വാഷിംഗ്ടൺ | ഗസ്സ സമാധാന പദ്ധതി സംബന്ധിച്ച് താൻ ഹമാസുമായി നേരിട്ട് ചർച്ചകൾ നടത്തിയിട്ടില്ലെന്നും, അറബ്, മുസ്ലീം രാജ്യങ്ങൾ ഹമാസുമായി ഇടപെടൽ നടത്തുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹംൿഅറബ്, മുസ്ലീം രാജ്യങ്ങൾ ഗസ്സയെ വേഗത്തിൽ സൈനികരഹിതമാക്കാൻ പ്രതിജ്ഞാബദ്ധരാണ്. അവർക്ക് ഹമാസുമായി ഇടപഴകാൻ സാധിക്കുന്നില്ലെങ്കിൽ, ഹമാസ് ഭീഷണിയെ പൂർണ്ണമായും ഇല്ലാതാക്കുക എന്ന ജോലി പൂർത്തിയാക്കാൻ ഇസ്റാഈലിന് അമേരിക്കയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും ട്രംപ് വ്യക്തമാക്കി.ഗസ്സയിലെ സമാധാന പദ്ധതിക്ക് ഹമാസ് മാത്രമാണ് ഇനി അംഗീകാരം നൽകേണ്ടതെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു. പദ്ധതിയുടെ ഭാഗമായി പ്രാദേശിക പോലീസ് സേനകൾക്ക് പരിശീലനം നൽകുകയും, ഇസ്റാഈൽ പ്രതിരോധ സേന (IDF) ഘട്ടം ഘട്ടമായി ഗസ്സയിൽ നിന്ന് പിന്മാറുകയും ചെയ്യുമെന്നും ട്രപ് പറഞ്ഞു. ഈ കരാർ പ്രകാരം ഹമാസിന്റെ തുരങ്കങ്ങളും ഉത്പാദന കേന്ദ്രങ്ങളും നശിപ്പിക്കപ്പെടുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറാക്കിയ 20 ഇന പദ്ധതിയുടെ വിശദാംശങ്ങൾ വാർത്താസമ്മേളനത്തിന് തൊട്ടുമുമ്പ് വൈറ്റ്‌ഹൗസ് പുറത്തുവിട്ടിരുന്നു. ഗസ്സയെ അയൽ രാജ്യങ്ങൾക്ക് ഭീഷണിയുയർത്താത്ത, തീവ്രവാദമുക്തമായ ഒരു മേഖലയായി മാറ്റുക എന്നതാണ് ട്രംപിന്റെ പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറയുന്നു. മതിയായതിലും അധികം ദുരിതമനുഭവിച്ച ഗസ്സയിലെ ജനങ്ങളുടെ പ്രയോജനത്തിനായി ഗസ്സയെ പുനർവികസിപ്പിക്കുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.