ മാധ്യമമായ എൻ ഡി ടി വിയോട് പറഞ്ഞു. സംഭവത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടു എന്ന സംസ്ഥാന സർക്കാരിന്റെ വാദങ്ങൾ അരൈവഴകൻ തള്ളി.“കരൂർ സംഭവത്തിന് പിന്നിൽ ഒരു ഗൂഢാലോചനയുണ്ട്, അതൊരു ക്രിമിനൽ ഗൂഢാലോചനയാണ്. അതിനാൽ സംസ്ഥാന ഏജൻസിയല്ല, കോടതി തന്നെ വിഷയത്തിൽ സ്വതന്ത്രമായി അന്വേഷണം നടത്തണമെന്ന് ഞങ്ങൾ ഹൈക്കോടതിയിൽ അഭ്യർത്ഥിച്ചു” – ടി.വി.കെ.യുടെ നിയമ വിഭാഗം സംസ്ഥാന കോർഡിനേറ്റർ കൂടിയായ അരൈവഴകൻ പറഞ്ഞു. കോടതി ഒരു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കയോ, അല്ലെങ്കിൽ തമിഴ്‌നാട് പോലീസിൽ നിന്ന് കേസ് സിബിഐക്ക് കൈമാറുകയോ ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സംസ്ഥാന പോലീസിന്റെ അന്വേഷണത്തിൽ ടി വി കെക്ക് വിശ്വാസമില്ലേയെന്ന ചോദ്യത്തിന്, അവിടെ ഒരു ക്രിമിനൽ ഗൂഢാലോചനയുണ്ടായിരുന്നുവെന്നും കരൂർ ജില്ലയിലെ ഭരണകക്ഷിയുടെ ചില ഭാരവാഹികൾക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട് എന്നുമായിരുന്നു അഭിഭാഷകന്റെ മറുപടി.റാലിക്ക് പോലീസ് ഏർപ്പെടുത്തിയ ഒരു വ്യവസ്ഥയും തങ്ങൾ ലംഘിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി മധുര, തൃച്ചി, അരിയല്ലൂർ, തിരുവാരൂർ, നാഗപട്ടണം, നാമക്കൽ എന്നിവിടങ്ങളിൽ ഞങ്ങൾ നിരവധി പരിപാടികൾ നടത്തി. എന്നിട്ടും കരൂരിൽ ഇത് എങ്ങനെ സംഭവിച്ചു എന്നതാണ് ചോദ്യം. ഇത് സംശയം ജനിപ്പിക്കുന്നുവെന്നും അരൈവഴകൻ പറഞ്ഞു.റാലി സ്ഥലത്ത് ഉച്ചയോടെ തന്നെ ആളുകൾ എത്തിയിട്ടും നടൻ വിജയ് രാത്രി 7 മണിയോടെയാണ് എത്തിയതെന്നും, 10,000 പേർക്ക് മാത്രം സൗകര്യമുള്ള സ്ഥലത്ത് 27,000 പേർ തടിച്ചുകൂടാൻ കാരണം ടിവികെ. മനഃപൂർവം സമയം വൈകിപ്പിച്ചതാണെന്നും സർക്കാർ വൃത്തങ്ങൾ ആരോപിച്ചിരുന്നു. ഈ വാദങ്ങൾ തള്ളിയ ടി വി കെ. അഭിഭാഷകൻ, വിജയ് എത്താൻ വൈകിയത് രൂക്ഷമായ ഗതാഗതക്കുരുക്ക് മൂലമാണെന്നും വ്യക്തമാക്കി.അതേസമയം, ഗൂഢാലോചന ആരോപണങ്ങളോട് പ്രതികരിക്കാൻ ഡി.എം.കെ. വക്താവ് ഡോ. സയ്യിദ് ഹഫീസുള്ള വിസമ്മതിച്ചു. ഞങ്ങൾ ഇതിനെ രാഷ്ട്രീയവൽക്കരിക്കാൻ ആഗ്രഹിക്കുന്നില്ല. നിയമം അതിൻ്റെ വഴിക്ക് പോകും. ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നവർ ആദ്യം അവരുടെ പാർട്ടി നേതൃത്വം എങ്ങനെയാണ് പെരുമാറിയതെന്ന് ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.സംഭവത്തിൽ ടി.വി.കെ. ജനറൽ സെക്രട്ടറി എൻ. ആനന്ദ്, ജോയിൻ്റ് ജനറൽ സെക്രട്ടറി നിർമ്മൽ കുമാർ, കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി വി.പി. മതിയാഴകൻ എന്നിവർക്കെതിരെ കൊലപാതകമല്ലാത്ത കുറ്റകരമായ നരഹത്യയ്ക്ക് പോലീസ് കേസെടുത്തിട്ടുണ്ട്. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.