ഐ.എച്ച്.ആർ.ഡിയും എൻ.ഐ.ഇ.എൽ.ഐ.ടിയും ധാരണാപത്രത്തിൽ ഒപ്പുവച്ചു

Wait 5 sec.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെന്റ് (IHRD) യും കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഐ.ടി മന്ത്രാലയത്തിന്റെ കീഴിലുള്ള പരിശീലന-ഗവേഷണ കേന്ദ്രമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജിയും (NIELIT) തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചു.ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിന്റെ സാന്നിദ്ധ്യത്തിൽ, IHRD ഡയറക്ടർ ഡോ: വി. എ. അരുൺ കുമാറും NIELIT കോഴിക്കോട് ഡയറക്ടർ ഡോ. പ്രതാപ് കുമാർ എസും ഒപ്പിട്ട ധാരണാ പത്രം കൈമാറി.ഈ ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ, IHRDയും NIELITയും ചേർന്ന് കേരളത്തിലെ  വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആധുനിക സാങ്കേതികവിദ്യകളിൽ വിദ്യാഭ്യാസം, പരിശീലനം, ഗവേഷണ അവസരങ്ങൾ എന്നിവ നൽകാൻ സംയുക്ത പദ്ധതികൾ നടപ്പാക്കും. ഇലക്ട്രിക് വാഹന സാങ്കേതികവിദ്യ, ഇന്റർനെറ്റ് ഓഫ് തിംഗ്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിൽ വിദ്യാർത്ഥികൾക്ക്  പ്രായോഗിക പരിശീലനം, പ്രോഡക്റ്റ് ഡെവലപ്‌മെന്റ്, പ്രോജക്റ്റുകൾ തുടങ്ങിയ മേഖലകളിലാണ് സഹകരണം കേന്ദ്രീകരിക്കുന്നത്. വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ്, ജോബ് ട്രെയിനിംഗ് തുടങ്ങിയ അവസരങ്ങൾ ഒരുക്കുന്നതോടൊപ്പം, വ്യവസായബന്ധിത സെമിനാറുകൾ, പ്ലേസ്‌മെന്റ് പരിപാടികൾ എന്നിവയും സംഘടിപ്പിക്കും.ഈ ധാരണാപത്രം നവീന സാങ്കേതികവിദ്യയിലേക്കുള്ള പ്രവേശനത്തിന് കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംയുക്തമായി സജ്ജമാക്കുന്നതിനും, കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ മേഖലയെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കുന്നതിനും ഗുണകരമാകട്ടെയെന്നു മന്ത്രി ഡോ. ആർ ബിന്ദു ആശംസിച്ചു.