ലഡാക്കില്‍ കഴിഞ്ഞ ദിവസം നടന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്നാലെ ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിനെ ദേശീയ സുരക്ഷാ നിയമം അനുസരിച്ച് അറസ്റ്റ് ചെയ്തിരിക്കുന്നു. ജാമ്യം ലഭിക്കാതെ ദീര്‍ഘകാല കരുതല്‍ തടങ്കല്‍ വാങ്ചുക്കിന് ലഭിച്ചേക്കുമെന്നാണ് കരുതുന്നത്. അറസ്റ്റിന് പിന്നാലെ വാങ്ചുക്കിനെ രാജസ്ഥാനിലെ ജോധ്പൂരിലേക്ക് മാറ്റുകയും ലേയില്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കുകയും ചെയ്തിരിക്കുകയാണ്. 2018ലെ മാഗ്‌സാസെ പുരസ്‌കാര ജേതാവ്, 2009ല്‍ പുറത്തിറങ്ങിയ ത്രീ ഇഡിയറ്റ്‌സ് എന്ന ആമിര്‍ ഖാന്‍ ചിത്രത്തിലെ ഫുന്‍സുഖ് വാങ്കുഡു എന്ന കഥാപാത്രത്തിന് പ്രചോദനമായയാള്‍. ആരാണ് സോനം വാങ്ചുക്ക്?ജമ്മു കാശ്മീര്‍ മന്ത്രിയായിരുന്ന സോനം വാങ്യാലിന്റെ മകന്‍. 1966ല്‍ ജനിച്ച വാങ്ചുക് 9 വയസ് വരെ സ്‌കൂള്‍ വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. സ്‌കൂളുകള്‍ ഇല്ലാത്തതായിരുന്നു കാരണം. 1975ല്‍ വാങ്യാല്‍ മന്ത്രിയായതിന് ശേഷമാണ് വാങ്ചുക്കിന് സ്‌കൂള്‍ വിദ്യാഭ്യാസം ലഭിച്ചത്. പിന്നീട് 12-ാം വയസില്‍ വാങ്ചുക് നാടുവിട്ടു. ഡല്‍ഹിയിലെത്തിയ വാങ്ചുക് കേന്ദ്രീയ വിദ്യാലയത്തില്‍ ചേര്‍ന്ന് പഠനം ആരംഭിച്ചു. ശ്രീനഗര്‍ എന്‍ഐടിയില്‍ എന്‍ജിനീയറിംഗും ഫ്രാന്‍സിലെ ക്രേറ്റര്‍ സ്‌കൂളില്‍ ഓഫ് ആര്‍ക്കിടെക്ചറില്‍ നിന്ന് ബിരുദവും കരസ്ഥമാക്കി. 1988ല്‍ വാങ്ചുക്ക് ആരംഭിച്ച സ്റ്റുഡന്റ്‌സ് എജ്യുക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ മൂവ്‌മെന്റ് ഓഫ് ലഡാക്ക് വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കരണത്തിനായാണ് പ്രവര്‍ത്തിച്ചത്. (എസ്ഇസിഎംഒഎല്‍) ഇപ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ പ്രസ്ഥാനത്തിന്റെ അംഗീകാരം റദ്ദാക്കിയിരിക്കുകയാണ്. ലഡാക്കിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ കൊണ്ടുവന്ന ഐസ് സ്തൂപ പദ്ധതിയാണ് വാങ്ചുക്കിനെ മാഗ്‌സാസെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ശീതകാലത്ത് ഐസ് സ്തൂപങ്ങളായി സംഭരിക്കുന്ന വെള്ളം പിന്നീട് വേനല്‍ക്കാലത്ത് കുടിവെള്ള സ്രോതസ്സുകളാക്കി മാറ്റുന്ന രീതിയാണ് ഇത്. വിദ്യാഭ്യാസ മേഖലയില്‍ എസ്ഇസിഎംഒഎല്‍ നടത്തിയ ഇടപെടലാണ് ഓപ്പറേഷന്‍ ന്യൂ ഹോപ്. അധ്യാപക പരിശീലനം, പ്രാദേശിക പ്രസക്തിയുള്ള വിഷയങ്ങളില്‍ പാഠപുസ്തകങ്ങള്‍ നിര്‍മിക്കുക, വിദ്യാര്‍ത്ഥീ സൗഹൃദപരമായ പഠന രീതികള്‍ വികസിപ്പിക്കുക എന്നിവയായിരുന്നു ലക്ഷ്യം. ലഡക്കിലെ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ സ്‌കൂളുകള്‍ കൂടുതല്‍ ഫലപ്രദമാക്കുകയായിരുന്നു വാങ്ചുക് ഇതിലൂടെ ലക്ഷ്യമിട്ടത്. വാങ്ചുക്കിന്റെ രാഷ്ട്രീയ ഇടപെടലുകള്‍ 2019ല്‍ ജമ്മു കാശ്മീരിന്റെ സ്വയംഭരണ അവകാശം ഉറപ്പു വരുത്തിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ശക്തമായി. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുമോദിച്ച് കൊണ്ട് പുറത്തുവിട്ട വീഡിയോയില്‍ ചില ചോദ്യങ്ങളും വാങ്ചുക്ക് ഉയര്‍ത്തിയിരുന്നു. കേന്ദ്രഭരണ പ്രദേശം എന്ന പദവിയില്‍ ജനങ്ങള്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു തുടങ്ങിയിട്ടുണ്ടെന്നും ടിബറ്റിനെ ചൈന ചൂഷണം ചെയ്യുന്നത് പോലെ ലഡാക്കിന്റെ വിഭവങ്ങളെ ചൂഴ്‌ന്നെടുക്കാനുള്ള അനുമതിയാണോ നല്‍കിയിരിക്കുന്നതെന്നാണ് അവര്‍ ചോദിക്കുന്നതെന്നും വാങ്ചുക് അന്ന് ചോദിച്ചു. 2023ല്‍ ഖര്‍ദുംഗ് ലാ പാസില്‍ കാലാവസ്ഥാ വിഷയത്തില്‍ വാങ്ചുക് പ്രഖ്യാപിച്ച അഞ്ച് ദിവസത്തെ സത്യഗ്രഹത്തിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. പകരം ലേയില്‍ സംഘടിപ്പിച്ച സമരത്തില്‍ ഉയര്‍ന്നത് രാഷ്ട്രീയ മുദ്രാവാക്യങ്ങളായിരുന്നു. 2024 ഒക്ടോബറില്‍ അദ്ദേഹം നടത്തിയ 16 ദിവസം നീണ്ടുനിന്ന സത്യഗ്രത്തിനൊടുവില്‍ ലഡാക്കിലെ സംഘടനകളുമായി ആഭ്യന്തര മന്ത്രാലയം ചര്‍ച്ചകള്‍ നടത്താമെന്ന് ധാരണയായിരുന്നു. കെ.ജി.ജോര്‍ജ്ജ്; മലയാള സിനിമയിലെ 'മറ്റൊരാള്‍'എന്നാല്‍ ചര്‍ച്ചകള്‍ വഴിമുട്ടുകയും സെപ്റ്റംബര്‍ 10ന് വാങ്ചുക് ഒരു നിരാഹാര സമരം ആരംഭിക്കുകയും ചെയ്തു. പരിസ്ഥിതി ദുര്‍ബല പ്രദേശമായ ലഡാക്കിന് സ്വയംഭരണാവകാശവും ഭരണഘടനയുടെ ആറാം ഷെഡ്യൂള്‍ അനുസരിച്ച് പ്രത്യേക പരിഗണനയും ആവശ്യപ്പെട്ടായിരുന്നു സമരം. ഇതിന് പിന്നാലെയാണ് ലഡാക്കില്‍ അനിഷ്ട സംഭവങ്ങളുണ്ടാകുന്നതും നാല് പേര്‍ക്ക് ജീവന്‍ നഷ്ടമാകുന്നതും. ഇതോടെ വാങ്ചുക് തന്റെ നിരാഹാര സമരം പിന്‍വലിച്ചു. ലഡാക്കിലുണ്ടായ പ്രക്ഷോഭത്തില്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ വാങ്ചുക്കിനെതിരെ സിബിഐ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.