എന്‍എസ്എസിന്റെ നിലപാടില്‍ യുഡിഎഫ് ആശങ്കപ്പെടേണ്ടതില്ല; വി ഡി സതീശന്‍

Wait 5 sec.

തിരുവനന്തപുരം| എന്‍എസ്എസിന്റെ നിലപാടിനെതിരെ പരാതിയോ ആരോപണമോ ആക്ഷേപമോ ഉന്നയിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എന്‍എസ്എസിന്റെ നിലപാടില്‍ യുഡിഎഫ് ആശങ്കപ്പെടേണ്ടതില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. എന്‍എസ്എസ് സാമുദായിക സംഘടനയാണ്. അവര്‍ക്ക് അവരുടെ നിലപാടെടുക്കാം. അതിന് പൂര്‍ണസ്വാതന്ത്ര്യമുണ്ട്. അവര്‍ എന്ത് തീരുമാനമെടുക്കണമെന്ന് പറയേണ്ടത് ഞങ്ങളല്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.കപട ഭക്തി കാണിക്കുന്ന അയ്യപ്പ സംഗമവുമായി യുഡിഎഫ് ഒരു കാരണവശാലും സഹകരിക്കില്ല. അത് ഞങ്ങളുടെ രാഷ്ട്രീയ തീരുമാനമാണ്. അതില്‍ മാറ്റമുണ്ടാകില്ല. ഇപ്പോള്‍ കേരളത്തിലെ സിപിഎം പ്രീണനവുമായി മുന്നോട്ടു പോകുകയാണ്. ഭൂരിപക്ഷ വര്‍ഗീയതയെയാണ് ഇപ്പോള്‍ അവര്‍  പ്രോത്സാഹിപ്പിക്കുന്നത്. മുന്‍പ് അത് ന്യൂനപക്ഷ വര്‍ഗീയതയായിരുന്നു. ഇതിനെ രണ്ടിനേയും കോണ്‍ഗ്രസ് പ്രോത്സാഹിപ്പിക്കില്ല. യുഡിഎഫിനുള്ളത്  ഉറച്ച മതേതര നിലപാടാണ്.  കേരളത്തിലെ സിപിഐഎമ്മിന്റേത് ഇപ്പോള്‍ തീവ്ര വലതുപക്ഷ രാഷ്ട്രീയമായി മാറിയിരിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ്കുറ്റപ്പെടുത്തി.ശബരിമല വിഷയത്തില്‍ എന്‍എസ്എസ് എല്‍ഡിഎഫിനൊപ്പമാണെന്നാണ് ജി സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നത്. അയ്യപ്പ സംഗമം ബഹിഷ്‌കരിച്ച കോണ്‍ഗ്രസിനെ സുകുമാരന്‍ നായര്‍ വിമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസിന് ഹിന്ദു വോട്ട് വേണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. ശബരിമലയില്‍ ആചാരം സംരക്ഷിക്കാന്‍ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.