ലഡാക്ക്: സമാധാന പുനസ്ഥാപന ചര്‍ച്ചകള്‍ക്ക് വാതില്‍ എപ്പോഴും തുറന്നിട്ടിരിക്കുന്നുവെന്ന് കേന്ദ്രം

Wait 5 sec.

ന്യൂഡല്‍ഹി | സംഘര്‍ഷബാധിതമായ ലഡാക്കില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് വാതില്‍ എപ്പോഴും തുറന്നിട്ടിരിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍. ലഡാക്കില്‍ പൂര്‍വ സാഹചര്യം പുനസ്ഥാപിക്കാതെ ചര്‍ച്ചക്കില്ലെന്ന് ലേ അപക്‌സ് ബോഡി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവന.പ്രതിഷേധക്കാര്‍ ദേശവിരുദ്ധരാണെന്ന പരാമര്‍ശം പിന്‍വലിക്കണമെന്നാണ് അപക്സ് ബോഡിയുടെ ആവശ്യം. തുടര്‍ന്ന് ചര്‍ച്ച ഒക്ടോബര്‍ ആറാം തീയതിയിലേക്ക് മാറ്റി. അതേസമയം, ഇതുവരെ നടന്ന ഇടപെടലുകള്‍ തൃപ്തികരമാണെന്നാണ് ആഭ്യന്തര മന്ത്രാലയം കുറിപ്പിലൂടെ വ്യക്തമാക്കിയത്. ചര്‍ച്ചയില്‍ നിന്നും പിന്മാറിയ രണ്ട് സംഘടനകളെയും സ്വാഗതം ചെയ്യുന്നതായും കുറിപ്പില്‍ പറയുന്നു.കേന്ദ്രം സ്വീകരിച്ച നടപടികളിലൂടെ ലഡാക്കില്‍ ഭയം നിലനില്‍ക്കുകയാണെന്നും സാധാരണ ജീവിതം ഉറപ്പ് നല്‍കാതെ ചര്‍ച്ചക്കില്ലെന്നുമാണ് ലേ അപക്‌സ് ബോഡിയുടെ നിലപാട്. നാലുപേര്‍ മരിച്ചിട്ടും ചര്‍ച്ചക്ക് തയ്യാറായ സംഘടനകള്‍ക്കെതിരെ പ്രാദേശിക വികാരം ശക്തമായിരുന്നു. ചര്‍ച്ചക്ക് തയ്യാറായ മറ്റൊരു സംഘടനയായ കാര്‍ഗില്‍ ഡമോക്രാറ്റിക്ക് അലയന്‍സ് നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇതോടെ ചര്‍ച്ചകള്‍ വഴിമുട്ടിയി നിലയിലാണ്. സോനം വാങ്ചുക്കിന്റെ അറസ്റ്റ് അന്യായമാണെന്നും അദ്ദേഹത്തെ ജയിലില്‍ നിന്ന് ഉടന്‍ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ലഡാക്കിലെ വിദ്യാര്‍ഥി സംഘടനകളും ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നല്‍കി. വാങ്ചുക്കിന്റെ അറസ്റ്റിലും പ്രതിഷേധം കടുപ്പിക്കാനാണ് സംഘടനകളുടെ തീരുമാനം.