പാക്കിസ്ഥാൻ തീവ്രവാദത്തെ മഹത്വവത്കരിക്കുന്നു; ഐക്യരാഷ്ട്രസഭയിൽ പാക് പ്രധാനമന്ത്രിക്ക് ഇന്ത്യയുടെ ചുട്ട മറുപടി

Wait 5 sec.

യുഎൻ | ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ (UNGA) പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് നടത്തിയ പ്രസംഗത്തിനെതിരെ ഇന്ത്യ ശക്തമായ വിമർശനം ഉന്നയിച്ചു. പാകിസ്താൻ കള്ളത്തരങ്ങൾ പ്രചരിപ്പിക്കുകയും ഭീകരവാദത്തെ മഹത്വവത്കരിക്കുകയും ചെയ്യുകയാണെന്ന് ഇന്ത്യന്‍ നയതന്ത്രജ്ഞയും യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം മിഷനിലെ ഫസ്റ്റ് സെക്രട്ടറിയുമായ പെറ്റൽ ഗഹ്‌ലോട്ട് കുറ്റപ്പെടുത്തി.“ഈ പൊതുസഭ, പാക് പ്രധാനമന്ത്രിയുടെ അസംബന്ധ നാടകങ്ങൾക്ക് സാക്ഷ്യം വഹിച്ചു. അവരുടെ വിദേശനയത്തിന്റെ അടിത്തറയായ ഭീകരവാദത്തെ അദ്ദേഹം ഒരിക്കൽ കൂടി മഹത്വവത്കരിച്ചിരിക്കുന്നു. എത്ര നാടകം കളിച്ചാലും കള്ളത്തരങ്ങൾ കാണിച്ചാലും സത്യം മറച്ചുവെക്കാൻ കഴിയില്ല” – അവർ പറഞ്ഞു.പാക് പിന്തുണയുള്ള ഭീകരസംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ടിനെ (TRF) ജമ്മു കശ്മീരിലെ വിനോദസഞ്ചാരികളുടെ കൂട്ടക്കൊലയിൽ നിന്ന് രക്ഷിക്കാൻ പാകിസ്താൻ ശ്രമിച്ചതിനെക്കുറിച്ചും ഗഹ്‌ലോട്ട് യുഎന്നിനെ ഓർമ്മിപ്പിച്ചു. പാകിസ്താന്റെ നേതാക്കൾ കുപ്രസിദ്ധരായ തീവ്രവാദികളെ പരസ്യമായി മഹത്വവത്കരിക്കുകയും ആദരിക്കുകയും ചെയ്യുമ്പോൾ, അവരുടെ മനോഭാവത്തെക്കുറിച്ച് സംശയങ്ങൾക്ക് സ്ഥാനമില്ലെന്ന് പെറ്റൽ ഗഹ്‌ലോട്ട് വ്യക്തമാക്കി. ഉസാമ ബിൻ ലാദന് ഒരിക്കൽ അഭയം നൽകിയ പാകിസ്താൻ, തീവ്രവാദത്തിനെതിരെ പോരാടുന്നു എന്ന് അവകാശപ്പെടുമ്പോഴും ഭീകരക്യാമ്പുകൾ പ്രവർത്തിപ്പിക്കുന്നത് തുടരുകയാണെന്നും അവർ ചൂണ്ടിക്കാട്ടി.പാകിസ്താൻ മെയ് 9 വരെ കൂടുതൽ പ്രത്യാക്രമണങ്ങൾ നടത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെങ്കിലും, മെയ് 10 ന് വെടിനിർത്തലിനായി പാക് സൈന്യം ഇന്ത്യയോട് നേരിട്ട് അപേക്ഷിക്കുകയായിരുന്നുവെന്നും പെറ്റൽ പറഞ്ഞു.ഓപ്പറേഷൻ സിന്ദൂരിനിടെ ‘ഏഴ് ഇന്ത്യൻ വിമാനങ്ങൾക്ക്’ കേടുപാടുകൾ സംഭവിച്ചതായി യുഎൻ പൊതുസഭയിലെ പ്രസംഗത്തിൽ, പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അവകാശപ്പെട്ടിരുന്നു. സിന്ധു നദീജല കരാറുമായി (IWT) ബന്ധപ്പെട്ട വിഷയവും ശരീഫ് ഉന്നയിച്ചു. കരാർ ഇന്ത്യ ഏകപക്ഷീയമായി സസ്‌പെൻഡ് ചെയ്യാൻ ശ്രമിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളെ ലംഘിക്കുന്ന നടപടിയാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.പാകിസ്താനിൽ തഹ്രീക്-ഇ-താലിബാൻ പാകിസ്താൻ (TTP), ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (BLA) പോലുള്ള ഗ്രൂപ്പുകളിലൂടെ ഇന്ത്യ തീവ്രവാദം സ്പോൺസർ ചെയ്യുന്നുവെന്ന് കുറ്റപ്പെടുത്തിയ ശരീഫ് പാകിസ്താൻ എല്ലാ രൂപത്തിലുമുള്ള തീവ്രവാദത്തെ അപലപിക്കുന്നു എന്നും പറഞ്ഞിരുന്നു.