തിരുവനന്തപുരം| തിരുവനന്തപുരം പേട്ടയില്‍ ഹൈദരാബാദ് സ്വദേശികളായ ദമ്പതികളുടെ രണ്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ഇടവ സ്വദേശി ഹസന്‍കുട്ടി കുറ്റക്കാരനെന്ന് കോടതി. പ്രതിയുടെ ശിക്ഷ ഒക്ടോബര്‍ മൂന്നിന് വെള്ളിയാഴ്ച തിരുവനന്തപുരം പോക്സോ കോടതി വിധിക്കും. ബലാത്സംഗം, തട്ടിക്കൊണ്ടു പോകല്‍, വധശ്രമം എന്നീ കുറ്റങ്ങള്‍ പ്രതി ചെയ്തതായി കോടതി കണ്ടെത്തി.തിരുവനന്തപുരം ചാക്കയിലെ തെരുവിലെ ടെന്റില്‍ കിടന്നുറങ്ങിയ കുട്ടിയെ ഹസന്‍കുട്ടി തൊട്ടടുത്തുള്ള പൊന്തക്കാട്ടില്‍ എടുത്തു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ബ്രഹ്മോസിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. സംഭവശേഷം ഹസന്‍കുട്ടി തമിഴ്നാട്ടിലേക്ക് കടന്നിരുന്നു. പഴനിയില്‍ എത്തി ഇയാള്‍ തലമുണ്ഡനം ചെയ്ത് രൂപ മാറ്റം വരുത്തി. ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ടുകളാണ് കേസില്‍ നിര്‍ണായകമായത്. കുട്ടിയുടെ മുടി ഹസന്‍കുട്ടിയുടെ ഡ്രസ്സില്‍ നിന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. 41 സാക്ഷികളെ കേസില്‍ വിസ്തരിച്ചിരുന്നു. നേരത്തെയും കുട്ടികളെ പീഡിപ്പിച്ച കേസില്‍ പ്രതിയാണ് ഹസന്‍കുട്ടി.