എയിംസ് കോഴിക്കോട് സ്ഥാപിക്കണമെന്നാണ് കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചത്; വിവാദങ്ങളും തര്‍ക്കങ്ങളും കാരണം നഷ്ടമാകുന്ന സ്ഥിതിയുണ്ടാകരുത്: മന്ത്രി വീണ ജോര്‍ജ്

Wait 5 sec.

കൊച്ചി |  കോഴിക്കോട് ജില്ലയിലെ കിനാലൂരില്‍ എയിംസ് സ്ഥാപിക്കണമെന്ന നിര്‍ദേശമാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് നല്‍കിയിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്തിന്റെ ആവശ്യത്തോട് അനുഭാവപൂര്‍വം പരിഗണിക്കുമെന്ന ഉറപ്പാണ് ഏതാനും നാളുകള്‍ക്ക് മുമ്പ് കേന്ദ്ര ആരോഗ്യമന്ത്രിയില്‍ നിന്ന് ലഭിച്ചതെന്നും വീണാ ജോര്‍ജ് കൊച്ചിയില്‍ പറഞ്ഞു.വിവാദങ്ങളും തര്‍ക്കങ്ങളും കാരണം കേരളത്തിന് അവകാശപ്പെട്ട എയിംസ് നഷ്ടമാകുന്ന സാഹചര്യമുണ്ടാകരുത്. പദ്ധതി കേന്ദ്ര ധനവകുപ്പിന്റെ പരിഗണനയിലുണ്ടെന്നാണ് അവസാനം അറിയിച്ചത്. രാഷ്ട്രീയ തീരുമാനം മാത്രമാണ് ഇനി ഉണ്ടാകേണ്ടതെന്നും മന്ത്രി പറഞ്ഞു.അതേസമയം, ബിജെപിയിലെ തര്‍ക്കങ്ങള്‍ കേരളത്തിന് എയിംസ് നഷ്ടപ്പെടുത്തുന്നു എന്ന വിമര്‍ശനത്തോട് പ്രതികരിക്കാന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി തയ്യാറായില്ല.ഡല്‍ഹി എയിംസിന്റെ മാതൃകയില്‍ എയിംസ് സംസ്ഥാനത്ത് സ്ഥാപിക്കണമെന്നതിന്റെ തുടര്‍ച്ചയായി കോഴിക്കോട് കിനാലൂരില്‍ ഭൂമി ഏറ്റെടുക്കല്‍ അടക്കമുള്ള നടപടികളുമായി മുന്നോട്ടുപോയ ഘട്ടത്തിലാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആലപ്പുഴയില്‍ എയിംസ് സ്ഥാപിക്കണമെന്ന നിലപാടുമായി മുന്നോട്ട് വന്നത്. ഇതില്‍ ബിജെപിയില്‍ തന്നെ ഭിന്നാഭിപ്രായം ഉയര്‍ന്നിരുന്നു.