ലേ | ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് നിരാഹാര സമരം നയിച്ച പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിന് പാകിസ്താനുമായി ബന്ധമുണ്ടെന്ന് ആരോപണം. ലഡാക്ക് ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി) എസ്.ഡി. സിംഗ് ജംവാൾ ആണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. അയൽരാജ്യങ്ങളിലേക്കുള്ള വാങ്ചുക്കിന്റെ സന്ദർശനങ്ങളിലും ഡിജിപി സംശയം പ്രകടിപ്പിച്ചു.വാങ്ചുക്കുമായി ബന്ധമുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഒരു പാക് പൗരനെ അടുത്തിടെ അറസ്റ്റ് ചെയ്തതായി ഡിജിപി പറഞ്ഞു. പാക്കിസ്ഥാന് ഇയാൾ വിവരങ്ങൾ കൈമാറിയിരുന്നതിന്റെ രേഖകൾ പോലീസിന്റെ കൈവശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സോനം വാങ്ചുക്ക് പാകിസ്താനിലെ ഒരു പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. അദ്ദേഹം ബംഗ്ലാദേശും സന്ദർശിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിൽ അന്വേഷണം നടന്നുവരികയാണെന്നും ലഡാക്കിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.സെപ്റ്റംബർ 24-ന് ലേയിൽ നടന്ന അക്രമ സംഭവങ്ങൾക്ക് കാരണം വാങ്ചുക്കിന്റെ പ്രകോപനപരമായ പ്രസംഗങ്ങളാണ് എന്നും ഡിജിപി ആരോപിച്ചു.അതേസമയം, സംഘർഷഭരിതമായ ലേ ടൗണിൽ നാലാം ദിവസമായ ഇന്നും കർഫ്യൂ തുടരുകയാണ്. പോലീസും അർദ്ധസൈനിക വിഭാഗവും പട്രോളിംഗും പരിശോധനകളും ശക്തമാക്കി. സംഘർഷങ്ങളെത്തുടർന്ന് 50-ൽ അധികം ആളുകളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാർഗിൽ ഉൾപ്പെടെയുള്ള യൂണിയൻ ടെറിട്ടറിയിലെ മറ്റ് പ്രധാന പട്ടണങ്ങളിലും അഞ്ചോ അതിലധികമോ ആളുകൾ ഒത്തുചേരുന്നത് നിരോധിച്ചുകൊണ്ടുള്ള നിയന്ത്രണങ്ങൾ ഇപ്പോഴും തുടരുകയാണ്.ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം അക്രമാസക്തമായതിനെ തുടർന്ന് ബുധനാഴ്ചയാണ് ലേയിൽ സംഘർഷമുണ്ടായത്. ഏകദേശം 5,000–6,000 പ്രതിഷേധക്കാർ തെരുവിലിറങ്ങി കല്ലേറും തീവെപ്പും നടത്തി. സംഘർഷത്തിനിടെ സർക്കാർ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ഭരണകക്ഷിയായ ബി ജെ പിയുടെ ഓഫീസ് പ്രതിഷേധക്കാർ ആക്രമിച്ചു. നിരവധി വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചു.പ്രതിഷേധം അക്രമാസക്തമായതോടെ സുരക്ഷാ സേന കണ്ണീർ വാതകവും ലാത്തിച്ചാർജും നടത്തി. ചിലയിടങ്ങളിൽ വെടിയുതിർത്തതായും റിപ്പോർട്ടുണ്ട്. സംഘർഷത്തിൽ 17 സി ആർ പി എഫ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. കൂടാതെ, 70-ൽ അധികം സാധാരണക്കാർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. സംസ്ഥാന പദവി, ഭരണഘടനാപരമായ സംരക്ഷണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ലഡാക്കിൽ പ്രതിഷേധങ്ങൾ നടക്കുന്നത്.